ഷൊർണൂർ ∙ ട്രെയിൻ യാത്രക്കാരിയുടെ മോഷണം പോയ സ്വർണം മറിച്ചു വിൽപന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വൈലത്തൂർ ചെറിയമുണ്ടം മച്ചിഞ്ചേരിയിൽ വീട്ടിൽ മുഹമ്മദ് ഷെഫീക്കാണ് (32) അറസ്റ്റിലായത്. ജൂലൈ 13ന് രാവിലെ കാസർകോട്ടു നിന്നു കൊല്ലത്തേക്കു മംഗള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പരവൂർ സ്വദേശിനി ഷീബയുടെ സ്വർണാഭരണങ്ങളും 20,000 രൂപ വില വരുന്ന മൊബൈൽ ഫോണുമാണു മോഷണം പോയത്. എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ ബാഗിൽ സൂക്ഷിച്ച മൊബൈൽ ഫോണും ഒന്നേകാൽ പവന്റെ സ്വർണ വളയും, അരപ്പവൻ തൂക്കം വരുന്ന 3 സ്വർണ മോതിരവും 2 പേർ ചേർന്നു മോഷ്ടിക്കുകയായിരുന്നു.
ട്രെയിൻ രാവിലെ 5.15ന് ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണു ബാഗ് നഷ്ടമായത് അറിയുന്നത്.
നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു റെയിൽവേ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ ആയിരുന്നില്ല. പിന്നീട് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 2 പേർ ചേർന്നു മോഷ്ടിച്ച സ്വർണവും മൊബൈൽ ഫോണും മറിച്ചു വിൽക്കാൻ കൈപ്പറ്റിയ പ്രതി തിരൂരിൽ നിന്ന് അറസ്റ്റിലായത്.
തിരൂരിൽ വിൽപന നടത്തിയ സ്ഥാപനത്തിൽ നിന്നു സ്വർണവും, പ്രതിയിൽ നിന്നു മൊബൈൽ ഫോണും കണ്ടെടുത്തു. ഇവരെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.എസ്ഐ അനിൽ മാത്യു, എഎസ്ഐ ഗോകുൽദാസ്, വൈ. മജീദ്, ടി.നിഷാദ് ആർപിഎഫ് സ്ക്വാഡ് അംഗങ്ങളായ ഷിജു, അജീഷ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണ സംഘം.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡിവൈഎസ്പി ഓഫിസിലെ പ്രിന്റർ അടിച്ചുതകർത്തു
ഇന്നലെ രാവിലെയാണ് അറസ്റ്റിലായ പ്രതിയെ വിരലടയാള പരിശോധനയ്ക്കു ഷൊർണൂർ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചത്. വിരലടയാളം വ്യക്തമാകാതെ വന്നതോടെ വീണ്ടും പരിശോധന നടത്തിയതോടെ പ്രതി പ്രകോപിതനാകുകയായിരുന്നു.
തുടർന്ന് സമീപത്തുള്ള പൊലീസുകാരെ തള്ളിമാറ്റി തൊട്ടു മുന്നിലുള്ള പ്രിന്റർ കൈകൊണ്ട് അടിച്ചു തകർത്തു. ഡിവൈഎസ്പി ഓഫിസിലെ പൊലീസുകാർ ഉൾപ്പെടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
പ്രതി അമിതമായി ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രിന്റർ തകർത്തതിനു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

