
ഉപ്പുകുളത്ത് കൃഷിയിടത്തിലേക്കു പോയ കർഷകന്റെ ദാരുണാന്ത്യം: ആക്രമിച്ചത് ഒറ്റയാനെന്നു നാട്ടുകാർ
എടത്തനാട്ടുകര∙ ചോലമണ്ണ് ഭാഗത്ത് ഇന്നലെ വാലിപ്പറമ്പൻ ഉമ്മറിന്റെ മരണത്തിനിടയാക്കിയത് പ്രദേശത്ത് കറങ്ങി നടക്കുന്ന ഒറ്റയാനാണെന്നു നാട്ടുകാർ. പലരും ഈ പ്രദേശത്ത് ഒറ്റയാനെ കണ്ടിട്ടുണ്ടെന്നും അപകടത്തിൽ പെടാതെ രക്ഷപ്പെടാറാണു പതിവെന്നും നാട്ടുകാർ പറഞ്ഞു.
2012ൽ നിലയാണിക്കൽ മുസ്തഫ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിന്റെ മുകൾ ഭാഗത്തായി ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഇന്നലെ വീണ്ടും ഒരാൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
എന്നാൽ ഇന്നലെ പഞ്ചായത്തംഗം ബഷീർ പടുകുണ്ടിൽ മരണ വിവരം അറിഞ്ഞ് ഉപ്പുകുളത്തെ വനംവകുപ്പ് ഒപിയിൽ എത്തിയപ്പോൾ ജീവനക്കാർ ഇല്ലായിരുന്നെന്നു ബഷീർ പറഞ്ഞു. പിന്നീട് എത്തിയ വാച്ചർമാരി മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് എത്താൻ കൂട്ടാക്കിയില്ല.
പിന്നീട് രാത്രി റേഞ്ച് ഓഫിസർ എത്തിയ ശേഷമാണ് ഇവർ സംഭവ സ്ഥലത്തേക്ക് എത്തിയത്.
കാട്ടാന ആക്രമണത്തിൽ മരിച്ച ഉമ്മറിന്റെ മൃതദേഹം ജീപ്പ് മാർഗം ചോലമണ്ണ് ഭാഗത്ത് നിന്നു താഴെ ഭാഗത്തെക്കു കൊണ്ടു വരുന്നു.
വൈകുന്നേരം 4 മുതൽ രാത്രി ഏകദേശം 8 വരെ നാട്ടുകാരാണ് സംഭവ സ്ഥലത്തു കാവൽ നിന്നത്. ഒപിയിലെ 4 വാച്ചർമാരെയും പിരിച്ചുവിടണമെന്നും, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഇന്ന് കലക്ടറുടെയും, സിസിഎഫിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ യോഗം വിളിക്കണമെന്നും ബഷീർ ആവശ്യപ്പെട്ടു.
പഞ്ചായത്തംഗം ബഷീർ പടുകുണ്ടിൽ നാട്ടുകാരുടെ പ്രശ്നങ്ങളും, സംഭവ സമയത്തെ വാച്ചർമാരുടെ അനാസ്ഥയും വനം വകുപ്പ് ഉദ്യോഗസ്ഥരോട് അവതരിപ്പിക്കുന്നു.
ഉപ്പുകുളത്തെ വനംവകുപ്പ് ഓഫിസിന്റെ പരിസരത്തുനിന്നു ഒരു കിലോമീറ്ററോളം കുത്തനെയുള്ള റോഡ് സഞ്ചരിച്ചു വേണം ചോലമണ്ണ് ഭാഗത്ത് എത്താൻ. ഏകദേശം പത്തോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. വന്യമൃഗശല്യം ഉള്ളത് കാരണം ഒറ്റയ്ക്കു സഞ്ചരിക്കുന്നത് ഒഴിവാക്കും.
ഇന്നലെ രാത്രി ജീപ്പ് ഉപയോഗിച്ച് മൃതദേഹം താഴെ ഭാഗത്തേക്ക് എത്തിക്കുന്ന സമയത്തും വഴിയുടെ ഒരു ഭാഗത്ത് കാട്ടാനകൾ ഉള്ളതായി നാട്ടുകാർ നിർദേശം നൽകിയിരുന്നു. വിവരം അറിഞ്ഞ് എത്തിയവർ പ്രതിഷേധിച്ചു. സംഭവ സ്ഥലത്ത് ആർആർടിയുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിഎഫ്ഒയും, വൈൽഡ് ലൈഫ് വാർഡനും രാത്രി സഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]