
പാലക്കാട് ∙ കന്യാകുമാരി– ബെംഗളൂരു ഐലൻഡ് എക്സ്പ്രസിലെ എസി കോച്ചിൽ നിന്നു ദമ്പതികളുടെ ബാഗുകൾ മോഷ്ടിച്ച് 18 പവൻ സ്വർണാഭരണം കവർന്നയാളെ തിരിട്ടുഗ്രാമത്തിൽ നിന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പിള്ളി രാംജി നഗർ സ്വദേശി ഹരിഹരൻ ചന്ദ്രശേഖരനെയാണ് (30 ട്രിച്ചി ഹരിഹരൻ) റെയിൽവേ സംരക്ഷണ സേന–റെയിൽവേ പൊലീസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മോഷ്ടിച്ചതിൽ പകുതിയോളം ആഭരണങ്ങൾ ഇയാളിൽ നിന്നു കണ്ടെടുത്തു.
ആലുവ, തിരുവല്ല സ്വദേശികളും ബെംഗളൂരുവിൽ താമസക്കാരുമായ മുതിർന്ന ദമ്പതികളുടെ ബാഗുകളാണ് കഴിഞ്ഞ 14നു പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പ്രതി മോഷ്ടിച്ചത്.
ബെംഗളൂരുവിലേക്കുള്ള ട്രെയിൻ ഒലവക്കോട് സ്റ്റേഷനിൽ നിർത്തിയ ഉടനെയായിരുന്നു മോഷണം. ട്രെയിൻ പുറപ്പെട്ടപ്പോൾ മോഷ്ടാവ് ചാടി രക്ഷപ്പെടുകയും ചെയ്തു. രാത്രി കിടക്കുന്നതിനു മുൻപാണ് സ്വർണാഭരണങ്ങൾ ബാഗിൽ അഴിച്ചുവച്ചത്.
ബാഗുകൾ മോഷ്ടിച്ച പ്രതി ആഭരണങ്ങൾ എടുത്തശേഷം ബാഗ് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന കണ്ണൂർ– യശ്വന്ത്പുര ട്രെയിനിൽ ഉപേക്ഷിച്ചു. ദമ്പതികളുടെ മൊബൈലും ഇതിലുണ്ടായിരുന്നു.
അന്വേഷണം വഴിതെറ്റിക്കാനാണ് ഇങ്ങനെ ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മോഷണ ശേഷം പ്രതി ബസിൽ സേലത്തെത്തി അവിടെ നിന്ന് തിരുച്ചിറപ്പള്ളി രാംജി നഗർ കോളനിയിലെത്തി ഒളിച്ചു. പരാതി ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു മോഷ്ടാവിലേക്കെത്തിയത്. ഇയാളുടെ മുൻകാല കേസിൽ നിന്ന് വിലാസവും ലഭിച്ചു. തുടർന്നു തിരിട്ടുഗ്രാമത്തിലെത്തിയ ആർപിഎഫ്, റെയിൽവേ പൊലീസ് ടീം 4 ദിവസത്തെ രഹസ്യ നീക്കത്തിനു ശേഷമാണു പ്രതിയെ വലയിലാക്കിയത്.
ഇയാളെക്കൂടാതെ കൂടുതൽ പേർ മോഷണ സംഘത്തിൽ ഉണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.
ആർപിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ.ജിബിൻ, പാലക്കാട് ആർപിഎഫ് ഇൻസ്പെക്ടർമാരായ മിലൻ ബിഗോള, സി.ഗിരീഷ്, പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജെ.പ്രവീൺ, ക്രൈം ഇന്റലിജൻസ് സബ് ഇൻസ്പെക്ടർമാരായ എ.പി.ദീപക്, അജിത് അശോക്, ഫിലിപ്സ് ജോൺ, ഹെഡ് കോൺസ്റ്റബിൾമാരായ അജീഷ്, ബൈജു, വിജീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ വലയിലാക്കിയത്. ആർപിഎഫിന്റെയും റെയിൽവേ പൊലീസിന്റെയും മുതിർന്ന ഓഫിസർമാരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]