പാലക്കാട് ∙നെല്ലിന്റെ സംഭരണവില വർധനയിൽ ഇതുവരെ നിലപാടു വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ. സംഭരണവില പ്രഖ്യാപനം വൈകിപ്പിക്കുന്നതു മനഃപൂർവമെന്നു കൃഷിക്കാർ.
ജില്ലയിൽ കൊയ്ത്ത് ആരംഭിച്ച് ഒരു മാസം കഴിഞ്ഞു. പകുതിയിലധികം സ്ഥലത്ത് കൊയ്ത്തും കഴിഞ്ഞു.
എന്നിട്ടും നെല്ലെടുപ്പ് ആരംഭിച്ചിട്ടില്ല. വിലയും പ്രഖ്യാപിച്ചിട്ടില്ല.
നെല്ലെടുപ്പു മനഃപൂർവം വൈകിപ്പിക്കുന്നതു വഴി സംഭരണവില വർധനയെന്ന ആവശ്യത്തെ പ്രതിരോധിക്കാനാണു സർക്കാർ നീക്കമെന്നാണു കൃഷിക്കാരുടെ ആശങ്ക.
ഓരോ സീസണിലും ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും കൃഷിക്കാർ സംശയിക്കുന്നു. സംസ്ഥാനത്ത് നിലവിൽ കിലോയ്ക്ക് 28.20 രൂപയ്ക്കാണു നെല്ലെടുത്തുകൊണ്ടിരിക്കുന്നതെന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ പ്രഖ്യാപനം.
ഇതിൽ തന്നെ വില വർധിപ്പിക്കില്ലെന്ന ആശങ്ക കൃഷിക്കാർ ഉന്നയിക്കുന്നു. കഴിഞ്ഞ സീസണിൽ 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ലെടുത്തത്.
ഇതിൽ 23 രൂപ കേന്ദ്ര വിഹിതവും 5.20 രൂപ സംസ്ഥാന വിഹിതവുമാണ്. പുറമെ കൈകാര്യച്ചെലവ് ഇനത്തിൽ കിലോയ്ക്ക് 12 പൈസയും നൽകുന്നുണ്ട്.
കഴിഞ്ഞ മേയ് മാസത്തിൽ കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 69 പൈസ വർധിപ്പിച്ച് 23.69 രൂപയാക്കി.
എന്നിട്ടും ഇതുവരെ സംസ്ഥാനം നെല്ലുവില പ്രഖ്യാപനം നടത്തിയിട്ടില്ല. സംസ്ഥാനത്ത് ഇത്തവണയും 28.20 രൂപ നിരക്കിലാണു നെല്ലെടുക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതം കിലോയ്ക്ക് 4.51 രൂപയായി കുറയും. അതല്ല കേന്ദ്രവർധന അതേ പടി സംസ്ഥാനത്തു കൂട്ടി നൽകിയാൽ 28.89 രൂപയാകും.
പുറമെ കൈകാര്യച്ചെലവ് ഇനത്തിൽ 12 പൈസയും ലഭിക്കും.
അപ്പോഴും സംസ്ഥാന സർക്കാർ വിഹിതം 5.20 രൂപയായി തുടരും. കേന്ദ്രത്തോടൊപ്പം സംസ്ഥാനം സ്വന്തം വിഹിതം കൂട്ടിയാൽ ഇതിലധികം തുക കൃഷിക്കാർക്കു ലഭിക്കും. ഇതിലൊന്നും ഇതുവരെ സംസ്ഥാനം നിലപാടു വ്യക്തമാക്കിയിട്ടില്ല.
സംഭരണ വിലയും പ്രഖ്യാപിച്ചിട്ടില്ല. കൊയ്തെടുത്ത നെല്ല് എന്നു സംഭരിക്കുമെന്ന കാത്തിരിപ്പിലാണു കൃഷിക്കാർ.
പൊതുവിപണിയിലെ വിലക്കുറവും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.
പ്രതിസന്ധിക്ക് ഉത്തരവാദി സംസ്ഥാന സർക്കാർ
ചിറ്റൂർ ∙ നെല്ലു സംഭരണത്തിലെ പ്രതിസന്ധിക്ക് ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് കിസാൻ ജനത ചിറ്റൂർ മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ഈ മാസം ആദ്യത്തോടെയെങ്കിലും നെല്ലെടുപ്പ് ആരംഭിക്കേണ്ടതായിരുന്നു.
ഇനി തീരുമാനം വന്ന് നെല്ലെടുക്കുമ്പോഴേക്കും കിട്ടിയ വിലയ്ക്ക് നെല്ലുവിറ്റൊഴിക്കേണ്ട അവസ്ഥയിലാകും കൃഷിക്കാർ.
സർക്കാർ ഉടൻ നെല്ലെടുത്തു കൃഷിക്കാരെ രക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി.ഭാസ്കരൻ അധ്യക്ഷനായി. എം.വിശ്വനാഥൻ, കെ.സജീവൻ, പി.സി.മണികണ്ഠൻ, കെ.രാജീവൻ, എൻ.ഗോപിനാഥൻ, കലാധരൻ, സുദേവൻ നല്ലേപ്പിള്ളി, സുബ്രഹ്മണ്യൻ കൊഴിഞ്ഞാമ്പാറ, സുരേഷ് പുത്തൻപുര, സുരേഷ് കറുകമണി, സുന്ദരൻ പള്ളത്താംപുള്ളി, ടി.മയിൽസ്വാമി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]