
അലൻ യാത്രയായി; അന്ത്യചുംബനമേകാൻ അമ്മയെത്തി ആംബുലൻസിൽ: നൊമ്പരക്കാഴ്ച
പാലക്കാട് ∙ തൃശൂരിലെ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ ഒരുപാടു വേദന സഹിച്ചാണ് ആ അമ്മ മുണ്ടൂരിലെ വീട്ടിലെത്തിയത്. വീടിനു മുന്നിലെ കാഴ്ച അതിനെക്കാൾ വേദനയുള്ളതായിരുന്നു.
രണ്ടു ദിവസം മുൻപു തനിക്കൊപ്പം വിശേഷങ്ങൾ പറഞ്ഞു വീട്ടിലേക്കു നടന്ന മകന്റെ ചേതനയറ്റ ശരീരം കയ്യകലെ ചില്ലുപേടകത്തിൽ, അതിൽ അമ്മ ഒന്നു തൊട്ടു; വാത്സല്യത്തോടെ, സങ്കടത്തോടെ. ഞായറാഴ്ച രാത്രി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട
മുണ്ടൂർ കയറംകോട് അത്താണിപ്പറമ്പിൽ കണ്ണാടൻചോല കുളത്തിങ്കൽ അലൻ ജോസഫിന് (23) ഇന്നലെ നാടു വിടചൊല്ലി. അലന്റെ മൃതദേഹത്തിനരികെ കരയുന്ന അമ്മ വിജി.
ചിത്രം: മനോരമ
ഗുരുതരമായി പരുക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ വിജിയെ ആംബുലൻസിൽ പ്രത്യേക സൗകര്യങ്ങളൊരുക്കിയാണ് മകനെ അവസനമായി കാണാനെത്തിച്ചത്. വീട്ടുമുറ്റത്തേക്ക് ആംബുലൻസ് കയറ്റാൻ വഴിയില്ലാത്തതിനാൽ 100 മീറ്ററോളം സ്ട്രെച്ചറിൽ കിടത്തിയാണ് അവരെ അലന്റെ മൃതദേഹത്തിനു സമീപമെത്തിച്ചത്. വിജിയുടെ തോളെല്ലിനും നട്ടെല്ലിനും പൊട്ടലുള്ളതിനാൽ കൈകൾ മാത്രമാണു ചലിപ്പിക്കാനാകുക.
മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട
അലന്റെ മൃതദേഹം സംസ്കാരത്തിനായി വീട്ടിൽ നിന്നു കൊണ്ടുപോകുന്നു. ആന ആക്രമിച്ച സ്ഥലത്ത് അലന്റെയും അമ്മ വിജിയുടെയും ചെരുപ്പുകളും വീട്ടിലേക്കു വാങ്ങിയ പാൽ അടക്കമുള്ള സാധനങ്ങളും കാണാം.
മകനെ അവസാനമായി കാണണമെന്ന വിജിയുടെ ആഗ്രഹത്തെ തുടർന്നു ഡോക്ടർമാർ അവസരമൊരുക്കുകയായിരുന്നു. ചെറിയൊരു അണുബാധ പോലും പ്രശ്നമുണ്ടാക്കുമെന്നതിനാൽ നാട്ടുകാരും ജാഗ്രത പുലർത്തി.
മെഡിക്കൽ കോളജിൽ നിന്നുള്ള നഴ്സും ആംബുലൻസിലുണ്ടായിരുന്നു. അലന്റെ അച്ഛൻ ജോസഫ് മാത്യുവിനെയും സഹോദരി ആൻ മേരിയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും വേദനയോടെ നിന്നു. അലന്റെ മൃതദേഹം കിടത്തിയിരുന്ന പന്തലിന് 800 മീറ്റർ അകലെയുള്ള കാട്ടിൽ അവരെ ആക്രമിച്ചതെന്നു സംശയിക്കുന്ന കാട്ടാന മറ്റൊരു ആനയ്ക്കും കുട്ടിക്കുമൊപ്പം നിലയുറപ്പിച്ചിരുന്നു.
ഇവ കാടുവിട്ടു പുറത്തിറങ്ങാതിരിക്കാൻ വനം ഉദ്യോഗസ്ഥരുടെ സംഘം കാവൽ നിന്നു. ആനകളെ പിന്നീട് ഉൾക്കാട്ടിലേക്കു തുരത്തി.
ഉച്ചയ്ക്കു രണ്ടോടെ മൈലംപുള്ളിയിലെ സെമിത്തേരിയിൽ സംസ്കരിച്ചു. എംഎൽഎമാരായ എ.പ്രഭാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ, പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവർ അന്തിമോപചാരമർപ്പിക്കാനെത്തി.
ഇരുട്ടിയാൽ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ്
മുണ്ടൂർ ∙ കാട്ടാനകൾ സമീപത്തുതന്നെയുള്ളതിനാൽ നേരം ഇരുട്ടിയ ശേഷം വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നു പ്രദേശവാസികൾക്കു വനംവകുപ്പു നിർദേശം നൽകി. നേരം പുലർന്ന ശേഷമേ ജോലിക്കിറങ്ങാവൂ എന്നു റബർ ടാപ്പിങ് തൊഴിലാളികളോടും നിർദേശിച്ചിട്ടുണ്ട്.
കാട്ടാനകളെ മയക്കുവെടിവച്ചു പിടിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]