കൊല്ലങ്കോട് ∙ വടവന്നൂരിലെ നെൽകർഷകർ ഒന്നാം വിള കൊയ്ത്ത് ആരംഭിച്ചു. കൃഷിഭവൻ പരിധിയിൽ 20 ഹെക്ടറോളം സ്ഥലത്തെ കൊയ്ത്താണു തുടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലത്തു കൊയ്ത്ത് ആരംഭിക്കും.
ഒന്നാം വിളയ്ക്കു കൃഷി ചെയ്ത ഉമ നെല്ലാണു യന്ത്രം ഉപയോഗിച്ചു കൊയ്ത്തു നടത്തുന്നത്. എന്നാൽ സപ്ലൈകോ നെല്ല് സംഭരണം അടുത്ത മാസം പകുതിയോടെയേ ആരംഭിക്കുകയുള്ളൂവെന്നത് ഇപ്പോൾ കൊയ്യുന്ന കർഷകർക്കു വെല്ലുവിളിയാണ്.
ഓഗസ്റ്റ് 25ന് ഒന്നാംവിള നെല്ലു സംഭരണത്തിന്റെ റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർണ തോതിൽ ആയിട്ടില്ല.
നെല്ലു സംഭരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണ്ടാക്കിയ കരാർ പ്രകാരം നടീലിനു ശേഷം 45 ദിവസം കഴിഞ്ഞാൽ നെല്ലു സംഭരണ റജിസ്ട്രേഷൻ ആരംഭിക്കണം. എന്നാൽ അതു പലപ്പോഴും നടക്കാറില്ല.
ഒരു കൃഷിഭവൻ പരിധിയിലെ പാടശേഖര സമിതികളിൽ 50 ശതമാനത്തിലേറെ കൊയ്ത്തു നടന്നാലാണു കർഷക റജിസ്ട്രേഷൻ വിവരങ്ങൾ കൃഷി ഓഫിസർ സപ്ലൈകോയ്ക്കു കൈമാറി സംഭരണത്തിനുള്ള മില്ല് അലോട്മെന്റ് നടത്തുകയുള്ളൂ.
ആദ്യം വിളവിറക്കിയതു ശക്തമായ കാലവർഷത്തെ തുടർന്നു മുങ്ങിയ സാഹചര്യത്തിൽ രണ്ടാം തവണയും വിളവിറക്കേണ്ടി വന്നതായി പല്ലശ്ശന ആലപ്പാടം നെല്ലുൽപാദക സമിതി സെക്രട്ടറി വി.ശിവകുമാർ പറഞ്ഞു. സെപ്റ്റംബർ ഒന്നുമുതൽ നെല്ലു സംഭരണത്തിനു സപ്ലൈകോ സജ്ജമാകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അതിനുള്ള നടപടിയായിട്ടില്ല.
നെല്ലു സംഭരണ റജിസ്ട്രേഷൻ ആരംഭിച്ച്, കൃഷിഭവനിൽ പരിശോധന നടത്തിയ ശേഷമാണു സപ്ലൈകോയിലേക്കു കർഷകരുടെ അപേക്ഷകൾ കൈമാറുക.
ജില്ലയിൽ അൻപതോളം സ്വകാര്യ മില്ലുകളാണു സപ്ലൈകോയ്ക്കു വേണ്ടി നെല്ലു സംഭരിക്കുന്നത്. റജിസ്ട്രേഷൻ പരിശോധന, മില്ല് അലോട്മെന്റ്, ജീവനക്കാരുടെ പുനർവിന്യാസം എന്നിവ ഇതിനായി നടത്തണം.
ആദ്യം കൊയ്ത്ത് നടത്തുന്ന കർഷകർക്കു നെല്ല് ഉണക്കി സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട്. ഇത്തരം കർഷകർ സ്വകാര്യമില്ലുകാർ പറയുന്ന വിലയ്ക്കു നെല്ലു കൊടുക്കാൻ നിർബന്ധിതരാവും.
ഈ സാഹചര്യത്തിൽ നെല്ല് സംഭരണം വേഗത്തിലാക്കണമെന്നു കർഷകർ ആവശ്യപ്പെടുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]