ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ മാസം 13-ാം തീയതി രാവിലെ പതിനൊന്നുമണിയോടെയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.
സഹോദരിയെ പിതാവ് ശാസിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ മകൻ സുനിൽ (35), മുത്തുവിനെ കൈക്കോട്ടുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ആലത്തൂർ പൊലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
സംഭവത്തിന് പിന്നാലെ വധശ്രമത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് പ്രതിയായ സുനിലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പെയിന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു.
മരിച്ച മുത്തുവിന്റെ ഭാര്യ: ദൈവാനി. മക്കൾ: സുമിത, സുനിൽ, സുചിത്ര.
മരുമക്കൾ: സുരേഷ്, പാർഥിപൻ. സഹോദരങ്ങൾ: മാണി, ചെല്ല, കല്യാണി, പരേതരായ കണ്ടൻ, മണിയൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

