
ആലത്തൂർ∙ ഇരകുളം, രാജ്യാന്തര രംഗത്ത് അടയാളപ്പെട്ട കാവശ്ശേരി എന്ന കർഷക ഗ്രാമത്തിന്റെ സ്വന്തം നീന്തൽക്കുളം.
അരനൂറ്റാണ്ടു മുൻപാണ്, 1976 ൽ നെല്ലറയുടെ കായികക്കുതിപ്പുകൾ ഈ നീന്തൽക്കുളത്തിലെ ഓളങ്ങളെ മുറിച്ച് പരിശീലനം തുടങ്ങിയത്. രണ്ട് തലമുറക്കാലം പിന്നിടുമ്പോൾ അമേരിക്കയിലെ ബർമിങ്ഹാമിലെ സുവർണ നേട്ടത്തിൽ എത്തിനിൽക്കുന്നു.
ഇ.കെ.വാസുദേവൻ, ഇ.എ.ശേഖരൻ, കുട്ടിക്കൃഷ്ണൻ, ഇ.എ.സേതുമാധവൻ എന്നിവരായിരുന്നു ഇരകുളത്തിന്റെ ഉടമസ്ഥർ.
ഇവരുടെ പിന്തുണയാണ് നീന്തൽ രംഗത്ത് കാവശ്ശേരിയുടെ കുതിപ്പിനു സഹായകമായത്. നാട്ടിൻപുറത്തെ ഈ കുളത്തിൽ നീന്തി പരിശീലിച്ചവർ അമേരിക്ക ആതിഥേയത്വം വഹിച്ച പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ നീന്തി നേടിയ 5 സ്വർണവും 3 വെള്ളിയും ഒരു വെങ്കലവും ഇന്ന് കാവശ്ശേരിയെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നു.മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയും പെരുങ്കുളം എയുപി സ്കൂളിലെ കായികാധ്യാപകനുമായിരുന്ന കെ.നാരായണനാണ് ഇരകുളത്തെ നീന്തൽ പരിശീലനം ആരംഭിക്കുന്നതിനു മുൻകയ്യെടുത്തത്.
അദ്ദേഹത്തിന്റെ ശ്രമഫലമായി ജില്ലാ സ്പോർട്സ് കൗൺസിൽ നേതൃത്വം നൽകിയ കാവശ്ശേരി റൂറൽ കോച്ചിങ് സെന്റർ വഴി പ്രദേശത്തെ കുട്ടികൾക്ക് നീന്തൽ പരിശീലനം തുടങ്ങി.
അതിനു വേണ്ടി തിരുവനന്തപുരത്തു നിന്ന് സ്ഥലം മാറ്റം ലഭിച്ച് പാലക്കാട്ട് സ്പോർട്സ് കൗൺസിലിൽ എത്തിയ കോച്ച് അന്തരിച്ച വി.വത്സകുമാറിനെ കാവശ്ശേരിയിലെ കോച്ചിങ് സെന്ററിലേക്ക് നിയോഗിച്ച് ഇരകുളത്തിന്റെ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തി. ഇതാണ് ഇപ്പോഴത്തെ നേട്ടങ്ങൾക്കു തുടക്കം.
3 പതിറ്റാണ്ടായി കുളത്തിന്റെ ഉടമസ്ഥരും ഒപ്പം നിന്നു.
വത്സകുമാറിന്റെ ശിക്ഷണത്തിൽ ആദ്യബാച്ചിൽ ഉൾപ്പെട്ട പി.മാധവദാസ്, കെ.മണികണ്ഠൻ, കെ.ജനാർദനൻ, എ.സ്വാമിനാഥൻ, ഇ.എസ്.കൃഷ്ണൻകുട്ടി, സി.ശിവദാസ്, ആർ.കണ്ണൻ, എ.മോഹൻദാസ്, എ.ലളിത, വി.ഓമന, എ.ജ്യോതി, ഇ.എസ്.ഷീബ എന്നിവർ ദേശീയതലത്തിൽ ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടി.
ഇവരിൽ ലളിത 1979ൽ ജി.വി.രാജ അവാർഡ് ജേതാവായി.
പി.മാധവദാസും എ.ജനാർദനനും സ്പോർട്സ് കൗൺസിലിൽ തന്നെ നീന്തൽ കോച്ചുമാരായി. ഇന്ത്യൻ ആർമിയിലും നേവിയിലും എത്തിയവരുമുണ്ട്.
പിൽക്കാലത്തും ഇരകുളത്തെ താരങ്ങൾ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് നേട്ടങ്ങൾ കൊയ്തു.പലരും വിദേശ രാജ്യങ്ങളിൽ നീന്തൽ പരിശീലകരായി സേവനമനുഷ്ഠിക്കുന്നുണ്ട്. നീന്തൽ താരങ്ങൾക്കുള്ള ക്വാട്ടയിൽ സംസ്ഥാന സർവീസിൽ പ്രവേശിച്ചവരും ഈ കൂട്ടത്തിലുണ്ട്.രാജ്യാന്തര പൊലീസ് ഫയർ ഗെയിംസിൽ മെഡലുകൾ നേടിയ അമൃതേഷ് ഉണ്ണിക്കൃഷ്ണനും സുജിത് സഹദേവനും ഇരകുളത്തിന്റെ യശസ്സുയർത്തി.
18 ന് ഇവരെ ന്യൂഡൽഹിയിൽ അനുമോദിക്കും. പി.മാധവദാസും എ.ജനാർദനനുമാണ് ഇരുവരുടെയും പരിശീലകർ.
ഇടക്കാലത്ത് ഇരകുളത്തെ പരിശീലനം മുടങ്ങിയിരുന്നെങ്കിലും കുളം നവീകരിച്ചതോടെ വീണ്ടും തുടങ്ങുകയായിരുന്നു. എ.മോഹൻദാസ്, ആർ.കണ്ണൻ എന്നിവരാണ് ഇപ്പോൾ പരിശീലനം നൽകുന്നത്.കാവശ്ശേരിക്ക് കായികഭൂപടത്തിൽ ഇടം നൽകിയ ഇരകുളത്ത് പുതിയ തലമുറ ഔന്നത്യങ്ങളിലേക്ക് നീന്തിക്കയറാനുള്ള തയാറെടുപ്പിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]