
പാലക്കാട് ∙ പന്താണെന്നു കരുതി കളിക്കാനെടുത്ത പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്കും അയൽവാസിയായ വയോധികയ്ക്കും പരുക്ക്. വടക്കന്തറ ദേവീനഗറിൽ എസ്.അനൂപിന്റെ മകൻ നാരായൺ (10), അയൽവാസി ഗോപാലകൃഷ്ണന്റെ ഭാര്യ ലീല (84) എന്നിവർക്കാണു പരുക്കേറ്റത്.
ഇരുവരുടെയും പരുക്കു സാരമുള്ളതല്ല. ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം ഇവരെ വീട്ടിലെത്തിച്ചു.
നാരായണനു കൈക്കും കാലിനും പരുക്കുണ്ട്. ലീലയ്ക്കു കാലിനാണു പരുക്ക്.
പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ ഉഗ്ര സ്ഫോടനശേഷിയുള്ള നാലു പന്നിപ്പടക്കങ്ങൾ കൂടി കണ്ടെത്തി.
ബോംബ് സ്ക്വാഡ് ഇവ നിർവീര്യമാക്കി. സ്ഫോടകമരുന്നും കുപ്പിച്ചില്ലുകളും നിറച്ചാണു പന്നിപ്പടക്കം ഉണ്ടാക്കിയിട്ടുള്ളത്.
ഇന്നലെ വൈകിട്ടു നാലരയോടെ വടക്കന്തറ വ്യാസ വിദ്യാപീഠം യുപി സ്കൂളിനു സമീപത്തായിരുന്നു സംഭവം.
സ്കൂൾ പരിസരത്തു നിന്നു കിട്ടിയ പന്നിപ്പടക്കം പന്താണെന്നു കരുതി നാരായണൻ കയ്യിലെടുത്തു. പിന്നീട് അയൽവാസികളായ നാലു കൂട്ടുകാരെ കൂട്ടി ലീലയുടെ വീടിനു മുറ്റത്തു കളിക്കാനാരംഭിച്ചു.
ലീല വീട്ടുമുറ്റത്ത് ഇരിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ കയ്യിലുള്ളതു പന്തല്ലെന്നു മനസ്സിലാക്കിയ ലീല അതു വലിച്ചെറിയാൻ ആവശ്യപ്പെട്ടു.
കുട്ടി ഇതു വലിച്ചെറിഞ്ഞപ്പോൾ വീടിന്റെ ഭിത്തിയിൽ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പന്നിപ്പടക്കത്തിനകത്തുണ്ടായിരുന്ന കുപ്പിച്ചില്ലുകൾ തറച്ചു കയറിയാണു രണ്ടു പേർക്കും പരുക്കേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും സമീപത്തെ വ്യാപാരികളുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നോർത്ത് ഇൻസ്പെക്ടർ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി വൈകിയും പൊലീസ് വടക്കന്തറ ഭാഗത്തു വ്യാപക തിരച്ചിൽ നടത്തി. പ്രദേശത്തു പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
സംഭവത്തെക്കുറിച്ച് ലീല
‘അയൽവാസികളായ 5 കുട്ടികൾ എന്റെ വീട്ടുമുറ്റത്തു കളിക്കുന്നുണ്ടായിരുന്നു.
നാരായണന്റെ കയ്യിൽ എന്തോ സാധനം കണ്ടപ്പോൾ എന്താണെന്നു ചോദിച്ചു. പന്താണെന്നായിരുന്നു മറുപടി.
പന്തല്ലെന്നു മനസ്സിലാക്കിയ ഞാൻ അതു വലിച്ചെറിയാൻ പറഞ്ഞു. കുട്ടി അതു വലിച്ചെറിഞ്ഞപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു, പുകയുമുണ്ടായി. ചെറിയ കുപ്പിച്ചില്ലുകൾ തെറിച്ച് എന്റെ കാലിൽ തുളച്ചു കയറി.
കുട്ടികളും നിലവിളിച്ചു. നാരായണന്റെ കയ്യിൽ നിന്നും കാലിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. നാട്ടുകാരെത്തിയാണു ഞങ്ങളെ ആശുപത്രിയിലെത്തിച്ചത്.
അന്വേഷണം വേണം: ഡിവൈഎഫ്ഐ
ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂൾ പരിസരത്തു നടന്ന സ്ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നു ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ, സെക്രട്ടറി കെ.സി.റിയാസുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തെ പൊലീസ് ചെറുക്കണമെന്നും ആവശ്യപ്പെട്ടു.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതായി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വി.വി.അഭിഷേക് പറഞ്ഞു.
ഗൂഢാലോചന അന്വേഷിക്കണം: ബിജെപി
വടക്കന്തറയിൽ സ്ഫോടനം നടന്നതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു. ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂളിനു മുന്നിൽ പടക്കം കൊണ്ടിട്ടതാരാണെന്നു കണ്ടെത്തണം.
നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢശക്തികളുടെ ശ്രമമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]