ഒറ്റപ്പാലം ∙ അന്നം ചോദിച്ചു വരുന്ന പാവപ്പെട്ട മനുഷ്യനെ തല്ലിക്കൊല്ലുന്നത് അങ്ങേയറ്റത്തെ കാടത്തമാണെന്നു കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ.
ആൾക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും ഒരു നിലയ്ക്കും മനുഷ്യസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മനുഷ്യർക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തി കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരളയാത്രയ്ക്ക് ഒറ്റപ്പാലത്തു നൽകിയ ജില്ലാതല സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. മനുഷ്യനന്മയ്ക്ക് ഏറെ പേരുകേട്ട മണ്ണിൽ കഴിഞ്ഞമാസം വാളയാറിലും നേരത്തെ അട്ടപ്പാടിയിലും ഉണ്ടായ സംഭവങ്ങൾ ഏറെ വേദനിപ്പിച്ചു.
മനുഷ്യർക്ക് അറിവ്, വസ്ത്രം, പാർപ്പിടം, സ്വസ്ഥജീവിതം എന്നിവ നൽകലാണു സഹജീവികളുടെ കർത്തവ്യം. അതവരുടെ അവകാശമാണ്.
നമ്മുടെ ഔദാര്യമല്ല.
ഈ നാട് നമ്മുടേതു പോലെ അവരുടേതു കൂടിയാണ്.അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും ജന്മാവകാശങ്ങളാണ്. അവകാശങ്ങളെക്കുറിച്ച് അറിയാത്തവർക്ക് അതേക്കുറിച്ച് അവബോധം നൽകാൻ നമുക്കു കഴിയണം.
മണ്ണുപുരണ്ട മനുഷ്യരെ ആദരിക്കണം.
അവർ പണിയെടുക്കുന്നതു കൊണ്ടാണു നാം അന്നമുണ്ണുന്നത്. അവരോട് അക്രമംകാണിക്കരുത്.മനുഷ്യർക്ക് ഈ മണ്ണിൽ അന്തസ്സോടെ ജീവിക്കാൻ കഴിയണം.
മനുഷ്യനെ വംശീയമായി വേർതിരിക്കുന്ന ഒന്നും ഉണ്ടാകാൻ പാടില്ല. ജില്ലാ അതിർത്തിയായ വിളയൂരിൽ കൊമ്പം മുഹമ്മദ് മുസല്യാരുടെ നേതൃത്വത്തിൽ യാത്രയെ ഉപഹാരം നൽകി സ്വീകരിച്ചു.
പാതയോരങ്ങളിൽ വൻജനാവലി യാത്രയെ എതിരേറ്റു. ആമയൂരിൽ സ്നേഹവിരുന്ന് പൂർത്തിയാക്കി ഉച്ചയോടെ ഒറ്റപ്പാലത്തേക്ക്.
ഇന്നു തൃശൂർ ജില്ലയിലെ ചാവക്കാട്ടാണു സ്വീകരണം. ഇതര ജില്ലകളിലെ പര്യടനങ്ങൾ പൂർത്തിയാക്കി 16നു വൈകിട്ട് 5നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണു സമാപനം.
മതനിരപേക്ഷത: കാന്തപുരത്തിന് വലിയ പങ്കെന്ന് മന്ത്രി എം.ബി.രാജേഷ്
ഒറ്റപ്പാലം ∙ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതിൽ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർക്കും കേരള മുസ്ലിം ജമാഅത്തിനും വലിയ പങ്കുണ്ടെന്നു മന്ത്രി എം.ബി.രാജേഷ്.
തുടർന്നും ആ പങ്ക് നിർവഹിക്കണമെന്നും മന്ത്രി പറഞ്ഞു. ‘മനുഷ്യർക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തി കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരളയാത്രയ്ക്ക് ഒറ്റപ്പാലത്തു നൽകിയ ജില്ലാതല സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളയാത്രയുടെ മുദ്രാവാക്യത്തോടു താതാത്മ്യപ്പെടുന്ന സർക്കാരാണു കേരളം ഭരിക്കുന്നത്.
സംസ്ഥാന സർക്കാർ എപ്പോഴും മനുഷ്യർക്കൊപ്പമാണ്. ‘മനുഷ്യർക്കൊപ്പം’ എന്ന മുദ്രാവാക്യത്തോട് ഐക്യപ്പെടാൻ സർക്കാരിനു കഴിയും.
രാജ്യം കലുഷിതമായി മാറിയ കഴിഞ്ഞ 10 വർഷത്തിനിടെ ഒരു വർഗീയ കലാപം പോലും നടക്കാത്ത ഏക സംസ്ഥാനം കേരളമാണെന്നു തല ഉയർത്തി നിന്നു പറയാം.
വർഗീയ ചേരിതിരിവ് സാധാരണയായി മാറിയ കാലത്താണിതെന്നു കൂടി ഓർക്കണം. രാജ്യത്തു വർഗീയ സംഘർഷങ്ങളുടെ ഇരകളായി മാറുന്നതു ന്യൂനപക്ഷങ്ങളാണ്.
ഇവരെ രണ്ടാം തരം പൗരന്മാരായാണു കാണുന്നത്. ബുൾഡോസറുകൾ വടക്കുനിന്ന് ഉരുണ്ടുരുണ്ടു തെക്കോട്ടും എത്തിയതാണു കർണാടകയിൽ കണ്ടത്. ഇവിടെയുരുണ്ട
ബുൾഡോസർ നല്ല മയമുള്ള ബുൾഡോസറാണെന്ന ന്യായീകരണവും നാം കണ്ടു. ബുൾഡോസറുകളുടെ ഇരകളാകുന്നതു ന്യൂനപക്ഷങ്ങളും ദലിതരുമാണ്.
ഒരു ബുൾഡോസറും കേരളത്തിലേക്കു വരില്ലെന്നു സംസ്ഥാന സർക്കാരിന് ഉറപ്പിച്ചു കഴിയാനാകുമെന്നും മന്ത്രി പറഞ്ഞു.
ഈസ്റ്റ് ഒറ്റപ്പാലം ചുനങ്ങാട് റോഡ് കവലയിൽ നിന്നു തുടങ്ങിയ റാലിക്കു ശേഷം ബസ് സ്റ്റാൻഡിലായിരുന്നു സ്വീകരണ സമ്മേളനം. കെ.പി.മുഹമ്മദ് മുസല്യാർ കൊമ്പം അധ്യക്ഷനായി.
ജാഥാ ക്യാപ്റ്റൻ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ മുഖ്യപ്രഭാഷണം നടത്തി. വി.കെ.ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ കെ.പ്രേംകുമാർ, പി.മമ്മിക്കുട്ടി, എ.മുഹമ്മദ് മുഹ്സിൻ, മുൻ എംഎൽഎമാരായ എം.ഹംസ, കളത്തിൽ അബ്ദുല്ല, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി.സുരേഷ്രാജ്, കെപിസിസി സെക്രട്ടറി പി.ഹരിഗോവിന്ദൻ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, പൊന്മള അബ്ദുൽ ഖാദർ മുസല്യാർ, മാരായമംഗലം എം.പി.അബ്ദുറഹ്മാൻ ഫൈസി, സാദിഖ് സഖാഫി പെരിന്താറ്റിരി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എം.വി.സിദ്ദീഖ് സഖാഫി എന്നിവർ പ്രസംഗിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
‘മനുഷ്യരെ തമ്മിൽ അകറ്റുന്ന പ്രസ്താവനകൾ വേണ്ട’
ഒറ്റപ്പാലം ∙ മനുഷ്യർ തമ്മിൽ അകലാൻ കാരണമാകുന്ന പ്രസ്താവനകൾ ആരിൽ നിന്നും ഉണ്ടാകാതിരിക്കുന്നതാണു നാടിന്റെ നന്മയ്ക്ക് ഉചിതമെന്നു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതൃത്വം. തിന്മകളെ നന്മ കൊണ്ടു പ്രതിരോധിക്കണമെന്നും ജനറൽ സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരിയും പേരോട് അബ്ദുറഹ്മാൻ സഖാഫിയും അഭിപ്രായപ്പെട്ടു. അടുത്തിടെ കേട്ട
ചില വിദ്വേഷ പരാമർശങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇരുവരും. പാലക്കാടിനായി പ്രത്യേക കാർഷിക വികസന പാക്കേജ് പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കു നിർണായക സംഭാവന നൽകുന്ന ജില്ലയിലെ നെൽക്കർഷകരെയും നെൽപാടങ്ങളെയും സംരക്ഷിക്കാൻ പാക്കേജ് അനിവാര്യമാണെന്നാണു നിലപാട്. നെല്ലിന്റെ താങ്ങുവില വർധിപ്പിക്കുക, സംഭരിക്കുന്ന നെല്ലിന്റെ പണം ഒരു മാസത്തിനകം നൽകുക തുടങ്ങിയ നിർദേശങ്ങളും പാക്കേജിൽ ഉൾപ്പെടുത്തണം.
പാലക്കാട് ഗവ.
മെഡിക്കൽ കോളജിനെ സ്വയംപര്യാപ്തമാക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞു 10 വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ റഫറൽ കേന്ദ്രമായി തുടരുകയാണു മെഡിക്കൽ കോളജ്.
ആവശ്യത്തിനു സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയോഗിച്ച് ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കി മെഡിക്കൽ കോളജിനെ പൂർണസജ്ജമായ ചികിത്സാ കേന്ദ്രമാക്കി മാറ്റണം. അട്ടപ്പാടി, നെല്ലിയാമ്പതി പോലുള്ള മലയോര മേഖലകളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും മഴക്കാലങ്ങളിൽ ഈ പ്രദേശങ്ങൾ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമംഗലം എം.പി.അബ്ദുറഹ്മാൻ ഫൈസി, എൻ.കെ.സിറാജുദീൻ ഫൈസി, ഷൗക്കത്ത് ഹാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

