കടമ്പഴിപ്പുറം ∙ കടമ്പഴിപ്പുറത്തെ കൊല്ലിയാനി കൂത്തറ വീട്ടിലെ മുറ്റത്ത് ഒറ്റത്തിരിയിട്ട നിലവിളക്കിനു മുന്നിൽ നന്ദുവിന്റെ ചിരിക്കുന്ന ചിത്രം ഫ്രെയിം ചെയ്തു വച്ചിട്ടുണ്ടായിരുന്നു.
നട്ടുച്ചയ്ക്കു മുറ്റത്തു തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇടയ്ക്കിടെ തേങ്ങലിന്റെ ദീർഘശ്വാസം, മുഖങ്ങളിൽ കണ്ണീരിന്റെ നനവ്, നടുക്കത്തിന്റെ നിഴൽ; ഇതൊന്നുമറിയാതെ നന്ദു ഉറക്കത്തിലായിരുന്നു. ഇനിയൊരിക്കലും തിരികെ വരാത്ത അന്ത്യനിദ്രയിൽ.
വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ (നന്ദു–14) മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ നാടു തേങ്ങുകയായിരുന്നു.
രാവിലെ 11 മണിയോടെയാണു കർണാടക പൊലീസിന്റെ അകമ്പടിയോടെ ആംബുലൻസിൽ മൃതദേഹം വീട്ടിലെത്തിച്ചത്. ശ്രീനന്ദയുടെ അച്ഛൻ കെ.ജി.രമേശും അമ്മ രോഹിണിയും ഒപ്പമുണ്ടായിരുന്നു.
ചിക്കമഗളൂരുവിലെ ജില്ലാ ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടത്തിയത്.
കടമ്പഴിപ്പുറം എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ശ്രീനന്ദയെ കാണാൻ അധ്യാപകരും സഹപാഠികളും സുഹൃത്തുക്കളുമെത്തി. പരുക്കുകളുള്ളതിനാൽ മൃതദേഹം പൂർണമായും മൂടിയിരുന്നു.
എല്ലാവർക്കും അവസാനമായി ഒരുനോക്കു കാണാൻ കഴിഞ്ഞത് ശ്രീനന്ദയുടെ ചിരിക്കുന്ന ചിത്രം. കടമ്പഴിപ്പുറത്തെ പ്രാദേശിക പൂരക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തുള്ള 40 പേരാണു ബസിൽ ചിക്കമഗളൂരുവിലേക്കു വിനോദയാത്ര പോയത്.
കഴിഞ്ഞ ചൊവ്വാഴ്ച തിരിച്ചുവരാനിരിക്കെ, മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റും സന്ദർശിച്ച് ബസിൽ തിരിച്ചുകയറിയപ്പോഴാണു ശ്രീനന്ദ കയറിയില്ലെന്ന കാര്യം അറിയുന്നതും തിരച്ചിൽ തുടങ്ങുന്നതും.
പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാൻഗിരിയിലാണു മാണിക്കധാര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
ഒരു ഭാഗത്തു മലയും വെള്ളച്ചാട്ടവും മറുഭാഗത്ത് ആഴമേറിയ കൊക്കയുമാണ് ഇവിടെയുള്ളത്. കർണാടക പൊലീസിനു പുറമേ കേരളത്തിൽ നിന്നുള്ള ജില്ലാ സ്പെഷൽ ബ്രാഞ്ച് സംഘവും ശ്രീനന്ദയുടെ നാട്ടുകാരും ഡോഗ് സ്ക്വാഡും തിരച്ചിലിൽ പങ്കാളികളായിരുന്നു.
വീട്ടിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. പോളിടെക്നിക് ഒന്നാം വർഷ വിദ്യാർഥിയായ സച്ചുവാണു ശ്രീനന്ദയുടെ സഹോദരൻ.
കെ.പ്രേംകുമാർ എംഎൽഎ, പി.കെ.ശശി, മേജർ രവി എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
അവസാനമായി കാണാൻ നാടൊട്ടാകെ എത്തി
∙ ഉച്ചയ്ക്ക് പതിനൊന്നോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേക്കും കടമ്പഴിപ്പുറം കൂത്തറ വീടിന്റെ മുൻപിൽ ആളുകൾ തടിച്ചുകൂടിയിരുന്നു. സഹപാഠികളും അധ്യാപകരും, അയൽവാസികളും നാട്ടുകാരുമെല്ലാമായി മുറ്റത്ത് നിൽക്കാൻ ഇടമില്ലാത്ത അവസ്ഥ.
കനത്ത ചൂടിനിടയിടയിലും ശ്രീനന്ദയെ കാണാൻ ഒട്ടേറെ ആളുകളാണ് ഒഴുകിയെത്തിയത്. സ്റ്റുഡന്റ് പൊലീസ് കെഡറ്റായിരുന്ന ശ്രീനന്ദയുടെ എസ്പിസി സഹപാഠികൾ വൊളന്റിയർമാരായി അവിടെയുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം വീട്ടിൽനിന്ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
കലോത്സവങ്ങളിലെ സ്ഥിരസാന്നിധ്യം
∙ സ്കൂൾ കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീനന്ദ. കടമ്പഴിപ്പുറം ഗവ.യുപി സ്കൂളിലാണ് ഒന്നു മുതൽ ഏഴുവരെ ശ്രീനന്ദ പഠിച്ചത്.
അവിടെ പഠിക്കുന്ന കാലം തന്നെ തമിഴ് പദ്യം ചൊല്ലൽ മത്സരത്തിലും പ്രവൃത്തിപരിചയ മത്സരങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. ‘അവസാനം എസ്എസ്എൽസി പരീക്ഷയ്ക്ക് തൊട്ടുമുൻപാണ് അവളെ കണ്ടത്.
പരീക്ഷ കഴിഞ്ഞ് കാണാമെന്നാണ് അപ്പോൾ പറഞ്ഞത്. ഇനിയൊരിക്കലും ശ്രീനന്ദയെ കാണാനാവില്ലല്ലോയെന്നോർക്കുമ്പോൾ…’വിങ്ങലോടെ കടമ്പഴിപ്പുറം യുപി സ്കൂളിലെ അധ്യാപിക ഉഷാറാണി പറയുന്നു.
ശ്രീനന്ദയെ 3 വർഷം തമിഴ് പദ്യം പഠിപ്പിച്ചു കൊടുത്തത് ഉഷാറാണിയായിരുന്നു. പ്രവൃത്തിപരിചയ മേളയിൽ ഇക്കഴിഞ്ഞ സംസ്ഥാന മത്സരത്തിൽ ശ്രീനന്ദ എ ഗ്രേഡ് നേടിയിരുന്നു.
പഠനത്തിൽ മിടുക്കി, കായികയിനങ്ങളിലും
∙ ‘ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടാൻ സാധ്യതയുള്ള വിദ്യാർഥികളിൽ ഞങ്ങൾ ആദ്യം എണ്ണിയ ഒരാളാണ് ശ്രീനന്ദ.
നന്നായി പഠിക്കും. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും കായിക മത്സരങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു.
സബ്ജൂനിയർ വിഭാഗത്തിൽ 200, 400, 600 മീറ്റർ ഓട്ടമത്സരങ്ങളിലാണ് മത്സരിച്ചിരുന്നത്. ഇത്തവണ ജില്ലാ കായികമേളയിലും എത്തിയിരുന്നു.
കടമ്പഴിപ്പുറം എച്ച്എസിലെ കായികാധ്യാപകനും ശ്രീനന്ദയുടെ അയൽവാസിയുമായ സാജൻ സന്തോഷ് ഓർത്തെടുക്കുന്നു. ശ്രീനന്ദയുടെ ഗണിതാധ്യാപികയായ ആർ.ഗീതയ്ക്കും ഇതുതന്നെയാണ് പറയാനുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

