ഒറ്റപ്പാലം ∙ നഗരസഭയിലെ 2 വാർഡുകളിൽ മുൻ കൗൺസിലർമാരായ ദമ്പതികൾ സ്ഥാനാർഥികളാകും. മയിലുംപുറം (6), മോളുകുറുശ്ശി (5) വാർഡുകളിലാണു മുൻ സ്ഥിരം സമിതി അധ്യക്ഷൻ കെ.ബി.ശശികുമാർ, ഭാര്യയും കൗൺസിലറുമായ എം.ഷെരീഫ എന്നിവർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുന്നത്.
2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ മയിലുംപുറം വാർഡിൽ 3 മുന്നണികളുടെയും സ്ഥാനാർഥികളോടു മത്സരിച്ച് 331 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച ചരിത്രമാണു ശശികുമാറിന്റേത്. യുഡിഎഫ് പിന്തുണയോടെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അപ്രതീക്ഷിതമായി സ്വീകരിച്ച അടവുനയത്തിന്റെ ക്ലൈമാക്സായിരുന്നു ശശികുമാറിന്റെ വിജയം.
6 അംഗ സ്ഥിരം സമിതിയിൽ അധ്യക്ഷ സ്ഥാനത്തേക്കു സിപിഎം, കോൺഗ്രസ് പ്രതിനിധികളും ശശികുമാറും നാമനിർദേശ പത്രിക നൽകി. മത്സരത്തിനിറങ്ങിയ കോൺഗ്രസ് കൗൺസിലറുടെയും മുസ്ലിം ലീഗ് അംഗത്തിന്റെയും തന്റെയും ഉൾപ്പെടെ 3 വോട്ട് ശശികുമാർ നേടി.
3 വോട്ടുകൾ സിപിഎം സ്ഥാനാർഥിക്കും ലഭിച്ചു. ടോസിലും ഭാഗ്യം ശശികുമാറിനൊപ്പം നിന്നതോടെ സ്ഥിരം സമിതി അധ്യക്ഷനായി.
കഴിഞ്ഞ തവണ വനിതാ സംവരണമായ വാർഡിൽ എൻഡിഎ സ്വതന്ത്രയായാണു ഭാര്യ എം.ഷെരീഫ മത്സരിച്ചത്. 434 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഇത്തവണ ഈ വാർഡ് രണ്ടായി വിഭജിക്കപ്പെട്ടതോടെയാണു ഭാര്യയും ഭർത്താവും ഓരോ വാർഡിൽ സ്വതന്ത്രരായി മത്സരിക്കുന്നത്.
ശശികുമാർ മയിലുംപുറം വാർഡിലും ഷെരീഫ മോളുകുറുശ്ശിയിലും മത്സരിക്കും. എല്ലാ അതിർവരമ്പുകൾക്കും അപ്പുറം നാട്ടുകാർ നൽകുന്ന പിന്തുണയാണു കരുത്തെന്ന് ഇരുവരും പറയുന്നു.
ശശികുമാർ നേരത്തെ ബിജെപി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, നിയോജക മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി പ്രാദേശിക നേതൃത്വവുമായി ഉടക്കിപ്പിരിഞ്ഞ ശേഷം കോൺഗ്രസ് പാളയത്തിലെത്തിയെങ്കിലും അധികകാലം തുടർന്നില്ല.
ഇതിനു ശേഷമാണു സ്വതന്ത്രനായി ഒറ്റപ്പാലം രാഷ്ട്രീയത്തിൽ വേരുറപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

