വാളയാർ ∙ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള പൊലീസിന്റെ സുരക്ഷാ പരിശോധനയിൽ വാളയാറിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറിയിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടകവസ്തുക്കൾ പിടികൂടി. ക്വാറി നടത്തിപ്പുകാരെയും സൂപ്പർവൈസറെയും പൊലീസ് പിടികൂടിയെങ്കിലും സ്ഥലം ഉടമ പ്രദേശത്തു നിന്നു കടന്നു കളഞ്ഞെന്നും ഇയാൾക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വാളയാർ കോങ്ങാമ്പാറ പൂലാമ്പാറയിൽ പ്രവർത്തിച്ചിരുന്ന ക്വാറിയുടെ സ്റ്റോക്ക് റൂമിൽ 18 പെട്ടികളിലായി ഒളിപ്പിച്ചു സൂക്ഷിച്ച 3,503 ജലറ്റിൻ സ്റ്റിക്കുകളും 1,265 ഡിറ്റനേറ്ററുകളുമാണു പിടികൂടിയത്.
ഇന്നലെ വൈകിട്ടോടെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയിലാണു 10 ദിവസത്തിലേറെയായി അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറി കണ്ടെത്തിയത്. തെങ്ങിൻതോപ്പിനു സമീപത്തായി അതീവ രഹസ്യമായാണ് ക്വാറി പ്രവർത്തിച്ചിരുന്നത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയ ഉടൻ രക്ഷപ്പെടാൻ ശ്രമിച്ച ക്വാറി നടത്തിപ്പുകാരും തൃശൂർ ചാലക്കുടി സ്വദേശികളുമായ അഭിലാഷ് (33), ഷെബിൻ (35), സൂപ്പർവൈസറായ അർജുൻ (30) എന്നിവരെ പൊലീസ് പിടികൂടി.
എന്നാൽ സ്ഥലം ഉടമയായ ചിന്നസ്വാമി (73) കടന്നുകളഞ്ഞു. പിടിയിലായവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രങ്ങളും ലോറികളും ട്രാക്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നു കടത്തിക്കൊണ്ടുവന്ന സ്ഫോടകവസ്തുക്കളാണു പിടികൂടിയത്. അതിർത്തിയിലെ പരിശോധന വെട്ടിച്ച് ഇത്രയേറെ അളവിൽ സംസ്ഥാനത്തേക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചതു സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചെന്നും വാളയാർ പൊലീസ് അറിയിച്ചു.രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐമാരായ ബി.പ്രമോദ്, എം.ബി.അരുൾ എന്നിവർ സ്ഥലത്തെത്തി തുടർ പരിശോധന നടത്തിയതോടെയാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

