
സീതാർകുണ്ട് പോബ്സ് എസ്റ്റേറ്റിൽ കടന്നുകയറി ജനവാസകേന്ദ്രങ്ങളിൽ ഭീതി വിതച്ച് കാട്ടാനകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെല്ലിയാമ്പതി ∙ ഒരാഴ്ചയായി സീതാർകുണ്ട് പോബ്സ് എസ്റ്റേറ്റിൽ കടന്നുകൂടിയ കാട്ടാനകൾ ഉൾവനത്തിലേക്കു പോകാതെ ജനവാസ മേഖലയിൽ കറങ്ങി നടക്കുകയാണ്. ഇന്നലെ വൈകിട്ട് എസ്റ്റേറ്റിലൂടെ പോകുകയായിരുന്ന ആനകൾ പരസ്പരം കൊമ്പുകോർക്കുന്ന കാഴ്ചയാണു നാട്ടുകാർക്കു കാണാനായത്. ശനിയാഴ്ച സ്ഥലത്തെത്തിയ ആർആർടി സംഘം ആനകളെ തുരത്തി ഓടിക്കുന്നത് അബദ്ധമാകുമെന്നും നാട്ടുകാർക്ക് ഭീഷണിയാകുമെന്നുമുള്ള കണക്കുകൂട്ടലിൽ തിരിച്ചു പോവുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ആനകളെ ഓടിച്ചാൽ തൊഴിലാളികൾ താമസിക്കുന്ന പാടികൾക്കു നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മടങ്ങിയത്.
കൂടുതൽ പ്രശ്നമുണ്ടാക്കുന്നുവെന്നു നാട്ടുകാർ അറിയിച്ചാൽ സംഘം ഇടപെടുമെന്നു കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പ്രമോദ് പറഞ്ഞു. എസ്റ്റേറ്റ് അധികൃതരോട് ആനകളെ നിരിക്ഷിക്കണമെന്നും നാട്ടുകാർ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാടി പരിസരത്തുള്ള പ്ലാവിലെ ചക്കകൾ നീക്കം ചെയ്യണമെന്ന് അറിയിച്ചതനുസരിച്ച് പരമാവധി ചക്കകൾ വെട്ടിനീക്കി.
കഴിഞ്ഞ ദിവസങ്ങളിൽ എസ്റ്റേറ്റുകളിൽ കൃഷി നാശവും ഒരു വീട്ടിനു മുന്നിലെ മുന്നിലെ ഷീറ്റ് വലിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ചക്ക സൂക്ഷിക്കുന്ന വീടിനുള്ളിലേക്ക് തുമ്പിക്കൈ നീട്ടി സാധനങ്ങൾ വാരിവലിച്ചിടുകയും വീട്ടുസാധനങ്ങൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്തു. ജനവാസ മേഖലയോടു ചേർന്ന് ചക്ക തേടി എത്തിയ കാട്ടാന യാത്രക്കാർക്കു നേരെ പാഞ്ഞടുക്കുന്നുമുണ്ട്. നെല്ലിയാമ്പതിയിലെ തൊഴിലാളികളും വിനോദസഞ്ചാരികളും കനത്ത ജാഗ്രത പാലിക്കണമെന്നു വനപാലകർ അറിയിച്ചിട്ടുണ്ട്.