
വാണിയംകുളം ∙ ജലജീവൻ മിഷന് പൈപ്പ് ഇടാൻ വേണ്ടി പൊളിച്ചിട്ട റോഡ് നവീകരിക്കാത്തതിനാൽ മഴ പെയ്തതോടെ നാട്ടുകാർ ദുരിതത്തിലായി.
വാണിയംകുളം അക്ഷര നഗർ റോഡും, മാനു മുസല്യാർ കോംപ്ലക്സ് റോഡുമാണ് വർഷങ്ങൾക്ക് മുൻപ് ജലജീവൻ മിഷനു പൈപ്പ് സ്ഥാപിക്കാൻ വേണ്ടി പൊളിച്ചത്. അക്ഷര നഗർ റോഡിന്റെ ഒന്നര കിലോമീറ്ററോളം ദൂരം ഒരു വർഷം മുൻപാണ് പൊളിച്ചത്.
മാനു മുസല്യാർ ഇസ്ലാമിക് കോംപ്ലക്സ് റോഡിന്റെ ഒന്നര കിലോമീറ്റർ ദൂരം പൊളിച്ചിട്ട് 3 വർഷം പിന്നിടുന്നു.
മഴയത്ത് റോഡ് ചെളിക്കുളമായതോടെ നാട്ടുകാരും ദുരിതത്തിലായി. അക്ഷര നഗർ കോളനിയിലെ നൂറിലധികം കുടുംബങ്ങൾക്കും, മാനു മുസല്യാർ കോംപ്ലക്സ് പ്രദേശത്തെ 150 ൽ അധികം കുടുംബങ്ങൾക്കും വാണിയംകുളം ടൗണിൽ എത്താനുള്ള പ്രധാന പാതയാണിത്.
ഓട്ടോ, ടാക്സി എന്നിവ വിളിക്കുമ്പോൾ റോഡ് തകർച്ചയെ തുടർന്ന് വാഹനങ്ങൾ കൊണ്ടുവരാൻ ആരും തയാറാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
സ്കൂൾ വിദ്യാർഥികളും, വയോധികരും ഉൾപ്പെടെയുള്ള നിരവധി ആളുകൾ ബുദ്ധിമുട്ടിയാണ് ദിവസവും വാണിയംകുളം ടൗണിലേക്ക് എത്തുന്നത്. റോഡിന്റെ ഒരു ഭാഗം പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്ത് താഴ്ച ആയതിനാൽ ഓട്ടോ, കാർ പോലുള്ള വാഹനങ്ങളുടെ ചക്രങ്ങൾ താഴ്ന്ന് പോകാറുണ്ട്.
റോഡ് നവീകരണം ആവശ്യപ്പെട്ട് പല തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇരു റോഡുകളും എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]