ചെർപ്പുളശ്ശേരി ∙ തൂതപ്പാലത്തിനു സമാന്തരമായി ആറു തൂണുകളുടെ നിർമാണം പൂർത്തിയായ പുതിയ പാലത്തിൽ 18 ഗർഡറുകൾ സ്ഥാപിച്ചു. തൂതപ്പുഴയുടെ ഇരുഭാഗത്തും പാലം ബന്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള കോൺക്രീറ്റ് പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തൂതപ്പുഴയ്ക്കു കുറുകെ 10 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലുമുള്ള പുതിയ പാലത്തിന്റെ തൂണുകളിൽ ഗർഡറുകളെല്ലാം സ്ഥാപിച്ചുകഴിഞ്ഞതോടെ പാലം നിർമാണത്തിലെ പ്രധാന ഘട്ടം അവസാനിച്ചു.
മാസങ്ങൾക്കു മുൻപ് തയാറാക്കിയ ഗർഡറുകൾ വലിയ ക്രെയിൻ ഉപയോഗിച്ചാണ് തൂണുകളിൽ സ്ഥാപിച്ചത്.
പുഴയുടെ ഇരുവശത്തും റോഡുമായി പുതിയ പാലത്തെ ബന്ധിപ്പിക്കുന്നതിനുള്ള കോൺക്രീറ്റ് പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് കഴിയുന്നതോടെ പ്രധാന സ്ലാബ് പ്രവൃത്തികൾ തുടങ്ങും.
മഴക്കാലത്തിനു മുൻപ് പാലം പണി പൂർത്തീകരിച്ച് നാടിനു സമർപ്പിക്കുകയാണു ലക്ഷ്യം.
മുണ്ടൂർ–തൂത റോഡിനെ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു പഴയ തൂതപ്പാലത്തിനു സമാന്തരമായി പുതിയ പാലവും നിർമിക്കുന്നത്. പുഴയിലെ വെള്ളം മുഴുവൻ തടഞ്ഞുനിർത്തി ഓവുചാലിലൂടെ മാത്രമാണ് വെള്ളം കടത്തിവിടുന്നത്. 90 വർഷത്തിലേറെ പഴക്കമുള്ള വീതി തീരെ കുറഞ്ഞ തൂതപ്പാലത്തിനു സമാന്തരമായി വീതി കൂടിയ പാലം വേണമെന്നത് ഏറെ കാലങ്ങളായി യാത്രക്കാരുടെയും നാടിന്റെയും ആവശ്യമായിരുന്നു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്നു 364 കോടി രൂപ ചെലവിട്ടുള്ള മുണ്ടൂർ–തൂത നാലുവരിപ്പാതയുടെ നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് മലപ്പുറം–പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമിക്കുന്നത്.
നാലുവരിപ്പാതയും പുതിയ പാലവും യാഥാർഥ്യമാകുന്നതോടെ പാലക്കാട് നിന്നു മറ്റു റൂട്ടുകളെ അപേക്ഷിച്ച് ചെർപ്പുളശ്ശേരി, തൂത, പെരിന്തൽമണ്ണ വഴി കോഴിക്കോട്ടേക്ക് 10 കിലോമീറ്റർ ദൂരക്കുറവിൽ എളുപ്പത്തിൽ എത്താൻ കഴിയും. പാലത്തിലെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയാലുടൻ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളും വേഗത്തിൽ തുടങ്ങാനാണു ലക്ഷ്യം. നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി പഴയ പാലത്തിലൂടെയും ഗതാഗതം തുടരുമെന്ന് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

