
പൊന്നും പണവും ഭൂമിയൊന്നുമല്ല, തട്ടകത്തിലെ മക്കളോടുള്ള സ്നേഹവും കാരുണ്യവുമാണ് എഴക്കാട് തിരുകുന്നപ്പുള്ളിക്കാവിലമ്മ. ഉഗ്രരൂപിണിയല്ല, ദാരികനെ നിഗ്രഹിച്ച ശേഷമുള്ള ഭാവത്തിലാണു ദേവി.
പതിനെട്ടര ദേശം വാഴുന്ന ദേവിയുടെ ഐതിഹ്യങ്ങളിൽ മക്കളോടുള്ള കരുതലിന്റെ കഥകളാണേറെയും. അതുകൊണ്ടുതന്നെ ഒട്ടേറെ ജീവകാരുണ്യ–സാമൂഹിക സേവനങ്ങൾ ഒളപ്പമണ്ണ ദേവസ്വത്തിനു കീഴിലുള്ള കാവ് നടത്തിവരുന്നു.
സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടുന്ന ക്ലിനിക് കാവിനു സമീപത്തുണ്ട്. ഒട്ടേറെ പേർക്കു ചികിത്സാസഹായവും സൗജന്യ ഭക്ഷ്യക്കിറ്റുകളും നൽകുന്നു.
പാവപ്പെട്ടവർക്കായി ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനുള്ള ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒളപ്പമണ്ണ ട്രസ്റ്റ്. ഉപദൈവങ്ങളായി ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, ഹനുമാൻ എന്നിവരുണ്ട്.
ഭൈരവപ്രതിഷ്ഠ വടക്കുകിഴക്കേ മൂലയിൽ ഉണ്ട്. കുളങ്ങര നായന്മാരാണ് പൂജ.
ഐതിഹ്യം
∙ ആദിപരാശക്തി ഒരിക്കൽ മൂന്നു സഹോദരിമാരുടെ രൂപത്തിൽ കാഞ്ഞിക്കുളം ദേശത്ത് പതിയിൽ മൂത്താരുടെ വീട്ടിൽ സന്ധ്യയ്ക്ക് ചെന്നുവത്രേ.
വച്ചുണ്ണാനുള്ള സൗകര്യം ചോദിച്ചപ്പോൾ ഓട്ടുരുളിയും ഇരുമ്പുചട്ടിയും മൺകലവും നൽകി. പിറ്റേന്നു രാവിലെ സഹോദരിമാരെ കാണാനില്ലെന്നു കണ്ടു ദേശപ്രമാണിയായ കോങ്ങാട് നായരുമൊത്ത് ദേശപ്പണിക്കരെ കാണാൻ ചെന്നു.
ദേവതകളാണു വന്നതെന്നും അവരെ പ്രതിഷ്ഠിച്ചാൽ നാടിനാകെ യശസ്സാകുമെന്നുമുള്ള പ്രശ്നവിധിയെത്തുടർന്ന് ഇന്നു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നു പടിഞ്ഞാറ് മാറി അർത്തക്കാട്ട് പുരയിടത്തിലെ നായർ തറവാടിന്റെ തൊടിയിലെ മരക്കുടിലിൽ ഭഗവതിയെ പ്രതിഷ്ഠിച്ചത്രേ. ഇപ്പോഴത്തെ കാവിലേക്ക് ആവാഹിച്ചു പ്രതിഷ്ഠിച്ചത് ഒളപ്പമണ്ണ മന ആണ്.
പ്രസിദ്ധമായ എഴക്കാട് കുമ്മാട്ടിയെക്കുറിച്ചും ഐതിഹ്യമുണ്ട്.
എല്ലാ നാട്ടുദേവതമാരും തങ്ങൾക്കു കിട്ടുന്ന വഴിപാടുകളുടെ ഒരു ഭാഗം കൊടുങ്ങല്ലൂരമ്മയ്ക്ക് നൽകണമെന്നായിരുന്നത്രേ. തട്ടകത്തിലാകെ ദാരിദ്ര്യമാണെന്നതിനാൽ ഒരു വർഷം ഇതു നൽകാൻ കുന്നപ്പുള്ളിക്കാവിലമ്മയ്ക്കു കഴിഞ്ഞില്ല.
ഇതു ചോദിക്കാൻ കല്ലടിക്കോടൻ മലയുടെ മുകളിൽ കത്തിനിൽക്കുന്ന സൂര്യനെപ്പോലെയുള്ള രൗദ്രഭാവത്തിൽ കൊടുങ്ങല്ലൂരമ്മയെത്തി. അവർ വാളുമായി കുന്നപ്പുള്ളിയമ്മയെ വെട്ടാനൊരുങ്ങിയെങ്കിലും അമ്മയ്ക്കു പോറൽപോലുമേറ്റില്ല.
നിനക്കു മക്കളാണു വലുതെന്നും അവരെ പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു കൊടുങ്ങല്ലൂരമ്മ തട്ടകത്തിൽ വസൂരി വിതറിയത്രേ.
മക്കളെല്ലാം രോഗം മൂലം നിലവിളിക്കുന്നതു സഹിക്കാനാകാതെ കുന്നപ്പുള്ളിയമ്മ ഉടവാളുമെടുത്തു പുറത്തേക്കോടി. കൊടുങ്ങല്ലൂരമ്മയുടെ കിങ്കരിയായ വസൂരിമാലയെ വാളുകൊണ്ട് വെട്ടാനോങ്ങി.
ഭയന്ന അവൾ കുന്നപ്പുള്ളിയമ്മയുടെ കാൽപാദങ്ങളിൽ വീണു ‘കൊല്ലല്ലേ’ എന്നപേക്ഷിച്ചു. ദയ തോന്നിയ അമ്മ വസൂരിമാലയെ വധിക്കാതെ വിട്ടു.
അവളെ പ്രീതിപ്പെടുത്താൻ 101 മാനുകളെ വെട്ടി രക്തം നൽകി. മാൻ വെട്ടി കുരുതി കൊടുത്ത സ്ഥലം മാൻ വെട്ടിക്കണ്ടം എന്നറിയപ്പെടുന്നു.
ക്ഷേത്രത്തിലേക്ക് ഉള്ള വഴി
∙ പാലക്കാട് – ചെർപ്പുളശ്ശേരി റോഡിൽ മുണ്ടൂരിൽ നിന്ന് 5 കിലോമീറ്ററും കോങ്ങാട്ടു നിന്നു മൂന്നു കിലോമീറ്ററും അകലെയാണ് ക്ഷേത്രം.
പാലക്കാട്ടു നിന്ന് 17 കിലോമീറ്റർ.
വിശേഷദിവസങ്ങൾ
∙ കല്ലടിക്കോടൻ മല മുതൽ തെക്ക് മുച്ചീരി മലവരെയുള്ള ദേശങ്ങളിൽ നിന്നു നിറപ്പകിട്ടാർന്ന വേലകൾ വരാറുള്ള മേടത്തിലെ വിഷുവേല പ്രസിദ്ധമാണ്. കർക്കടകത്തിൽ തൃകാലപൂജ, രാമായണമാസാചരണം, നവാഹം എന്നിവയുണ്ട്.
തുലാം മുപ്പതിനു തുടങ്ങുന്ന ചുറ്റുവിളക്ക് താലപ്പൊലിയോടെ സമാപിക്കും. മകരത്തിലാണ് ധ്വജപ്രതിഷ്ഠാദിനം.
മകരം 16 മുതൽ പാവക്കൂത്തും കളംപാട്ടും അതിന്റെ അവസാനമായി കുംഭത്തിൽ കുമ്മാട്ടിയും നടക്കും. മീനത്തിലെ ഉത്രം ദേവിയുടെ പിറന്നാളാണ്.
മകരച്ചൊവ്വയിൽ പൊങ്കാലയും പതിവുണ്ട്. ക്ഷേത്ര ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാറില്ല.
ക്ഷേത്രത്തിലെ കൊടിമരം മാറ്റുന്നതിന്റെ ഭാഗമായി അതിനുള്ള മരം ആചാരപ്രകാരം എണ്ണത്തോണിയിൽ നിക്ഷേപിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]