ഷൊർണൂർ ∙ കല്ലിപ്പാടത്ത് വയോധികയുടെ കഴുത്തിലെ 2 പവനോളം വരുന്ന സ്വർണമാല മോഷ്ടിച്ച ശേഷം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മോഷണം നടത്തി പൊലീസിന്റെ കണ്ണു വെട്ടിച്ചു കഴിയുകയായിരുന്ന മോഷ്ടാവിനെ ഷൊർണൂർ പൊലീസ് ആലപ്പുഴയിൽ നിന്നു പിടികൂടി. ആലപ്പുഴ കൃഷ്ണപുരം കളീക്കത്തറ വടക്കേതിൽ സജിത്ത് എൻ.പിള്ളയാണ് (38) കഴിഞ്ഞ ദിവസം ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. ജൂൺ 20നാണ് ഷൊർണൂർ കല്ലിപ്പാടം പാറേക്കളത്തിൽ രാധയുടെ സ്വർണമാല ബൈക്കിലെത്തി പ്രതി കവർന്നത്.
സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു ഷൊർണൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ സജിത്തിനെക്കുറിച്ചു സൂചന ലഭിച്ചു.
ഷൊർണൂരിലെ മോഷണശേഷം പ്രതി തിരുവനന്തപുരം ആറ്റിങ്ങൽ, തൃശൂർ ജില്ലയിലെ പേരാമംഗലം എന്നിവിടങ്ങളിലും മോഷണം നടത്തിയതായി കണ്ടെത്തി. അതിനുശേഷം ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലും മോഷണം നടത്തിയ ഇയാൾ ബൈക്കിൽ സഞ്ചരിച്ചു മാല മോഷ്ടിച്ചു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് പരിസരത്തു നിന്നു പിടിക്കാൻ ശ്രമിക്കുന്നതിനിടെ കടന്നുകളയാൻ ശ്രമിച്ച സജിത്തിനെ പൊലീസ് പിന്തുടർന്നു പിടികൂടി.
ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ് കുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ വി.രവികുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.റിയാസ്, ടി.സജീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]