പാലക്കാട് ∙ നഗരത്തിൽ വീടുകളിൽ നിന്നുള്ള മാലിന്യങ്ങളടക്കം യഥാസമയം നീക്കാൻ ഹരിതകർമ സേനയ്ക്കു ഘട്ടം ഘട്ടമായി 63 വാഹനങ്ങൾ ലഭ്യമാക്കുമെന്നു നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു. മലയാള മനോരമ ഒരുക്കിയ ഫോൺ ഇൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്നുകാലിശല്യം നിയന്ത്രിക്കൽ
യാത്രക്കാർക്കു ഭീഷണിയായി അലഞ്ഞു തിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കുന്നതോടൊപ്പം ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കും.
ക്ഷീരകർഷകർക്കു സബ്സിഡി നിരക്കിൽ തീറ്റപ്പുൽക്കൃഷി നടപ്പാക്കും. കന്നുകാലികളെ കെട്ടിയിടാൻ സൗകര്യം ഇല്ലാത്തവർക്കായി സമൂഹ തൊഴുത്തു മാതൃകയും പരിഗണനയിലാണ്.
കാലികളെ പുറത്തേക്ക് അഴിച്ചു വിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനുള്ള പിഴ ഉയർത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിന്യ ശേഖരണം
മറ്റിടങ്ങളിൽ ഹരിതകർമസേന മാസത്തിൽ ഒരിക്കലാണു വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത്.
പാലക്കാട് നഗരസഭയിൽ ആഴ്ചയിലൊരിക്കൽ മാലിന്യം എടുക്കുന്നുണ്ട്. കഞ്ചിക്കോടുള്ള മാലിന്യസംസ്കരണ പ്ലാന്റ് സജ്ജമാകുന്ന മുറയ്ക്ക് ഹരിതകർമസേനയുടെ മാലിന്യ ശേഖരണം വേഗത്തിലാക്കാൻ 63 ചെറിയ വാഹനങ്ങൾ ലഭ്യമാക്കും.
സുരക്ഷിത കാൽനട
യാത്ര
ഇതിനായി നടപ്പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. വഴിയോര കച്ചവടക്കാർക്കായി പ്രത്യേക കച്ചവട
കേന്ദ്രം സജ്ജമാക്കും. ഒലവക്കോട് റോഡിലേതടക്കമുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കും.
ചിലയിടങ്ങളിൽ വീട്ടുകാർക്കു കൂടി ബുദ്ധിമുട്ടാകുന്ന വിധത്തിൽ കയ്യേറ്റമുണ്ട്. അതെല്ലാം ഒഴിപ്പിക്കും.
ജനസഹകരണവും വേണം. നടപ്പാതയിലെ തകർച്ച പരിഹരിക്കും.
ബസുകൾ ഒലവക്കോട് സ്റ്റേഷൻ വഴി പോകണം
യാത്രക്കാരുടെ സൗകര്യത്തിനായി ബസുകൾ ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുൻവശത്തുള്ള റോഡ് വഴി പോകണമെന്ന ആവശ്യം ഗതാഗത ഉപദേശക സമിതി യോഗത്തിന്റെ ശുപാർശയായി ബന്ധപ്പെട്ടവർക്കു നൽകും.
മുനിസിപ്പൽ സ്റ്റാൻഡിൽ എത്തേണ്ട ബസുകൾ എത്തുന്നില്ല എന്നതടക്കമുള്ള വിഷയങ്ങളും ഗതാഗത ഉപദേശക സമിതി പരിശോധിക്കും.
മേലാമുറി ജംക്ഷനിൽ സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യവും സമിതിക്കു മുൻപാകെ വയ്ക്കും.
കോട്ടമൈതാനത്ത് ഫുട്ബോൾ ഗ്രൗണ്ട്, ഗാലറി, ശുചിമുറി സംവിധാനം
പ്രധാന പൊതുസ്ഥലങ്ങളിൽ ശുചിമുറി സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. കോട്ടമൈതാനത്തിന് ഉള്ളിൽ ശുചിമുറി ബ്ലോക്ക് തയാറായിക്കഴിഞ്ഞു.
പുറത്ത് ടാക്സി സാറ്റാൻഡിനോടു ചേർന്നും ശുചിമുറി സംവിധാനം ഒരുക്കും. കോട്ടമൈതാനം നിലവിൽ പാലക്കാട് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലാണ്.
അവർ കൈമാറിയാലുടൻ അവിടെ ഫുട്ബോൾ മൈതാനം, ഗാലറി അടക്കമുള്ള സംവിധാനങ്ങൾക്കായി പദ്ധതി തയാറാക്കും.
വെളിച്ചക്കുറവ്
നഗരത്തിൽ കെഎസ്ആർടിസി ബൈപാസിലടക്കം വേണ്ടത്ര വഴിവെളിച്ചം ഇല്ലെന്ന പരാതി പരിഹരിക്കും. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കും.
സമയബന്ധിത അറ്റകുറ്റപ്പണി ഉറപ്പാക്കും. സ്റ്റേഡിയം സ്റ്റാൻഡ് അടക്കമുള്ള ബസ് സ്റ്റാൻഡുകളിലെ സമാന പരാതികളും പരിഹരിക്കും.
∙ ഡേറ്റ ബാങ്ക്, കെഎൽയു ഉൾപ്പെടെയുള്ള പരാതികളിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി നിയമപരമായ പരിഹാരം കണ്ടെത്തും. ∙ പാലക്കാട് മേഴ്സി കോളജിനു സമീപം അയോധ്യ നഗർ, വെങ്കിടേശ്വര ഗാർഡൻസ്, മണപ്പുള്ളിക്കാവിനു സമീപം ദുർഗാനഗർ, വെണ്ണക്കര മുത്തുക്കുളം പ്രദേശങ്ങളിലെ വെള്ളക്കെട്ടു പരിഹരിക്കാൻ സാധ്യമായ നടപടി സ്വീകരിക്കും.
എൻജിനീയറിങ് വിഭാഗം ഈ മേഖലകളിൽ പരിശോധന നടത്തും. ∙ നഗരത്തിലെ ബസ് സ്റ്റാൻഡുകളിൽ പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസ് സേവനം ലഭിക്കുന്നില്ലെന്ന പരാതി ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തും.
∙ റോഡ് തകർച്ച പരിഹരിക്കും.
റോഡിരികിലെ മൺകൂനകൾ നീക്കംചെയ്യും. റോഡിലെ മണ്ണടക്കം വലിച്ചെടുക്കാൻ കഴിയുന്ന സക്കിങ് മെഷീൻ സ്പോൺസർഷിപ് വഴി ലഭ്യമാക്കാനാകുമോ എന്നു പരിശോധിക്കും.
∙ ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ ആവശ്യത്തിനു ശുചിമുറികൾ ഇല്ലെന്ന പരാതിയിൽ അടിയന്തര പരിശോധന നടത്തും. ∙ ജില്ലാ ആശുപത്രിയിൽ നിലവിൽ വേണ്ടത്ര ശുചിമുറികൾ ഇല്ലെന്ന പരാതി ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

