
തൊട്ടടുത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ്, ഇപ്പുറത്ത് 2000 രൂപ വീതം കൈക്കൂലി; 3 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിന് ഒരു കിലോമീറ്റർ അകലെ, പൊതുമരാമത്തു വകുപ്പ് ഓഫിസിൽ നിന്നു കൈക്കൂലി പണവുമായി മൂന്ന് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള റോഡ്സ് വിഭാഗം ഓഫിസിലെ ക്വാളിറ്റി കൺട്രോൾ ഓഫിസർ എസ്.ശശിധരൻ, ജൂനിയർ സൂപ്രണ്ട് സി.രമണി, ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ ജെ.സാലുദ്ദീൻ എന്നിവരെയാണു 2,000 രൂപ വീതം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. ഇതേ സമയത്തു മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജൻ എന്നിവർ പട്ടയമേളയിൽ പങ്കെടുക്കാൻ തൊട്ടടുത്തു കോട്ടമൈതാനത്തുണ്ടായിരുന്നു.
മലമ്പുഴയിൽ നടക്കുന്ന അവലോകനയോഗത്തിൽ പങ്കെടുക്കാൻ 13 മന്ത്രിമാരും ജില്ലയിലുണ്ടായിരുന്നു. ‘കരുണയ്ക്കു വേണ്ടിയല്ല, അവകാശത്തിനു വേണ്ടിയാണു ജനം സർക്കാർ ഓഫിസുകളിലെത്തുന്നത്’ എന്നു മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. നിർമാണം പൂർത്തിയാക്കിയ റോഡുകളുടെ ബിൽ മാറിക്കിട്ടാനെത്തിയപ്പോഴാണു കരാറുകാരനിൽ നിന്നു മൂന്ന് ഉദ്യോഗസ്ഥരും പണം ആവശ്യപ്പെട്ടത്.
ബിൽ മാറിക്കിട്ടാൻ ഈ ഉദ്യോഗസ്ഥരുടെ ഒപ്പു വേണം. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ പണം കരാറുകാരനിൽ നിന്ന് ഉദ്യോഗസ്ഥർ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇതിനു മുൻപും ബിൽ മാറിക്കിട്ടാൻ ഇതേ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി കരാറുകാരൻ വിജിലൻസിനു മൊഴിനൽകി. ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടത്തി. മൂന്ന് ഉദ്യോഗസ്ഥരെയും തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നു ഡിവൈഎസ്പി എസ്.ഷംസുദ്ദീൻ അറിയിച്ചു.
ഇൻസ്പെക്ടർമാരായ ടി.ഷിജു ഏബ്രഹാം, അരുൺ പ്രസാദ്, ഇൻസ്പെക്ടർ എം.ശശി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.സുഭാഷ്, വി.ഹരിഹരൻ, ആർ.രാജേഷ്, കെ.മനോജ്, എം.ബാലകൃഷ്ണൻ, വി.സുജിത്ത്, എസ്.സിന്ധു, വി.ഷംസുദ്ദീൻ, കെ.ജിതിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.