വടവന്നൂർ ∙ എതിരെ വന്ന ബൈക്കിനു വഴിയൊരുക്കുന്നതിനിടെ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വെള്ളത്തിന്റെ ഒഴുക്കുണ്ടായിരുന്ന ജലസേചന കനാലിലേക്കു മറിഞ്ഞു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെ പതിനഞ്ചോളം പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല.
എലവഞ്ചേരിയിൽ നിന്നു വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോയിരുന്ന കാവുങ്കൽ ബസാണ് ഇന്നലെ രാവിലെ ഒൻപതോടെ അപകടത്തിൽപെട്ടത്. വടവന്നൂർ വേലായുധൻ മെമ്മോറിയൽ ഹൈസ്കൂൾ കഴിഞ്ഞു പൊക്കുന്നി എത്തുന്നതിനു മുൻപായി പാലത്തിനു സമീപത്തായിരുന്നു അപകടം.
വണ്ടിത്താവളം, പട്ടഞ്ചേരി എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുമായി പോവുകയായിരുന്ന ബസ് എതിരെ വന്ന ബൈക്ക് കടന്നുപോകുന്നതിനു വഴിയൊരുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു കനാലിലേക്കു വീഴുകയായിരുന്നു.
സ്കൂൾ വിദ്യാർഥികളായ കൊല്ലങ്കോട് നെന്മേനിയിലെ ശിവശ്വേത (17), എലവഞ്ചേരി സ്വദേശി അയന (16), വട്ടെക്കാട് സ്വദേശി ഷെറിൻ (13), വടവന്നൂർ മണ്ണാംകൊളുമ്പിലെ വർഷ (17), വട്ടെക്കാട് സ്വദേശി സാഹിത് (15) എന്നിവരെയും യാത്രക്കാരിയായ വടവന്നൂർ സ്വദേശിനി ദൈവാനിയെയും (48) കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. ചിറ്റൂർ അമ്പാട്ടുപാളയത്തെ ശകുന്തള (55), തത്തമംഗലത്തെ ദീപ (42), പല്ലാവൂർ സ്വദേശിനി സത്യഭാമ (63), അമ്പാട്ടുപാളയത്തെ ബദറുന്നീസ (55), നെന്മാറ വക്കാവിലെ കൃഷ്ണൻ (74) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾ എത്തി ചെറിയ പരുക്കുകളുള്ളവരെ മറ്റ് ആശുപത്രികളിലേക്കും വീടുകളിലേക്കും കൊണ്ടുപോയി. വടവന്നൂർ– പൊക്കുന്നി– വണ്ടിത്താവളം റോഡിനു വീതി കുറവായതിനാൽ ബസിനു വേഗവും കുറവായിരുന്നു. അതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. കനാലിൽ വെള്ളം ഉണ്ടായിരുന്നെങ്കിലും അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരുടെ സമയോചിത ഇടപെടലും കൂടുതൽ ഗുരുതരമായ സ്ഥിതി ഒഴിവാക്കുന്നതിനു സഹായിച്ചു.
കൊല്ലങ്കോട് അഗ്നിരക്ഷാ സേന, പൊലീസ്, ജനപ്രതിനിധികൾ എന്നിവരും സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

