
ചെറുപുഷ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇ ടോയ്ലറ്റ് പ്രവർത്തിച്ചത് 3 മാസം; പണിമുടക്കിയിട്ട് 10 വർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി ∙ ടൗണിലെ ചെറുപുഷ്പം സ്റ്റോപ്പിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും കംഫർട്ട് സ്റ്റേഷനും യാത്രക്കാർക്ക് ദുരിതമാകുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇ ടോയ്ലറ്റ് പ്രവർത്തിച്ചത് വെറും 3 മാസം. പ്രവർത്തനരഹിതമായി 10 വർഷം പിന്നിട്ടിട്ടും ഇതുമാറ്റി പുതിയത് നിർമിക്കാനായിട്ടില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോർന്നൊലിച്ചതോടെ വീണ്ടും ലക്ഷങ്ങൾ മുടക്കി ഇതിനു മുകളിൽ ഷീറ്റിട്ടു. അന്നത്തെ എംഎൽഎയുടെ പേരും വലിയ അക്ഷരത്തിൽ എഴുതി വച്ചു. ഇവിടെ നിർമിച്ച രണ്ട് ഇ–ടോയ്ലറ്റും പ്രവർത്തിക്കുന്നില്ല. എന്നാൽ ഇതിന് സമീപം ദുർഗന്ധപൂരിതമാണ്. മൂക്ക് പൊത്താതെ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. യാത്രക്കാർക്ക് ശുദ്ധജലം നൽകാനായി നിർമിച്ച ജലവിതരണ സംവിധാനവും തകരാറിലായി കിടക്കുകയാണ്.
പുതിയതായി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭാഗത്ത് പ്ലാസ്റ്റിക് കുപ്പികൾ ഇടാനുള്ള ബോട്ടിൽ ബൂത്ത് വച്ചിരിക്കുകയാണ്. ഇവിടവും വൃത്തിഹീനമായി കിടക്കുന്നു. യാത്രക്കാർ ഇതിന് മുന്നിൽ ബസ് വരുന്നത് വരെ നിൽക്കണം. വിദ്യാർഥികൾ എത്തിയാൽ ഈ ഭാഗത്തെ തിരക്ക് പതിന്മടങ്ങാകും. പഞ്ചായത്തിന് നിരന്തരം പരാതികൾ നൽകിയിട്ടും നടപടിയുമില്ല. ഇവിടെയുള്ള ഹൈമാസ്റ്റ് ലൈറ്റും ചില സമയങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ചെറുപുഷ്പം സ്കൂളിന് മുന്നിലെ പൊളിച്ച് നീക്കിയ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം പുതിയത് നിർമിച്ചിട്ടില്ല. ഇവിടെ വ്യാപാരി വ്യവസായി ഏകോപന സമിതി താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത് മാത്രമാണ് ആശ്വാസം. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ട്. അതിനാൽ സംഘടനകൾക്ക് ഇവിടെ പുതിയ കേന്ദ്രം നിർമിക്കാനും കഴിയുന്നില്ല.
ബോട്ടിൽ ബൂത്ത് എടുത്തുമാറ്റി
ടൗണിലെ മന്ദം ജംക്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ സ്ഥാപിച്ച പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്ന ബോട്ടിൽ ബൂത്ത് എടുത്തുമാറ്റി. ഇത് സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ കയറാനാകാതെ യാത്രക്കാർ മഴ നനഞ്ഞും വെയിലേറ്റും ബസ് കാത്ത് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇന്നലെ ബന്ധപ്പെട്ടവരെത്തി ബോട്ടിൽ ബൂത്ത് മാറ്റിയത്.