മംഗലംഡാം∙ കനാൽ ഇടിഞ്ഞതിനെ തുടർന്നു നിർത്തിവച്ച ജലവിതരണം പുനരാരംഭിച്ചു. അണക്കെട്ടിനു താഴ്ഭാഗത്തായി ചെറുകുന്നം പുഴയ്ക്കു കുറുകെ വലതുകര കനാൽ കടന്നു പോകുന്ന പാലത്തിന്റെ തുടക്കഭാഗമാണു കഴിഞ്ഞ ചൊവ്വാഴ്ച 15 അടിയോളം ഇടിഞ്ഞു താഴ്ന്നത്.
തുടർന്ന് ഇടത്, വലതു കനാലുകളിലെ ജലവിതരണം നിർത്തിവച്ചിരുന്നു. രണ്ടാം വിള കൃഷിയെ ബാധിക്കുമെന്നതു കണക്കിലെടുത്താണു ജലസേചന വകുപ്പ് അടിയന്തരമായി താൽക്കാലിക സംവിധാനമൊരുക്കി ജലവിതരണം പുനരാരംഭിച്ചത്.
ഇടിഞ്ഞു താഴ്ന്ന ഭാഗത്തെ അവശിഷ്ടങ്ങൾ എടുത്തുമാറ്റി മണൽച്ചാക്കുകൾ നിരത്തി ചോർച്ച തടയാനായി ടാർപോളിൻ വിരിച്ചു കോൺക്രീറ്റ് ചെയ്താണു താൽക്കാലിക സംവിധാനമൊരുക്കിയത്.
ഇന്നലെ രാവിലെ ഒൻപതോടെ ചെറിയ തോതിൽ വെള്ളം കടത്തിവിട്ടു. ഘട്ടം ഘട്ടമായാണ് ഉയർത്തിയത്.
പൂർണതോതിൽ വലതുകര കനാലിൽ വെള്ളം തുറന്നുവിടാനാകില്ലെന്നും തുടക്ക ഭാഗങ്ങളിലുള്ള പാടങ്ങളിൽ ആവശ്യത്തിനു വെള്ളമായാൽ സ്ലൂയിസുകൾ അടച്ചു വെള്ളം പാഴാകാതെ നോക്കിയാൽ മാത്രമേ വാലറ്റ പ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കാൻ കഴിയൂ എന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
കനാൽ നവീകരണം വേണം
വ്യാപകമായി ചോർച്ചയുള്ള മംഗലംഡാം ഇടതു- വലതു കര കനാലുകളും സബ് കനാലുകളും അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ ജലവിതരണം പ്രതിസന്ധിയിലാകും. രണ്ടു വർഷം മുൻപു ചെറിയ തോതിൽ തുടങ്ങിയ ചോർച്ചയാണ് പാലത്തിന്റെ തുടക്ക ഭാഗത്തെ തകർച്ചയ്ക്കു കാരണമായത്.
പാലത്തിന്റെ മറുഭാഗത്തും ചോർച്ചയുണ്ട്. കൂടാതെ മംഗലംഡാം ഇടതു വലതു കനാലുകൾ കടന്നു പോകുന്ന വളയൽപുഴ, പുല്ലമ്പാടം , അണക്കപ്പാറ പാണ്ടാംകോട്, കണ്ണമ്പ്ര തുടങ്ങിയ ഭാഗങ്ങളിലെ പാലങ്ങളിലെല്ലാം ചോർച്ചയുണ്ട്.
ഇടതുകര കനാലിൽ പള്ളിക്കാട് ഭാഗത്ത് 2023ൽ ഇടിഞ്ഞതു മണൽച്ചാക്ക് നിരത്തി താൽക്കാലികമായി നന്നാക്കിയതാണ്. ശാശ്വത പരിഹാരത്തിനായി 30 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
രണ്ടുവർഷമായി അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിക്കുന്നില്ല.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ വൃത്തിയാക്കുന്നതു നിർത്തിയതോടെ കനാലുകളുടെ ശുചീകരണത്തിനും തുക കണ്ടെത്തണം. കനാലുകളുടെ പൂർണമായ നവീകരണത്തിനായി 25 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി നബാർഡിനും ഇപ്പോൾ തകർന്ന ഭാഗം നന്നാക്കുന്നതിന് പ്രത്യേകം എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിനും സമർപ്പിക്കുമെന്നും തുക അനുവദിക്കുന്ന മുറയ്ക്കു നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും ജലസേചനവകുപ്പ് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

