പാലക്കാട് ∙ പരിയാനമ്പറ്റ പൂരം ചെറിയാറാട്ടു ദിവസം രാത്രി 12 മണിയോടെ വാദ്യമേളങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ ആർത്തുവിളിച്ച് ആദ്യ വേലയായി എടമന കുതിര ക്ഷേത്രത്തിലെത്തും. പുഞ്ചപ്പാടം എടമന പരിസരത്തു നിന്നാണു കുതിര പുറപ്പെടുന്നത്.
കുതിരയെ കൊണ്ടുപോയി കളിപ്പിച്ചു തിരിച്ചെത്തിക്കാനുള്ള അവകാശം കാട്ടുകുളം നീലഞ്ചിറ കുട്ടനാണ്. കുതിരയ്ക്കു മുൻപിൽ കത്തിച്ച ചൂട്ടും പിടിച്ചു കുട്ടനെ കാണാം.
ചൂട്ടിന്റെ വെളിച്ചം പകരുക മാത്രമല്ല അദ്ദേഹത്തിന്റെ കടമ. കുതിര വരുന്ന വഴിയിലെ കല്ലും മുള്ളും നീക്കും.
കുതിരയ്ക്കു മുൻപിൽ നിന്നു നിശ്ചിത ദൂരം മുന്നോട്ടോടി വഴികൾ വൃത്തിയാണെന്ന് ഉറപ്പാക്കി, എല്ലാം സജ്ജമെന്നു പറയാനെന്ന പോലെ കുതിരയ്ക്കടുത്തേക്കു തിരിച്ചും ഓടും. കുതിര മുന്നോട്ടു നീങ്ങും.
ക്ഷേത്രം വരെ ഇതു തുടരും.
ഭഗവതിയുമായുള്ളൊരു ഹൃദയബന്ധത്തിന്റെ കഥകൂടി ഇവിടെ വരച്ചുകാട്ടുന്നുണ്ട് കുട്ടൻ. കൊടിയേറ്റത്തിന്റെ തലേദിവസം ക്ഷേത്രത്തിലേക്കു വരുന്ന ഉച്ചാറൽ വേലയിലും നേതൃസ്ഥാനത്തു കുട്ടനുണ്ട്.
ചെറിയാറാട്ടു ദിവസം രാവിലെ കുട്ടനും സഹോദരൻ രാമൻകുട്ടിയും ഉൾപ്പെടെയുള്ളവർ കുതിരയെ കെട്ടാൻ പോകും. മുള വെട്ടി അതു പൊളിച്ചെടുത്തു കെട്ടിയെടുക്കും.
വാഴയുടെ ചപ്പ് നിറച്ച ശേഷം മുൻ ഭാഗത്തു ചുവന്ന തുണിയും ബാക്കി ഭാഗം വെളുത്ത തുണിയും കെട്ടും. മാലയും കുരുത്തോലയും മാവിന്റെ ഇലയും ചാർത്തി ഭംഗി കൂട്ടും.
25 മുതൽ 30 ആളുകൾ വരെ ചേർന്നാണു കുതിരയെ ഏറ്റുന്നത്.
താഴത്തെ പുരയ്ക്കൽ തറവാട്ടിലെ കാരണവരായ രാമനാണു കുതിരയ്ക്കു തല വയ്ക്കാനുള്ള അവകാശം. അർധരാത്രി കാവിലെത്തിയാൽ പൂരം കഴിഞ്ഞ് ഏഴു ദിവസം കഴിഞ്ഞേ തിരിച്ചു കൊണ്ടുവരികയുള്ളൂ.
ചേനത്ത് അജയകുമാറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ കൂട്ടായ്മയിലാണ് എടമന കുതിരയെ ക്ഷേത്രത്തിലെത്തിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

