മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കേരളത്തിലേക്കുള്ള പൂക്കളുടെ കയറ്റുമതി തമിഴ്നാട്ടിൽ നിന്നും ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൂക്കൃഷി സജീവമാണെങ്കിലും, തൊണ്ടാമുത്തൂർ മേഖലയിലാണ് വ്യാവസായിക അടിസ്ഥാനത്തിൽ ചെണ്ടുമല്ലിയും ജമന്തിയും പാടങ്ങളിൽ പാകമായി നിൽക്കുന്നത്.
ഓണക്കാലത്തെ വിപണി ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് തന്നെ വടിവേലം പാളയം, മോളപ്പാളയം, മംഗലപ്പാളയം, നരസിപുരം തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ ചെണ്ടുമല്ലി, കോഴിപ്പൂവ്, വാടാമല്ലി എന്നിവ കൃഷി ചെയ്തിരുന്നു. ഇതിൽ വടിവേലം പാളയം പ്രദേശത്ത് മാത്രം ഏകദേശം 250 ഏക്കർ സ്ഥലത്താണ് പൂക്കൃഷി വ്യാപകമായിട്ടുള്ളത്.
ചിങ്ങമാസം മുഴുവൻ പൂക്കൾ ലഭ്യമാകുന്ന തരത്തിലും, അത്തം മുതൽ തിരുവോണം വരെയുള്ള പ്രധാന ദിവസങ്ങൾ കണക്കിലെടുത്തുമാണ് കർഷകർ കൃഷി ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം എല്ലാത്തരം പൂക്കൾക്കും ശരാശരി കിലോഗ്രാമിന് 100 രൂപ വരെ ലഭിച്ചതിനാൽ കർഷകർക്ക് മികച്ച ലാഭം ലഭിച്ചിരുന്നു.
എന്നാൽ, ഇത്തവണ ദിണ്ടുക്കലിൽ നിന്നും കൂടുതൽ പൂക്കൾ കേരളത്തിലേക്ക് എത്തുന്നതിനാൽ കോയമ്പത്തൂരിലെ പൂക്കളുടെ മൊത്തവിലയിൽ കാര്യമായ കുറവുണ്ട്. നിലവിൽ ചെണ്ടുമല്ലി കിലോഗ്രാമിന് 60 രൂപ നിരക്കിലും, വാടാമല്ലി 50 രൂപ നിരക്കിലുമാണ് ചന്തകളിൽ എത്തിക്കുന്നതെന്ന് കർഷകർ വ്യക്തമാക്കി.
മേട്ടുപ്പാളയം മേഖലയിലും പൂക്കൃഷി സജീവമാണെങ്കിലും, സമീപ പ്രദേശമായ സത്യമംഗലത്താണ് മുല്ല, മല്ലി, ചെണ്ടുമല്ലി എന്നിവ വ്യാപകമായി കൃഷി ചെയ്യുന്നത്. കേരളത്തിലെ ഓണാവശ്യങ്ങൾ കുറയുന്ന സാഹചര്യത്തിൽ, കർഷകർ ഈ പൂക്കൾ സമീപ പ്രദേശങ്ങളിലെ സുഗന്ധദ്രവ്യ കമ്പനികൾക്ക് സ്ഥിരമായി നൽകുകയാണ് പതിവ്.
എങ്കിലും ഓണം മുൻനിർത്തി ഇത്തരം കമ്പനികളിൽ വില വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്കാണ് കമ്പനികൾ പൂക്കൾ വാങ്ങുന്നതെന്നും കർഷകർ പറയുന്നു. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന വിപണികളിലേക്കും, കോയമ്പത്തൂർ വഴി ഗൾഫ് രാജ്യങ്ങളിലേക്കും നിലവിൽ പൂക്കളുടെ കയറ്റുമതി പുരോഗമിക്കുന്നുണ്ട്.
ദുബായ്, ഷാർജ സർവീസുകളിൽ ദിവസേന ശരാശരി ഒരു ടണ്ണോളം പൂക്കളാണ് അയക്കുന്നത്. വരും ആഴ്ചകളിൽ ഇത് ഇരട്ടിയാകുമെന്നാണ് കാർഗോ ഏജന്റുമാർ നൽകുന്ന വിവരം.
ബുധനാഴ്ച കോയമ്പത്തൂർ പൂ മാർക്കറ്റിൽ രേഖപ്പെടുത്തിയ മൊത്തവില വിവരങ്ങൾ താഴെ പറയുന്നതാണ്: മഞ്ഞ ജമന്തി – 200 രൂപ, വെള്ള ജമന്തി – 400 രൂപ, കളേഴ്സ് ജമന്തി – 300 രൂപ, ചെണ്ടുമല്ലി – 80 രൂപ, റോസ് – 240 രൂപ, മഞ്ഞ റോസ് – 300 രൂപ, പനീർ റോസ് – 140 രൂപ, മല്ലി – 600 രൂപ, മുല്ല – 400 രൂപ എന്നിങ്ങനെയാണ് വ്യാപാരികൾ മൊത്തവിലയിൽ പൂക്കൾ വാങ്ങിയത്. ചില്ലറ വിപണിയിൽ എത്തുമ്പോൾ ഈ വിലയിൽ വർദ്ധനവുണ്ടാകാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

