മുതലമട ∙ മൂച്ചംകുണ്ട് മൊണ്ടിപതിയിലെ മാലിന്യ സംസ്കരണ കമ്പനിക്കു പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലനിൽക്കെ കമ്പനിയിലേക്കു അറവുമാലിന്യവുമായി എത്തിയ ലോറി പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്നു തടഞ്ഞു.
പ്രതിഷേധം ശക്തമായതോടെ കമ്പനിക്കു പഞ്ചായത്ത് വീണ്ടും സ്റ്റോപ് മെമ്മോ നൽകുകയും തിങ്കളാഴ്ച 3 നു മുൻപായി കമ്പനിയിലുള്ള മാലിന്യം നീക്കി കമ്പനി അടച്ചു പൂട്ടാൻ നിർദേശം നൽകി.പറമ്പിക്കുളം കടുവാ സങ്കേതവുമായി ബന്ധപ്പെട്ടുള്ള വനമേഖലയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ബി.എൻ ബ്രദേഴ്സ് എന്ന കമ്പനിയുള്ള മാലിന്യ അവശിഷ്ടങ്ങളും അതിരൂക്ഷമായ ദുർഗന്ധവും മനുഷ്യർക്കും വന്യജീവികൾക്കും ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നു ചൂണ്ടിക്കാണിച്ചുള്ള നാട്ടുകാരുടെ പരാതി പഞ്ചായത്തിനു ലഭിച്ചതിനെ തുടർന്നു മതിയായ രേഖകളും ലൈസൻസും ഇല്ലാതെ കമ്പനി പ്രവർത്തിക്കരുതെന്ന് നോട്ടിസ് നൽകി.
ഇതിനു ശേഷവും പ്രവർത്തിക്കുന്നതായി പരാതി ഉയർന്നതോടെ 18നു സ്റ്റോപ് മെമ്മോ നൽകി. ഈ സ്റ്റോപ് മെമ്മോ നിലനിൽക്കെയാണു ഫാക്ടറിയിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെ സൂക്ഷിക്കുകയും വീണ്ടും അറവ് മാലിന്യങ്ങൾ ലോറിയിൽ എത്തിക്കുകയും ചെയ്തത്.
പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്നു ലോറി തടഞ്ഞതോടെ കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി. തുടർന്നു മതിയായ രേഖകളില്ലാതെ മാലിന്യം കയറ്റി കൊണ്ടു വന്നതിനു ലോറി ഡ്രൈവർക്കും ഉടമയ്ക്കുമെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.
എന്നാൽ സ്ഥാപനം അടച്ചു പൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ശക്തമായി ഉയർത്തി.
ഇതിനെ തുടർന്നു പഞ്ചായത്ത് അധ്യക്ഷ ജാസ്മിൻ ഷെയ്ക്ക്, ഉപാധ്യക്ഷൻ സി.വിനേഷ്, സെക്രട്ടറി എൻ.രാധ എന്നിവരുടെ നേതൃത്വത്തിൽ കമ്പനിയിൽ എത്തി രണ്ടാമതും സ്റ്റോപ് മെമ്മോ നൽകി. എന്നാൽ സ്ഥാപനം അടച്ചു പൂട്ടണമെന്ന നിലപാടിൽ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ഉറച്ചു നിന്നതോടെ കമ്പനിയിലുള്ള മാലിന്യങ്ങൾ അഴുകി കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ അവ നീക്കുന്നതിനു തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 3 വരെ സമയം അനുവദിക്കുകയായിരുന്നു.
ഈ സമയത്തിനുള്ളിൽ മാലിന്യങ്ങൾ പൂർണമായും നീക്കി സ്ഥാപനം അടച്ചു പൂട്ടണമെന്നാണു നിർദേശം.
അറവു മാലിന്യ സംസ്കരണ പ്ലാന്റ്:അനുമതി നൽകരുതെന്ന് ആവശ്യം
മുതലമട മൂച്ചംകുണ്ട് മൊണ്ടിപതിയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നു പുറത്തു വരുന്ന ദുർഗന്ധവും അവശിഷ്ടങ്ങളും ആരോഗ്യ പ്രശ്നം ഉയർത്തുമെന്ന ആശങ്കയിൽ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാണ്.
പറമ്പിക്കുളം കടുവാ സങ്കേതത്തിനു സമീപത്തായി ജനവാസ മേഖലയ്ക്ക് അടുത്ത് അറവു മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നതിന് അനുമതി നൽകരുതെന്നാണ് പ്രധാന ആവശ്യം. പഞ്ചായത്തിൽ നിന്നു കെട്ടിട
നിർമാണ അനുമതി മാത്രം നേടിയിട്ടുള്ള സ്ഥാപനമാണിത്. പ്ലാന്റ് നിർമാണ അനുമതി ലഭിക്കുന്നതിനായി ജില്ലാ കലക്ടർ അധ്യക്ഷയായ ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ മോണിറ്ററിങ് കമ്മിറ്റിക്കു (ഡിഎൽഎഫ്എംസി) നൽകിയിരിക്കുകയാണ്.
മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണു കമ്മിറ്റി. മതിയായ അനുമതികൾ ലഭിക്കാതിരിക്കെ തന്നെ മാലിന്യങ്ങൾ എത്തിക്കാനുള്ള നീക്കമാണു ജനകീയ പ്രതിഷേധം ശക്തമാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]