
തച്ചനാട്ടുകര∙ നിപ്പ സ്ഥിരീകരിച്ച കിഴക്കുമ്പുറത്തിനു മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ നീക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണിത്. എന്നാൽ ക്വാറന്റീനിൽ കഴിയുന്നവർ തുടരണം, പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം, കൈകൾ സാനിറ്റൈസ് ചെയ്യണം, ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം എന്നീ നിർദേശങ്ങളുണ്ട്.
കഴിഞ്ഞ 4നാണ് കിഴക്കുമ്പുറം സ്വദേശിയായ വീട്ടമ്മയ്ക്കു നിപ്പ സ്ഥിരീകരിച്ചത്.
ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
കിഴക്കുമ്പുറത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു മൃഗങ്ങളുടെ സ്രവം മൃഗ സംരക്ഷണ വകുപ്പു ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീട്ടമ്മ ആദ്യം ചികിത്സ തേടിയ പ്രാദേശിക ക്ലിനിക്കുകളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സംഘം പരിശോധന നടത്തിയിരുന്നു.
വവ്വാലുകൾക്കായി വലവിരിച്ച് കേന്ദ്ര സംഘം; ഇന്ന് സ്രവം എടുക്കും
നിപ്പ സ്ഥിരീകരിച്ച തച്ചനാട്ടുകര കിഴക്കുമ്പുറത്ത് വവ്വാലുകളെ പിടികൂടി പരിശോധിക്കാൻ ശ്രമം തുടങ്ങി.
വവ്വാലുകൾ സങ്കേതമാക്കിയ മരങ്ങളിൽ പുണെയിൽ നിന്നെത്തിയ പ്രത്യേക സംഘം വലകൾ സ്ഥാപിച്ചു. വവ്വാലുകൾ സഞ്ചാരത്തിനായി പ്രയോജനപ്പെടുത്തുന്ന അൾട്രാ സോണിക് തരംഗങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിലുള്ള വലകളാണ് സ്ഥാപിച്ചിരിക്കുന്നത്. വലയിൽ കുടുങ്ങുന്ന വവ്വാലുകളിൽ നിന്നു സ്രവം, രക്തം എന്നിവ പ്രത്യേക സജ്ജീകരണം ഉപയോഗിച്ച് ശേഖരിച്ചതിനു ശേഷം ഇവയെ പ്രദേശത്തു തന്നെ തുറന്നുവിടും.
സ്രവം പുണെ വൈറോളജി ലാബിൽ എത്തിച്ച് വൈറസ്, ആന്റിബോഡി സാന്നിധ്യം, എനർജി ലെവൽ എന്നിവ പരിശോധിക്കും. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സീനിയർ സയന്റിസ്റ്റ് ഡോ.ദിലീപ് പട്ടേൽ, മലയാളി കൂടിയായ ഡോ.കണ്ണൻ ശബരിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് നിപ്പയുടെ ഉറവിടം സ്ഥിരീകരിക്കാനുള്ള നടപടികൾ. പഞ്ചായത്ത് അധ്യക്ഷൻ കെ.പി.എം.സലിം, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.പി.സുബൈർ, ഹെൽത്ത് സൂപ്പർവൈസർ ടോം ജേക്കബ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ബാലകൃഷ്ണൻ, എ.പ്രിയൻ, ആർആർടി അംഗങ്ങളായ ടി.റഷീദ്, സി.പി.ബാലസുബ്രഹ്മണ്യൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]