എന്നും സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളിലും പ്രശ്നങ്ങളിലും ലാഭനഷ്ടം നോക്കാതെ ഇടപെടുകയും പ്രതികരിക്കുകയും നടപടിയെടുക്കുകയും ചെയ്ത നേതാവായിരുന്നു വിഎസ്. അതുകൊണ്ടാണ് അദ്ദേഹം ജനമനസ്സിൽ പ്രതിഷ്ഠ നേടിയതും. രാഷ്ടീയനേതാവ് എന്നതിലുപരി ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു എനിക്ക് വി.എസ്.അച്യുതാനന്ദൻ.
ലോകം ശ്രദ്ധിച്ച പ്ലാച്ചിമട സമരത്തിലും കർഷകരുടെയും കർഷത്തൊഴിലാളികളുടെയും പ്രശ്നങ്ങളിലും ചിറ്റൂരിന്റെ കിഴക്കൻ മേഖലയിൽ നിലനിന്നിരുന്ന അയിത്തത്തിനെതിരെയും വിഎസ് സ്വീകരിച്ച ശക്തമായ നിലപാടും നടത്തിയ ഇടപെടലും ചരിത്രമാണ്.
രാഷ്ട്രീയത്തിലും ഭരണത്തിലും ഒരു തീരുമാനം എടുക്കുമ്പോൾ അതു സാധാരണക്കാരെ, പ്രത്യേകിച്ച് ദരിദ്രരെ എങ്ങനെ ബാധിക്കും എന്നാണ് അദ്ദേഹം ആദ്യം അന്വേഷിക്കുക. നാലര പതിറ്റാണ്ടു കാലത്തെ ബന്ധമാണ് എനിക്ക് വി.എസുമായുള്ളത്.
അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പലപ്പോഴും കന്റോൺമെന്റ് ഹൗസിലേക്കു ക്ഷണിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളോടൊപ്പം അവിടെയെത്തിയാൽ ഭക്ഷണത്തിനു നിർബന്ധിക്കും.
അദ്ദേഹത്തോടൊപ്പം കഞ്ഞി കുടിക്കും. വാക്കുകളിലെ എളിമ ജീവിതത്തിലും കൊണ്ടുനടന്ന വ്യക്തിത്വമാണു വിട്ടുപിരിഞ്ഞത്.
പ്ലാച്ചിമടയിലെ ഇടപെടൽ
പ്ലാച്ചിമട
വിഷയത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ വഴിത്തിരിവായി. 2004 ജനുവരിയിലാണ് അദ്ദേഹം പ്ലാച്ചിമട
സമരപ്പന്തലിലെത്തിയത്. തുടക്കത്തിൽ പദ്ധതിയെ അനുകൂലിച്ച എന്നെ അടക്കമുള്ളവരെ കമ്പനിക്കെതിരെ മുൻനിരയിലേക്കു കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ സ്വാധീനം വലുതായിരുന്നു.
കമ്പനിക്കെതിരെ പെരുമാട്ടി പഞ്ചായത്ത് സുപ്രീം കോടതി വരെ കേസ് നടത്തിയതും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ്. പോരാടി വിജയം നേടാനാണു പറഞ്ഞത്.
പല സമരത്തിലും അദ്ദേഹമെത്തി. താഴ്ന്ന സമുദായത്തിൽപെട്ടവർക്കു കിണറുകളിൽ നിന്നു ശുദ്ധജലമെടുക്കാൻപോലും പോലും വിലക്കുണ്ടായിരുന്ന അതിർത്തിയിലെ അയിത്തത്തിനെതിരെ അദ്ദേഹം രംഗത്തിറങ്ങിയപ്പോൾ അതു ജനകീയപ്രക്ഷോഭമായി. 3 വർഷം മുൻപാണ് അദ്ദേഹവുമായി ഒടുവിൽ സംസാരിച്ചത്.
ജലപദ്ധതികളിലെ ഇടപെടൽ
പറമ്പിക്കുളം – ആളിയാർ, മുല്ലപ്പെരിയാർ വിഷയങ്ങൾ വിഎസിന്റെ ഇടപെടലോടെയാണു ജനം ഏറ്റെടുത്തത്.
ആളിയാർ പദ്ധതിയിൽ കേരളത്തിനുള്ള ജലവിഹിതം തമിഴ്നാട് കൊണ്ടുപോകുന്നതു പല രാഷ്ട്രീയകക്ഷി നേതാക്കളുടെയും മുന്നിൽ അവതരിപ്പിച്ചെങ്കിലും ആശ്വാസകരമായ മറുപടിയല്ല മിക്കപ്പോഴും ലഭിച്ചത്. കരാറിന്റെ ഭാഗമായ വൈദ്യുതി നിലയത്തിലെ ഉൾപ്പെടെ കണക്കുകൾ ശേഖരിച്ചപ്പോൾ കേരളത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ നടത്തുന്ന വൻ അനാസ്ഥയും അഴിമതിയും ബോധ്യമായി.
വിഎസിനു കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെട്ടതോടെ പ്രശ്നത്തിൽ ഇടപെട്ടു. സംസ്ഥാനാന്തര നദീജല കരാറുകളെക്കുറിച്ചു പഠിക്കാൻ എന്നോടു നിർദേശിച്ചു.
നദീജല കരാറുകളെക്കുറിച്ചു നിയമസഭയിൽ സംസാരിക്കാനും വിഎസ് എന്നോടു നിർദേശിച്ചു.
വിഷയത്തിൽ 1993 മാർച്ച് 31നു നിയമസഭയിൽ ഞാൻ അവതരിപ്പിച്ച പ്രമേയത്തിന്റെ ഭാഗമായി വിഎസ് വച്ച നിർദേശത്തെ വകുപ്പുമന്ത്രി ടി.എം.ജേക്കബ് പൂർണമായി പിന്തുണച്ചു. പ്രമേയത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് മന്ത്രി ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു.
മുല്ലപ്പെരിയാർ വിവാദം കനത്തതോടെ വിഎസ് എന്നെയും കൂട്ടി 1997 ഫെബ്രുവരി 7നു സ്ഥലം സന്ദർശിച്ചു. തുടർന്നു പറമ്പിക്കുളം – ആളിയാർ സന്ദർശനത്തിനും തീരുമാനിച്ചു. കരാറിനു വിരുദ്ധമായി വൈദ്യുതി നിലയം നിർമിച്ച സ്ഥലത്തേക്ക് പോകണമെന്ന് വിഎസ് തീരുമാനിച്ചതോടെ പ്രദേശത്തെക്കുറിച്ച് അറിയുന്ന ഞാനാണു പ്രതിസന്ധിയിലായത്.
തമിഴ്നാട്ടിലുള്ള പദ്ധതിസ്ഥലത്ത് അവർ തടഞ്ഞാൽ എന്തു ചെയ്യുമെന്നു ചോദിച്ചെങ്കിലും വിഎസ് കുലുങ്ങിയില്ല.
അദ്ദേഹത്തിന്റെ വാഹനനിര സ്ഥലത്ത് എത്തിയതോടെ സെക്യൂരിറ്റിക്കാർ അമ്പരന്നു. കേരളത്തിലെ ‘പെരിയ നേതാവാ’ണെന്നും ഞാൻ എംഎൽഎ ആണെന്നും പറഞ്ഞു ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടതോടെ അവർ എതിർപ്പു പറഞ്ഞില്ല.
വിഎസിനെയും എന്നെയും അകത്തു കടത്താമെന്നും മാധ്യമപ്രവർത്തകരെ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ ശക്തമായ നിലപാട് എടുത്തു. സംഘർഷാന്തരീക്ഷത്തിനിടയിൽ, ഒന്നും കൂസാതെ വിഎസ് മാധ്യമപ്രവർത്തകരെയും കൂട്ടി അകത്തു കയറിയപ്പോൾ ആർക്കും ഒന്നും ചെയ്യാനായില്ല.
കൃഷിയോടും താൽപര്യം
കൃഷിയും വിഎസിന് ഏറെ താൽപര്യമുള്ള മേഖലയായിരുന്നു.
പുതിയ വിളകളെപ്പറ്റിയും അതിലൂടെ കൃഷിക്കാർക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും അറിയാനും വലിയ ആവേശം കാണിച്ചു. നെൽകൃഷിയിൽ കൂടുതൽ വരുമാനം ഉറപ്പാക്കി, കൃഷിഭൂമി ഉപേക്ഷിച്ചവരെ അതിലേക്കു തിരികെ കൊണ്ടുവരാൻ എന്തു ചെയ്യാമെന്നും ആരാഞ്ഞിരുന്നു.
പാലക്കാട്ട് നടപ്പാക്കിയ ‘ഗാലസ’ പോലുള്ള പദ്ധതികൾ ഇതിന്റെ ഭാഗമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]