
വേടന്റെ സംഗീതനിശ: നഷ്ടപരിഹാരം തേടി പാലക്കാട് നഗരസഭ; പൊതുമുതൽ നശിപ്പിച്ചതിനു പരാതി നൽകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ കോട്ടമൈതാനത്തുണ്ടായ നാശനഷ്ടത്തിനു പട്ടികജാതി വികസന വകുപ്പിൽ നിന്നു നഷ്ടപരിഹാരം ഈടാക്കുമെന്നു പാലക്കാട് നഗരസഭ. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളിൽ മൂന്നെണ്ണം പരിപാടിക്കു ശേഷം കാണാനില്ലെന്നും ഒരെണ്ണം തകർത്തെന്നും നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് പറഞ്ഞു. നാശനഷ്ടം വിലയിരുത്തിയ ശേഷം നോട്ടിസ് നൽകും. പൊതുമുതൽ നശിപ്പിച്ചതിനു പൊലീസിൽ പരാതി നൽകുന്നതും ആലോചിക്കും.
സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ടു നടത്തിയ പട്ടികജാതി, വർഗ സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായിരുന്നു വേടന്റെ സംഗീതപരിപാടി. മുഖ്യമന്ത്രി പങ്കെടുത്ത സംഗമത്തിലും വേടൻ പങ്കെടുത്തിരുന്നു.3000–4000 പേരെ പങ്കെടുപ്പിക്കാവുന്ന മൈതാനത്ത് അതിന്റെ എത്രയോ ഇരട്ടിയിലധികം പേർ എത്തിയെന്നും ഇതു മുൻകൂട്ടി കാണാനാകാത്തതു സംഘാടകരുടെ വീഴ്ചയാണെന്നും കൃഷ്ണദാസ് പറഞ്ഞു. സംഭവത്തിൽ വേടനും ഉത്തരവാദിത്തമുണ്ട്.
സംസ്ഥാന സർക്കാർ ഒരു വശത്തു ലഹരിമുക്ത കേരളത്തിനായി പ്രവർത്തിക്കുമ്പോൾ മറുവശത്തു ലഹരിക്കേസിലെ പ്രതിയെ സർക്കാർ വാർഷികത്തിനു തന്നെ എത്തിച്ചതിന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഉത്തരം പറയണമെന്നും ബിജെപി സംസ്ഥാന ട്രഷറർ കൂടിയായ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇതു ബിജെപിയുടെ വിഷയമല്ലെന്നും നഗരസഭയ്ക്കു സംഭവിച്ച നഷ്ടത്തിനാണു പരിഹാരം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിക്കിടെ തിരക്കിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റിരുന്നു. പൊലീസ് പലവട്ടം ലാത്തി വീശുകയും ചെയ്തു.