മരുതറോഡ് ∙ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കം ഒടുവിൽ ദേശീയപാതയിൽ അര മണിക്കൂർ നീണ്ട ‘തല്ലുമാലയിൽ’ കലാശിച്ചു.
റോഡിൽ ബസുകൾ നിർത്തിയിട്ട് ജീവനക്കാർ തമ്മിൽ തല്ലിയതോടെ ദേശീയപാത മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. മുക്കാൽ മണിക്കൂറിലേറെ ഗതാഗതക്കുരുക്കിനും ഇതു കാരണമായി.
ഇവർക്കിടയിലേക്ക് ബൈക്കിലെത്തിയ 2 പേർ കൂടി ചേർന്നതോടെ തല്ലിനു ശക്തിയും കൂടി. ഒടുവിൽ ബസ് യാത്രക്കാരും പരിസരത്തെ വ്യാപാരികളും ചേർന്നാണ് ഇരു സംഘത്തെയും മാറ്റിയത്.
സംഭവത്തിൽ പൊതു സ്ഥലത്ത് അടിപിടിയുണ്ടാക്കിയതിനും മാർഗതടസ്സമുണ്ടാക്കിയതിനും 6 പേർക്കെതിരെ കേസെടുത്തു.
തമ്മിലടിച്ച ഡ്രൈവർമാരിലൊരാൾ മദ്യപിച്ചെന്നു കണ്ടെത്തിയതോടെ ഇയാൾക്കെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനും കേസെടുത്തു. തുടർ നടപടിക്കായി മോട്ടർ വാഹന വകുപ്പിനും നിർദേശം നൽകി.
മദ്യപിച്ചെത്തിയ ഡ്രൈവറെ മർദിച്ചതിനാണ് ബൈക്കിലെത്തിയ 2 പേർക്കെതിരെ കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ മരുതറോഡ് ദേശീയപാതയോരത്തുള്ള ഹോട്ടലിനു മുന്നിലായിരുന്നു ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്.
ചെരിപ്പുകൊണ്ടും കല്ലുക്കൊണ്ടും കയ്യിൽ കിട്ടിയ വടികൊണ്ടും പരസ്പരം ആക്രമിച്ചു.
ബസ് ജീവനക്കാരുടെ ‘തല്ലുമാല’ ദൃശ്യങ്ങളും ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മേച്ചേരി ബസിലെ ജീവനക്കാരും അശ്വതി ബസ് ജീവനക്കാരും തമ്മിലാണ് വാക്കേറ്റവും അടിപിടിയുമുണ്ടായത്.
വിവരമറിഞ്ഞെത്തിയ കസബ പൊലീസ് ബസുകളിലെ യാത്രക്കാരെ ഇറക്കി മറ്റൊരു ബസിൽ കയറ്റിയ ശേഷം ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.
മേച്ചേരി ബസ് ഡ്രൈവർ രാജേഷ്കുമാർ (33), ജഗദീഷ് (52), നാരായണൻ ഉണ്ണി (46), രോഹിത് (25), ബൈക്ക് യാത്രക്കാരായ സൗമേഷ് (35), അഖിൽകുമാർ (35) എന്നിവർക്കെതിരെയാണു കേസെടുത്തത്. ഇതിൽ മദ്യപിച്ചു വാഹനമോടിച്ചെന്നു കണ്ടെത്തിയ രാജേഷ്കുമാറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പിനു നിർദേശം നൽകിയെന്നു കസബ ഇൻസ്പെക്ടർ എം.സുജിത്ത് പറഞ്ഞു. സ്റ്റേഷനിലെത്തിച്ച ശേഷം എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]