
കൊല്ലങ്കോട് ∙ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികയിൽ മാർക്കിൽ ഒന്നാമനും റാങ്കിൽ രണ്ടാമനുമായ കൊല്ലങ്കോട് സ്വദേശി കെ.വിഷ്ണുവിന്റെ വിജയം തളരാത്ത മനസ്സിന്റെ കരുത്തിൽ. ബൈക്കിൽ നിന്ന് വീണുണ്ടായ അപകടത്തിൽ അരയ്ക്കു കീഴെ തളർന്നിട്ടും ജോലി നേടണമെന്ന ദൃഢനിശ്ചയത്തോടെ പഠിച്ചു നേടിയ വിജയമാണത്.
619 പേർ ഉൾപ്പെടുന്ന ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികയിൽ 89.33 മാർക്ക് നേടിയാണു നെന്മേനി വലിയ വീട്ടിൽ കൃഷ്ണന്റെയും വസന്തയുടെയും മകൻ കെ.വിഷ്ണു രണ്ടാം റാങ്ക് നേടിയത്. ഒന്നാം റാങ്ക് ഗ്രേസ് മാർക്കുള്ള മറ്റൊരു ഉദ്യോഗാർഥിക്കാണ്.
പ്ലസ്ടു പഠനം പൂർത്തിയാക്കിയതിനു ശേഷം ആഗ്രഹിച്ചത് പട്ടാളക്കാരനാകാൻ.
പക്ഷേ, 2020 ഫെബ്രുവരി 12നു പുലർച്ചെ കിണാശ്ശേരിയിൽ വച്ചു ബൈക്കിൽ നിന്നു വീണുണ്ടായ അപകടത്തിൽ നട്ടെല്ലിനു ക്ഷതം സംഭവിക്കുകയും അരയ്ക്കു താഴെ തളരുകയും ചെയ്തതോടെ പട്ടാളക്കാരനെന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. കരസേനയിലേക്കുള്ള എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും വൈദ്യപരിശോധനയുമെല്ലാം വിജയിച്ചതിനു ശേഷം സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുക്കുന്നതിനായി കരസേനയുടെ കോഴിക്കോട്ടെ ബ്രാഞ്ച് റിക്രൂട്മെന്റ് ഓഫിസിലേക്കു പോകാൻ ട്രെയിനിൽ കയറാൻ ഒലവക്കോട്ടേക്കു ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
രണ്ടുവർഷത്തോളം നീണ്ട
ചികിത്സയും ആശുപത്രി വാസവുമെല്ലാം പൂർത്തിയാക്കി വീട്ടിലെത്തിയ ശേഷം 2023 ആദ്യം മുതലാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് ജോലി ലക്ഷ്യമാക്കി പഠനം തുടങ്ങിയതെന്നു വിഷ്ണു പറഞ്ഞു. തുടർന്നു നടത്തിയ ചിട്ടയായ പഠനം ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ മാർക്കിൽ ഒന്നാമനാകാൻ വഴിതെളിയിച്ചു. മുച്ചക്ര സ്കൂട്ടറിൽ പോയി വരാവുന്ന ദൂരത്തിൽ എവിടെയെങ്കിലും നിയമനം കിട്ടിയാൽ തനിക്കു ഗുണകരമാകുമെന്ന പ്രതീക്ഷയിലാണു വിഷ്ണു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]