എടത്തനാട്ടുകര∙ കരുണ വറ്റാത്ത വീട്ടുകാർ നേരം പുലർച്ചെയുള്ള കിളിക്കൊഞ്ചൽ കേട്ടാണ് ഉണരുന്നത്. കോട്ടപ്പള്ളയിലെ റിട്ട.അധ്യാപകൻ കാപ്പുങ്ങൽ അബ്ദുല്ലയുടെ വീടിന്റെ സിറ്റൗട്ടിലെ അലങ്കാരദീപം ഇന്നു കിളിക്കൂടാണ്.
അഞ്ചു ഭാഗങ്ങളിലേക്ക് ഇതളുകളായി ബൾബുകൾ ഉള്ള ഇതിന്റെ രണ്ടെണ്ണവും കിളിക്കൂടാണ്. രണ്ടു മാസം മുൻപാണ് ഇതിൽ ഇവ കൂടൊരുക്കാൻ തുടങ്ങിയത്.
പുറത്ത് ആളനക്കം കണ്ടാൽ പറന്നകലുമെങ്കിലും രണ്ടു കിളികൾ ചേർന്നു കൂടൊരുക്കൽ മുടക്കമില്ലാതെ തുടർന്നു.
ഇവയെ ആടിയോടിക്കാൻ മുതിരാതെ വീട്ടുകാരും ഇവർക്കു സൗകര്യമൊരുക്കി. ഇവയ്ക്കു ശല്യമാകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഈ ഭാഗത്തുള്ള ഇരിക്കലും അത്യാവശ്യത്തിനു മാത്രമാക്കി.
ലൈറ്റിട്ടാൽ ഇവയ്ക്കു ഷോക്കേൽക്കുമോ എന്നു ഭയന്ന് അതും ഒഴിവാക്കി. രാവിലെയുള്ള കിളിക്കൊഞ്ചൽ ഇവരും ആസ്വദിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസം രണ്ടു കുഞ്ഞു തലകൾ പുറത്തേക്കു കണ്ടതോടെയാണ് കൂട്ടിൽ പുതിയ അതിഥികൾ എത്തിയത് ഇവർ അറിയുന്നത്.
എന്നിട്ടും കൂട്ടിൽ തൊട്ടു നോക്കാനോ മറ്റോ ഇവർ മുതിർന്നില്ല. കാരണം കഴിഞ്ഞ വർഷവും ഈ ദീപത്തിന്റെ മറ്റൊരു ഇതളിൽ ഇതു പോലെ കിളികൾ കൂടുകൂട്ടിയത്.
പക്ഷേ കൂട് പരിശോധിക്കുന്നതിനിടെ ഇതിൽ സ്പർശിച്ചതിനാൽ കിളികൾ പിന്നീട് വരാതായി. ആ കൂട് പൊളിച്ചു മാറ്റാതെ അവിടെത്തന്നെ നിലനിർത്തിയതിനാൽ സുരക്ഷിത സ്ഥലമാണെന്ന തിരിച്ചറിവു കൊണ്ടാവാം ഇത്തവണയും അവ ഇതിൽത്തന്നെ കൂടൊരുക്കാൻ കാരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

