ചിറ്റൂർ ∙ ‘ജവാനു’ ശേഷം സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന്റെ ഉൽപാദനത്തിനായി മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21ന് ഉദ്ഘാടനം ചെയ്യും. 75000 ചതുരശ്ര അടി വിസ്തീർണമുള്ളതാണു പ്ലാന്റ്.
3 ലൈൻ സ്വയം നിയന്ത്രിത ബോട്ടിലിങ് പ്ലാന്റ് സജ്ജമാകുന്നതോടെ ദിവസം 13,500 കെയ്സ് വീതം (108000 ലീറ്റർ) മദ്യം വിപണിയിലിറക്കാനാകുമെന്ന് അധികൃതർ പറയുന്നു. അര ലീറ്ററിന്റെ ബോട്ടിലാണു വിപണിയിലിറക്കുക.
ജവാൻ ബ്രാൻഡുമായി അധികം വ്യത്യാസമില്ലാത്ത വിലയാവും പുതിയ മദ്യത്തിനെന്നാണു സൂചന. മദ്യോൽപാദനത്തിനായുള്ള ജീവനക്കാരെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ്, ബവ്കോ സംഭരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നു ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും.
അവിദഗ്ധ തൊഴിലാളികളുടെ നിയമനം കുടുംബശ്രീയുടെ സഹകരണത്തോടെയാകും. പ്ലാന്റിൽ നേരിട്ടും അല്ലാതെയുമായി ഇരുനൂറിലധികം പേർക്കു തൊഴിൽ ലഭിക്കും.
സാങ്കേതിക തടസ്സം, പേര് വകുപ്പ് നിശ്ചയിക്കും
പുതിയ ബ്രാൻഡിന്റെ പേര് നിർദേശിക്കാൻ ബവ്കോ അവസരം നൽകിയിരുന്നു.
നാൽപതിനായിരത്തോളം പേരുകളാണു ലഭിച്ചത്. എന്നാൽ ജനങ്ങൾ നിർദേശിച്ച പേര് സാങ്കേതിക തടസ്സങ്ങൾ കാരണം നൽകാനാവില്ല.
നിലവിൽ വകുപ്പു തന്നെ പേരു നിശ്ചയിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. പുതിയ പേര് ഉദ്ഘാടന വേദിയിൽ അറിയിക്കുമെന്നാണു വിവരം.
മദ്യം ഉൽപാദിപ്പിക്കുന്നതിനുള്ള വെള്ളം തുടക്കത്തിൽ മലമ്പുഴ ഡാമിൽ നിന്നു നേരിട്ട് എത്തിക്കാനാണു ശ്രമിക്കുന്നത്. പ്രതിദിനം ഒരു ലക്ഷത്തിലധികം ലീറ്റർ വെള്ളമാണ് ആവശ്യമായി വരിക.
പിന്നീടു വെള്ളം മഴവെള്ള സംഭരണി വഴി കണ്ടെത്തും. നിലവിൽ ഇതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
വെള്ളം പൈപ്പ് വഴി എത്തിക്കാൻ ബവ്കോ ജല അതോറിറ്റിക്ക് മുൻകൂറായി 1.87 കോടി രൂപ നൽകിയിരുന്നു. എന്നാൽ ചിറ്റൂർപ്പുഴയിലെ കുന്നങ്കാട്ടുപതിയിൽ നിന്നു വെള്ളമെത്തിക്കുന്ന പദ്ധതി വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകളുടെ എതിർപ്പുമൂലം മുടങ്ങിക്കിടക്കുകയാണ്.
രാവിലെ 10നു മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

