വിളയൂർ-ചുണ്ടമ്പറ്റ റോഡിൽ വെള്ളക്കെട്ട്; യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതം
ചുണ്ടമ്പറ്റ ∙ വിളയൂർ – ചുണ്ടമ്പറ്റ റോഡിൽ നിമ്മിനിക്കുളം പള്ളിക്കു മുന്നിലെ വെള്ളക്കെട്ട് യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതമാകുന്നു. നിമ്മിനിക്കുളം ഭാഗത്തെ മുസ്ലിം പള്ളിക്കു സമീപമാണ് മഴ പെയ്താൽ രൂക്ഷമായ വെള്ളക്കെട്ട്.
പട്ടാമ്പി – പുലാമന്തോൾ പാതയിൽ വിളയൂർ സെന്ററിൽ നിന്ന് നിമ്മിനിക്കുളം വഴി ചുണ്ടമ്പറ്റയിലേക്ക് പോകുന്നതാണ് റോഡ്.മഴ മാറിയാലും വെള്ളക്കെട്ട് ദിവസങ്ങളോളം തുടരും. റോഡിലൂടെ പരന്നൊഴുകുന്ന മലിനജലത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ കാൽനട
യാത്രക്കാരുടെ ദേഹത്തേക്കും പരിസരത്തെ വീടുകളിലേക്കും ചെളി തെറിക്കുകയാണ്. രൂക്ഷമായ വെളളക്കെട്ട് കാരണം റോഡ് തകർച്ചാ ഭീഷണിയിലാണ്.പാതയിൽ പല ഭാഗങ്ങളിലും റോഡ് തകർന്നു കുഴികളുണ്ട്.
റോഡിലൂടെ പരന്നൊഴുകുന്ന ചെളിവെള്ളം സമീപത്തെ പഞ്ചായത്തുകുളത്തിലേക്കാണ് പോകുന്നത്. കാർഷിക ആവശ്യങ്ങൾക്കാണ് പഞ്ചായത്തുകുളം ഉപയോഗിക്കുന്നതെങ്കിലും പള്ളിയിലേക്ക് പ്രാർഥനയ്ക്ക് എത്തുന്നവർ അംഗസ്നാനത്തിനും മറ്റും കുളം ഉപയോഗിക്കാറുണ്ട്.
എന്നാൽ മലിനജലം വീഴാൻ തുടങ്ങിയതിൽ പിന്നീട് ആരും കുളത്തിൽ ഇറങ്ങാറില്ല. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പിജിഎസ്വൈ) പദ്ധതിയിൽ വിളയൂർ – ചുണ്ടമ്പറ്റ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി പാതയിൽ കാനകൾ, കലുങ്കുകൾ, ഓവുപാലങ്ങൾ എന്നിവയുടെ പണി നടന്നു വരുന്നുണ്ട്.
എന്നാൽ നിമ്മിനിക്കുളം ഭാഗത്ത് പള്ളിക്ക് മുന്നിൽ പണിയുന്ന ഓവുപാലം പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. ഓവുപാലത്തിന്റെ നിർമാണത്തിനായി റോഡ് പൊളിച്ചിട്ടെങ്കിലും പാലം പണി പൂർത്തിയായിട്ടില്ല.
റോഡിന്റെ ഒരു ഭാഗത്ത് പണി കഴിഞ്ഞെങ്കിലും മറുവശം പൊളിച്ചിട്ട നിലയിലാണ്.
ഇതാണ് മഴവെളളവും മലിജനജലവും റോഡിൽ തന്നെ കെട്ടിനിൽക്കാൻ കാരണം.ജലഅതോറിറ്റിയുടെ പൈപ്പുകൾ മാറ്റിക്കൊടുക്കാത്തതാണ് പാലം പണി പൂർത്തിയാക്കാതെ പാതി വഴിയിൽ പണി ഉപേക്ഷിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. നിമ്മിനിക്കുളം ഭാഗത്തെ വെള്ളക്കെട്ടിനു പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി നീളുകയാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

