
ചിറ്റിലഞ്ചേരി ∙ പുഴയിൽനിന്ന് തേങ്ങ എടുക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപെട്ട യുവാവിനെ ഇന്നലെയും കണ്ടെത്താനായില്ല.
കുനിശ്ശേരി മലക്കാട്ടുകുന്ന് പരേതനായ ചാത്തേലന്റെയും കുഞ്ചിയുടെയും മകൻ ലക്ഷ്മണനെ (46) ആണ് ഗായത്രിപ്പുഴയിൽ കാണാതായത്. ഞായറാഴ്ച രാവിലെ 8.30ന് മേലാർകോട് കൂളിയാട് പാലത്തിനു സമീപമുള്ള തടയണയുടെ താഴെയുള്ള തേങ്ങ എടുക്കാനുള്ള ശ്രമത്തിനിടെയാണ് ലക്ഷ്മണൻ ഒഴുക്കിൽപെട്ടത്.
അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വൈകിട്ടു വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ കഞ്ചിക്കോട്, ചിറ്റൂർ അഗ്നിരക്ഷാനിലയങ്ങളിൽ നിന്നായി രണ്ട് ഡിങ്കികൾ എത്തിച്ച് രാവിലെ 8.30നു തന്നെ തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചിലിന് ആലത്തൂർ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർക്കൊപ്പം കഞ്ചിക്കോട്ടെയും ചിറ്റൂരിലെയും ജീവനക്കാരുമുണ്ട്.
പതിനഞ്ചോളം പേർ രണ്ട് ബാച്ചുകളിലായി തിരച്ചിൽ നടത്തി. ലക്ഷ്മണൻ ഒഴുക്കിൽപെട്ട
തടയണ മുതൽ അടുത്ത തടയണ വരെ സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.എ.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം തൃപ്പാളൂർ ശിവക്ഷേത്രത്തിനു സമീപത്തെ തടയണ വരെയും തിരച്ചിൽ നടത്തി.
ഇന്നു രാവിലെ വെങ്ങന്നൂർ പാലം മുതൽ എടാംപറമ്പ് തടയണ വരെ തിരച്ചിൽ നടത്തും.
പുഴയിൽ ശക്തമായ കുത്തൊഴുക്കാണ്. ലക്ഷ്മണൻ വീണ തടയണയുടെ സമീപത്ത് വൻ കല്ലുകൾ കിടക്കുന്നത് തിരച്ചിലിനു തടസ്സമാകുന്നുണ്ട്. പാലത്തിനു താഴെ മരങ്ങളും മറ്റും അടിഞ്ഞ് കിടക്കുന്നുണ്ട്.
പുഴയിൽ കുളവാഴകളും മറ്റു ചെടികളുമുണ്ട്. ഇവകൾക്കിടയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു.
പതിനഞ്ചോളം വിദഗ്ധരാണു തിരച്ചിലിനു നേതൃത്വം നൽകുന്നതെന്നും ലക്ഷ്മണനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]