അലനല്ലൂർ∙ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിൽ. വേനൽക്കാലത്തു സമീപത്തെ മലയിലെ പരിമിതമായ നീരുറവകളിൽ നിന്നു പൈപ്പ് വഴി വെള്ളം വീടുകളിൽ എത്തിച്ചാണ് ഇവർ ഓരോ ദിവസവും തള്ളി നീക്കുന്നത്.
വെള്ളം തേടി പോകുമ്പോൾ കാട്ടാനയുടെ മുന്നിൽപെട്ട സ്ത്രീകളും ഇവരുടെ കൂട്ടത്തിലുണ്ട്.
മാറി മാറി വരുന്ന ജനപ്രതിനിധികളെ വിഷയം അറിയിച്ചിട്ടും പരിഹാരം ഇതുവരെ ഉണ്ടായില്ല.
പ്രദേശത്തെ ശുദ്ധജല പ്രശ്നത്തിനു പരിഹാരത്തിനായി 2023 മാർച്ചിൽ എംഎൽഎ ഉദ്ഘാടനം ചെയ്ത പൈപ്പിൽ ഇന്നുവരെ ഒരു തുള്ളി വെള്ളം പോലും വന്നിട്ടില്ലെന്നു പ്രദേശവാസി സുധീർ പാറോകോടൻ പറഞ്ഞു. കൂടാതെ വർഷകാലങ്ങളിൽ സമീപത്തെ മലയിൽ നിന്നുള്ള വെള്ളം വീടുകൾക്ക് ഇടയിലൂടെയുള്ള ഇടുങ്ങിയ ചോലയിലൂടെയാണു കുത്തിയൊലിച്ചു പോകാറ്.
ഇതുകാരണം അടുക്കളയിൽ വരെ വെള്ളം കയറുന്ന അവസ്ഥയിലാണെന്നും ഇവർ പറഞ്ഞു.
ചോലയുടെ വീതി കൂട്ടി വശങ്ങൾ കെട്ടി വീടുകളെ സംരക്ഷിക്കണമെന്നുള്ളതും ഇവരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇതും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്.
വേനൽക്കാലത്തെ ശുദ്ധജലക്ഷാമവും വർഷകാലത്തു മലവെള്ളപ്പാച്ചിലും കാരണം 1നൂറോളം കുടുംബങ്ങളാണു ദുരിതജീവിതം പേറുന്നത്. കൂടാതെ വെള്ളിയാർ പുഴയുടെ മറുകരയിൽ 9 വർഷം മുൻപു പുനരുദ്ധാരണം കഴിഞ്ഞ ക്ഷേത്രം ഉണ്ടെങ്കിലും ക്ഷേത്രത്തിലേക്ക് ആളുകൾക്ക് എത്താൻ നാട്ടുകാർ കമുകു കൊണ്ടു നിർമിച്ച തൂക്കുപാലം മാത്രമാണ് ആശ്രയം. ഇവിടെ ഒരു നടപ്പാലം വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പലപ്പാറ പ്രദേശത്തെ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രയാസങ്ങൾ അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും ഒന്നിനും പരിഹാരം ഉണ്ടായിട്ടില്ലെന്നും വട്ടത്തൊടി റിയാസുദ്ദീൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

