കഞ്ചിക്കോട് ∙ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നടപ്പാക്കുന്ന പിഎം വികാസ് പദ്ധതിയുമായി കൈകോർത്ത് പാലക്കാട് ഐഐടി. ന്യൂനപക്ഷ സമുദായങ്ങളുടെ നൈപുണ്യ വികസനവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിഎം വികാസ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ സ്ഥാപനമാണ് പാലക്കാട് ഐഐടി.
പിഎം വികാസ് പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 400 ഉദ്യോഗാർഥികൾക്ക് ഐഐടിയുടെ കീഴിലുള്ള ഐപിടിഐഎഫിന്റെ നേതൃത്വത്തിൽ ജൂനിയർ ചിപ് ഡിസൈനിങ്, എംബഡഡ് സോഫ്റ്റ്വെയർ എൻജിനീയറിങ്, ജൂനിയർ ഡ്രോൺ എൻജിനീയറിങ് എന്നീ മേഖലകളിൽ പരിശീലനം നൽകും.
ആദ്യ ഘട്ടത്തിൽ 3 കോഴ്സുകളിലാണ് പരിശീലനം. തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ കോഴ്സുകൾ ആരംഭിച്ചു കൂടുതൽ ഉദ്യോഗാർഥികൾക്കു പരിശീലനം നൽകും.
കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ പങ്കെടുത്ത ചടങ്ങിൽ ഇതു സംബന്ധിച്ച് പാലക്കാട് ഐഐടി ധാരണാപത്രം ഒപ്പുവച്ചു.
തുടർന്നു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വിദ്യാർഥികളുമായി സംവദിച്ചു. ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ സെക്രട്ടറി ഡോ.ചന്ദ്രശേഖർ കുമാർ, ഡപ്യൂട്ടി സെക്രട്ടറി അങ്കൂർ യാദവ് എന്നിവർ മുഖ്യാതിഥികളായി.
ഐഐടി ഡയറക്ടർ പ്രഫ.എ.ശേഷാദ്രി ശേഖർ, ഐസിഎസ്ആർ ഡീൻ ഡോ.അരവിന്ദ് അജോയ്, ഐപിടിഐഎഫ് സിഇഒ ഡോ.സായി ശ്യാം നാരായണൻ എന്നിവർ പ്രസംഗിച്ചു. പിഎം വികാസ് പദ്ധതി ഗുണഭോക്താക്കളായ വിദ്യാർഥികളും അനുഭവങ്ങൾ പങ്കുവച്ചു.
പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിവിധ കോളജ് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
വിദ്യാർഥികൾ പ്രാദേശികതയുടെ ശബ്ദമാകണം: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
വിദ്യാർഥികൾ പ്രാദേശിക വികസനത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനും അവരുടെ ശബ്ദമായി മാറണമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പാലക്കാട് ഐഐടിയിൽ പിഎം വികാസ് പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങിൽ വിദ്യാർഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം.
പിഎം വികാസ് പദ്ധതി വിദ്യാർഥികൾ ഭാവി വളർച്ചയ്ക്കു സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. 2047 ഓടെ ഇന്ത്യ വികസിത രാജ്യമായി മാറും.
വിദ്യാർഥികൾ വികസിത ഇന്ത്യയെ നയിക്കാൻ പ്രാപ്തിയുള്ളവരായി രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറണം. മികച്ച പരിശീലനം നേടി വിദ്യാർഥികൾ തൊഴിൽദാതാക്കളായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]