
പാലക്കാട് ∙ നഗരനിരത്തുകളിൽ കന്നുകാലികൾ വീണ്ടും അപകടത്തിനിടയാക്കിത്തുടങ്ങിയതോടെ മൂക്കുകയറെടുത്തു നഗരസഭ. ഇന്നലെ നടന്ന പരിശോധനയിൽ 6 കാലികളെ പിടിച്ചുകെട്ടി.
ഓരോ കന്നുകാലിക്കും 5000 രൂപ വീതമാണു പിഴ. റോഡുകളിലേക്കു കന്നുകാലികളെ അഴിച്ചുവിടുന്നതിനെതിരെ മുൻപു നഗരസഭ കർശന നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇടക്കാലത്തു നിലച്ചു.
ഇതോടെ വീണ്ടും നിരത്തുകളിലേക്കു കാലികളെ അഴിച്ചുവിട്ടു തുടങ്ങി.
സിവിൽ സ്റ്റേഷൻ റോഡ്, ഒലവക്കോട്, ഐഎംഎ ജംക്ഷനുകളിലടക്കം പകൽ കന്നുകാലികൾ ഗതാഗതം വരെ തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ട്.
ഇതോടെയാണു നഗരസഭ ആരോഗ്യ വിഭാഗം നടപടി ആരംഭിച്ചത്. ഇതിനു മുൻപ് ഉടമസ്ഥരുടെ വീടുകളിലെത്തി ബോധവൽക്കരണവും നടത്തിയിരുന്നു.
എന്നിട്ടും ഫലമില്ലാതായതോടെയാണു പിടിച്ചുകെട്ടൽ. നഗരസഭ ആരംഭിച്ച ഡാർട്ട് വെബ് പോർട്ടൽ വഴി പരിശോധനാ വിവരവും അപ്പപ്പോൾ രേഖപ്പെടുത്തുന്നുണ്ട്.
നഗരത്തിൽ 6 ഹെൽത്ത് ഡിവിഷനുകൾ കേന്ദ്രീകരിച്ചും കന്നുകാലി പരിശോധന നടത്തുന്നുണ്ട്.
ഇവർ നൽകുന്ന വിവരം അനുസരിച്ച് ഏഴാമത്തെ സ്ക്വാഡ് സ്ഥലത്തെത്തി കാലികളെ പിടിച്ചുകെട്ടുന്നതാണു രീതി. വലിയങ്ങാടി, വടക്കന്തറ, ടൗൺ റെയിൽവേ സ്റ്റേഷൻ, സ്റ്റേഡിയം, മേലാമുറി, വെണ്ണക്കര മേഖലകളിലായിരുന്നു ഇന്നലെ പരിശോധന. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്കു പരിശോധന വ്യാപാപിക്കുമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് അറിയിച്ചു.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ.വി.അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി.സതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]