
മരുതൻചാള ഉന്നതിയിൽ കാട്ടാന ആക്രമണം: രാത്രി വീട്ടുമുറ്റത്ത് കാട്ടാന; ഭീതിയോടെ ഒരു കുടുംബം
ഷോളയൂർ∙ ‘പുറത്തെ കൂരിരുട്ടിൽ വഴിയേതാ ആനയേതായെന്ന് അറിയില്ല. ഷെഡും ആടിനെ കെട്ടുന്ന തൊഴുത്തും ആന പൊളിച്ചെന്നു മനസ്സിലായി.
ഇനി വീടിനു നേർക്കാവുമെന്ന് തോന്നിയപ്പോൾ മക്കളോട് ഓടാൻ പറഞ്ഞു. ചെറുതിനെ വാരിയെടുത്ത് ഞങ്ങളും ഓടി.’ കാട്ടാന തകർത്ത താൽക്കാലിക അടുക്കളയ്ക്കു മുന്നിൽ നിന്ന് പുലർച്ചെയുണ്ടായ അനുഭവം വിവരിക്കുമ്പോൾ പെട്ടിക്കൽ മരുതൻചാള ഉന്നതിയിലെ ചിന്നപ്പെരുമാളിന്റെയും ഭാര്യ ശിവകാമിയുടെയും വിറയൽ മാറിയിരുന്നില്ല.ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ഒറ്റയാൻ ഇവരുടെ വീടിനടുത്തെത്തിയത്.വന്യമൃഗശല്യമുള്ളതിനാൽ വീടിനു ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
പുരയിടത്തിലെ പ്ലാവിൽ ചക്ക തിരഞ്ഞെത്തിയ കാട്ടാന നായ കുരച്ചതോടെയാണ് പ്രകോപിതനായതെന്ന് ചിന്നപ്പെരുമാൾ പറഞ്ഞു. നായയെ പിന്തുടർന്നെത്തിയ ആന വൈദ്യുതിവേലിയുടെ മരത്തൂൺ ചവിട്ടിമറിച്ച് അകത്തുകടന്നു.
ഉറക്കത്തിലായിരുന്ന മക്കൾ വിഷ്ണുവിനെയും(11) പവിത്രയെയും(6) വിളിച്ചുണർത്തി. 11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞ് ശിവകാർത്തിക കരയാതിരിക്കാനും ശ്രദ്ധിച്ചു.10 മീറ്റർ ദൂരത്തുള്ള അടുത്ത വീട്ടിലാണ് നേരം വെളുക്കും വരെ കഴിഞ്ഞത്.
ഒന്നര മണിക്കൂറോളം വീട്ടുപരിസരത്ത് നിന്ന ശേഷമാണ് ഒറ്റയാൻ സ്ഥലം വിട്ടത്. കഴിഞ്ഞ വർഷവും ഇവരുടെ വീട് കാട്ടാന പൊളിച്ചിരുന്നു.ആനകൾ കൃഷിയിടങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലോ എത്തി നാശം തുടങ്ങിയ ശേഷമാണ് വിവരം ലഭിച്ച് ആർആർടി എത്തുക.
ആനകളുടെ നീക്കം നിരീക്ഷിക്കാനും കാടിറങ്ങുന്നതു തടയാനുമുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ഷാജു പെട്ടിക്കൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം രുക്മിണി, വനം,റവന്യു,പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി.
പ്രദേശത്ത് വനം ആർആർടി നിരീക്ഷണം തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]