ചെർപ്പുളശ്ശേരി ∙ തൂതപ്പുഴയ്ക്കു കുറുകെ 10 മീറ്റർ വീതിയിലും നൂറു മീറ്ററിലേറെ നീളത്തിലും ഉള്ള പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിൽ. മാർച്ച് മാസം ആദ്യവാരത്തിൽ ഗതാഗതത്തിനു തുറന്നുകൊടുക്കാൻ കഴിയും വിധമാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
ആറു തൂണുകളുടെ നിർമാണം പൂർത്തിയായ പുതിയ പാലത്തിൽ 18 വലിയ ഗർഡറുകൾ സ്ഥാപിക്കൽ രണ്ടു ദിവസങ്ങൾക്കകം തുടങ്ങുമെന്നാണ് അധികൃതർ നൽകുന്ന സൂചന. തൂണുകളെ ബന്ധിപ്പിക്കുന്ന ഗർഡറുകളും തയാറായിക്കഴിഞ്ഞു.
90 വർഷത്തിലേറെ പഴക്കമുള്ള വീതി തീരെ കുറഞ്ഞ തൂതപ്പാലത്തിനു സമാന്തരമായി വീതി കൂടിയ പാലം വേണമെന്നത് ഏറെ കാലങ്ങളായി യാത്രക്കാരുടെ ആവശ്യമായിരുന്നു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്നു 364 കോടി രൂപ ചെലവിട്ടുള്ള മുണ്ടൂർ–തൂത നാലുവരിപ്പാതയുടെ നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് മലപ്പുറം–പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ പാലം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.
പുഴയിലെ വെള്ളം പൂർണമായും തടഞ്ഞുനിർത്തി ഓവുചാൽ വഴി കടത്തിവിട്ടാണ് നിലവിൽ പണി നടത്തുന്നത്. ഗർഡറുകൾ സ്ഥാപിക്കൽ പൂർത്തിയാക്കിയതിനു ശേഷം കോൺക്രീറ്റ് പ്രവൃത്തിയും ടാറിങ് പ്രവൃത്തിയും പൂർത്തിയാക്കി മാർച്ചിൽ പുതിയ പാലത്തിലൂടെ ഗതാഗതം തുടങ്ങാനാണു ലക്ഷ്യം. പാലം യാഥാർഥ്യമാകുന്നതോടെ പാലക്കാട് നിന്നു ചെർപ്പുളശ്ശേരി, തൂത വഴി കോഴിക്കോട്ടേക്ക് 10 കിലോമീറ്റർ ദൂരക്കുറവിൽ എളുപ്പത്തിൽ എത്താൻ കഴിയും.
ടാറിങ് ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി പഴയ പാലത്തിലൂടെയും വാഹനഗതാഗതം തുടരുമെന്ന് അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

