
കുമരനല്ലൂർ ∙ പറക്കുളം എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിന്റെ സ്ഥലത്തെ അനധികൃത വാഹന പാർക്കിങ് വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. സമീപത്തെ കല്യാണ മണ്ഡപത്തിലേക്കെത്തുന്നവരുടെ ചെറുതും വലുതമായ ഒട്ടേറെ വാഹനങ്ങളാണ് പ്രവൃത്തിദിവസങ്ങളിൽ പോലും കോളജ് സ്ഥലത്ത് കയറ്റി പാർക്ക് ചെയ്യുന്നത്.
പല തവണ കോളജ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർഥികളും വാഹന ഉടമകളുമായി വാക്കേറ്റത്തിലെത്തിയിരുന്നു.
തുടർച്ചയായ ഇത്തരം സംഭവങ്ങൾ വലിയ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു സത്വര നടപടി ആവശ്യമാണ്.
വിവിധ പദ്ധതികളുടെ ഭാഗമായും മറ്റും കോളജ് കോംപൗണ്ടിൽ വിദ്യാർഥികൾ നട്ടുപിടിപ്പിച്ച ചെടികളും മറ്റും വാഹനങ്ങൾ കയറ്റി നശിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. അതേസമയം, കോളജ് സ്ഥലം മതിൽ കെട്ടി സുരക്ഷിതമാക്കണമെന്ന് പിടിഎ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പറക്കുളത്ത് 42 ഏക്കറോളം സ്ഥലം കോളജ് നിർമാണത്തിനായി എൻഎസ്എസിന് നാലര പതിറ്റാണ്ട് മുൻപ് സംഭാവന ചെയ്തതാണ്.
ഏക്കർ കണക്കിന് വരുന്ന സ്ഥലം തുറസ്സായി കിടക്കുന്നത് അനധികൃത കടന്നുകയറ്റത്തിന് വഴിവയ്ക്കുന്നതായും ഇക്കാര്യത്തിൽ മാനേജ്മെന്റ് സത്വര നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. രാത്രികാലങ്ങളിൽ ലഹരി മാഫിയ ഇവിടം താവളമാക്കുന്നതായും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]