ഒറ്റപ്പാലം ∙ വെട്ടേറ്റ് ആശുപത്രിയിലായ കുഞ്ഞുമകനെ നിറകണ്ണുകളുമായി പരിചരിക്കുമ്പോൾ അവളറിഞ്ഞിരുന്നില്ല വളർത്തി വലുതാക്കിയ രക്ഷിതാക്കളുടെ വിയോഗം. ജീവിതത്തിൽ താങ്ങായ മാതാപിതാക്കളുടെ ജീവനായി മനമുരുകിയുള്ള പ്രാർഥനയിലായിരുന്നു യുവതി.
മുഹമ്മദ് റാഫിയിൽ നിന്നു വഴക്കും ബഹളവും മർദനവും ഏറിയതോടെ രക്ഷിതാക്കൾ തന്നെയാണ് 8 മാസം മുൻപു യുവതിയോടു വീട്ടിലേക്കു വരാൻ നിർദേശിച്ചത്. വിവാഹമോചനത്തിന്റെ നിയമപരമായ നടപടികൾ കോടതിയുടെ പരിഗണനയിലാണെന്നു സുൽഫിയത്ത് പറയുന്നു.
ലഹരിസംഘങ്ങളുമായി റാഫിക്കുള്ള ബന്ധമാണു കുടുംബജീവിതത്തിൽ വിള്ളൽ സൃഷ്ടിച്ചതെന്നും തോട്ടക്കരയിലെ വീട്ടിലേക്ക് എത്തിയ ശേഷവും ശല്യം തുടർന്നിരുന്നതായും സുൽഫിയത്ത് ‘മനോരമ’യോടു പറഞ്ഞു. പതിവു പോലെ ശല്യംചെയ്യാൻ എത്തിയതാകും റാഫിയെന്നും ഇയാളുടെ ആക്രമണത്തിൽ പരുക്കേറ്റ രക്ഷിതാക്കൾ ജീവിതത്തിലേക്കു തിരിച്ചുവരുമെന്നുമായിരുന്നു ഇന്നലെ പകൽ മുഴുവൻ ആശുപത്രിയിൽ മകനൊപ്പം ആയിരുന്ന സുൽഫിയത്തിന്റെ വിശ്വാസം.
രക്ഷിതാക്കളെ ആക്രമിക്കുന്നതിനിടെയാണ് സുൽഫിയത്ത് കുട്ടിയുമായി മറ്റൊരു വാതിലിലൂടെ രക്ഷപ്പെട്ടത്. നാട്ടിലെ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി ഒത്തുകൂടിയിരുന്ന യുവാക്കൾക്കിടയിലേക്ക് ഓടിയെത്തിയതാണു യുവതിക്കും കുഞ്ഞുമകനും തുണയായത്. ഇതിനു ശേഷമാണു നസീറിനെയും സുഹറയെയും റാഫി വകവരുത്തിയതെന്നു കരുതുന്നു.
പ്രാണൻ കയ്യിൽപിടിച്ചു രക്ഷപ്പെട്ട സുൽഫിയത്ത് മൊബൈൽ ഫോൺ കയ്യിലെടുക്കാതിരുന്നതിനാൽ വാർത്തകളും ശ്രദ്ധയിൽപെട്ടില്ല.
കൊലയാളിയെ കണ്ടെത്താൻ ഓടിനടന്ന് നാട്
ഒറ്റപ്പാലം ∙ അരുംകൊലയ്ക്കു ശേഷം ഓടിമറിഞ്ഞ കൊലയാളിയെ കണ്ടെത്താൻ ഉറക്കമൊഴിച്ച് ഓടിനടന്ന് നാട്ടുകാരും പൊലീസും.
സംഭവത്തിനു ശേഷം കൈഞരമ്പു മുറിച്ച നിലയിൽ ഓടിമറഞ്ഞ മുഹമ്മദ് റാഫിയെ കണ്ടെത്താൻ നാട് വിശ്രമമില്ലാതെ തിരഞ്ഞതു 4 മണിക്കൂർ.
സംഭവം നടന്ന വീടിനു സമീപത്തെ ഖബർസ്ഥാൻ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. സമീപത്തെ വളപ്പുകൾ ഉൾപ്പെടെ സംശയം തോന്നിയ എല്ലായിടത്തും മൊബൈൽ ഫ്ലാഷിന്റെ വെട്ടത്തിൽ നാട്ടുകാർ തിരഞ്ഞു.
നഗരസഭാ കൗൺസിലർ കെ.ബി.ശശികുമാറും മുൻ കൗൺസിലർ ടി.കെ.രഞ്ജിത്തും പൊതുപ്രവർത്തകരും കേട്ടറിഞ്ഞെത്തിയ യുവാക്കളും എല്ലാം തിരച്ചിലിൽ കൈകോർത്തു.
ക്ഷീണിച്ചു തിരച്ചിൽ മതിയാക്കാൻ ആലോചിച്ച ഘട്ടത്തിലാണു ഖബർസ്ഥാനിലെ ഒരു ഭാഗത്തു ചെടികളിൽ രക്തക്കറ കണ്ടത്. കൈഞരമ്പു മുറിച്ച റാഫിയുടെ രക്തക്കറയാണിതെന്ന് ഉറപ്പിച്ചു പിന്തുടർന്നപ്പോൾ മരത്തിനു സമീപം ഒളിഞ്ഞിരിക്കുകയായിരുന്നു പ്രതി.
നാട്ടുകാരുടെ കൂടി സഹായത്തോടെ ഷൊർണൂർ പൊലീസ് ഇൻസ്പെക്ടർ വി.രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൊലയാളിയെ സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകം
ഒറ്റപ്പാലം ∙ മുഹമ്മദ് റാഫി ലക്ഷ്യമിട്ടതു കൂട്ടക്കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. രക്ഷിതാക്കളെ ആക്രമിച്ചു തുടങ്ങിയ ഘട്ടത്തിൽ തന്നെ സുൽഫിയത്ത് മറ്റൊരു വാതിലിലൂടെ ഓടിരക്ഷപ്പെട്ടതാണ് അവർക്കു രക്ഷയായത്. ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം രക്തക്കറകളോടെ പുറത്തിറങ്ങിയ റാഫി, ‘ഒരു പെണ്ണും കുട്ടിയും ഇതുവഴി പോയിരുന്നോ’ എന്നു നാട്ടുകാരോടു ചോദിച്ചതും ലക്ഷ്യം വ്യക്തമാക്കുന്നു.
ആ സമയത്തു കൊലപാതകത്തെക്കുറിച്ചു പുറംലോകം അറിയാതിരുന്നതിനാൽ റാഫിയെ നാട്ടുകാർ തടഞ്ഞുവയ്ക്കാനോ കീഴ്പ്പെടുത്താനോ ശ്രമിച്ചതുമില്ല.
റാഫി ലഹരി ഇടപാടിൽ കണ്ണിയെന്ന് ജില്ലാ പൊലീസ് മേധാവി
ഒറ്റപ്പാലം ∙ ഇരട്ടക്കൊലപാതക കേസിൽ പിടിയിലായ മുഹമ്മദ് റാഫി നേരത്തെ ലഹരി ഇടപാടു കേസുകളിൽ കണ്ണിയെന്നു ജില്ലാ പൊലീസ് മേധാവി അജിത്കുമാർ. കൊലപാതകം നടത്തുന്ന സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു സംഭവസ്ഥലം സന്ദർശിച്ച അദ്ദേഹം പറഞ്ഞു.
കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഇയാൾ ആയുധങ്ങളുമായി എത്തിയതാണെന്നാണു കരുതുന്നതെന്നും വിശദീകരിച്ചു. ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരൻ, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.വിജയകുമാർ, പൊലീസ് ഇൻസ്പെക്ടർമാരായ എ.അജീഷ് (ഒറ്റപ്പാലം), വി.രവികുമാർ (ഷൊർണൂർ), ഒറ്റപ്പാലം എസ്ഐ എം.സുഭാഷ് എന്നിവരും ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങളും തെളിവെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

