കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും ഉൾപ്പെടുത്തി 167 കോടി രൂപയുടെ വൻ ടൂറിസം പദ്ധതിക്കു സർക്കാരിന്റെ അനുമതി. ഇതിനായി കോഴിക്കോട് എഫ്എസ്ഐടി റെഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 30 വർഷത്തേക്കു ടൂറിസം പ്രവൃത്തി നടത്താനാണു സർക്കാർ അനുമതി നൽകിയത്.ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്പനി സമ്മതപത്രം നൽകി സ്ഥലം ഏറ്റെടുത്തു പ്രവൃത്തികൾ ആരംഭിച്ചേക്കും.
ഇതോടെ കാഞ്ഞിരപ്പുഴ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രമാകുമെന്നു കെ.ശാന്തകുമാരി എംഎൽഎ പറഞ്ഞു.
ജലസേചന വകുപ്പിന്റെ ഡാമുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി, ടൂറിസം മേഖലകളായി ഉപയോഗിക്കാനായി സർക്കാർ ഇറിഗേഷൻ ടൂറിസം പോളിസി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പിന്റെ നോഡൽ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) കാഞ്ഞിരപ്പുഴയിൽ ടൂറിസം വികസിപ്പിക്കുന്നതിനു സ്വകാര്യ സംരംഭകരിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചിരുന്നു.
ഇതിൽ ഏറ്റവും നല്ല ടൂറിസം പ്രോജക്ടായി കോഴിക്കോട് നിന്നുള്ള കമ്പനിയെ തിരഞ്ഞെടുക്കുകയും തുടർന്നു നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകുകയും ചെയ്തു.
കെ.ശാന്തകുമാരി എംഎൽഎയുടെ നിരന്തര ഇടപെടലുകളും പദ്ധതിക്കു സഹായമായി.പദ്ധതി നടത്തിപ്പിനായി സ്ഥലം ഏറ്റെടുക്കൽ ഉടൻ നടക്കും. തുടർന്നു വേഗത്തിൽ തന്നെ പ്രവൃത്തികൾ ആരംഭിച്ചേക്കും.കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്കു കീഴിലുള്ള ഉദ്യാനവും ഉദ്യാനത്തിന് ഇരുവശത്തും വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും അടക്കം 50 ഏക്കർ വരുന്ന സ്ഥലത്താണു ടൂറിസം പദ്ധതി വരുന്നത്.
വാട്ടർതീം പാർക്ക്, സ്നോ വേൾഡ്, പക്ഷികളുടെ പാർക്ക്, മറൈൻ ഓഷ്യനോറിയം, ജയന്റ് വീൽ,ബോട്ടിങ്, 3ഡി തിയറ്റർ, റോപ് വേ, ഗ്ലാസ് ഹാങ്ങിങ് ബ്രിജ്, മ്യൂസിക്കൽ ഫൗണ്ടൻ, ലേസർ ഷോ, റിസോർട്ട്, വിവിധതരം അക്വേറിയം, ഹോട്ടൽ തുടങ്ങിയവയും പ്രോജക്ടിൽ ഉൾപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]