പാലക്കാട് ∙ ഒൻപതു വയസ്സുകാരിയുടെ കൈത്തണ്ടയ്ക്കു താഴെ ആഴത്തിലുണ്ടായ മുറിവു ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടതാണു പഴുപ്പുണ്ടാകാനും തുടർന്നു കൈ മുറിച്ചു മാറ്റാനും കാരണമായതെന്നു കുടുംബം ആരോപിച്ചു. എന്നാൽ, ഇക്കാര്യത്തിൽ മൗനം തുടരുകയാണ് ആരോഗ്യവകുപ്പ്.വീട്ടിൽ കളിക്കുന്നതിനിടെ വീണ് എല്ലുപൊട്ടിയ പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈക്കു പുറത്തെ മുറിവു നിസ്സാരമായിരുന്നു എന്നും ഇതു വൃത്തിയാക്കി മരുന്നു വച്ചുകെട്ടിയെന്നുമാണ് ആശുപത്രി സൂപ്രണ്ടും ഓർത്തോ വിഭാഗം മേധാവിയും ഉൾപ്പെടെ പറയുന്നത്.
ഡിഎംഒ നിയോഗിച്ച സമിതിയുടെ പ്രാഥമികാന്വേഷണത്തിൽ മുറിവിനെക്കുറിച്ചോ അതു ചികിത്സിച്ചതിനെക്കുറിച്ചോ പരാമർശമില്ലായിരുന്നു. രണ്ടാം ദിവസം കുട്ടി ആശുപത്രിയിലെത്തിയപ്പോഴും കയ്യിൽ രക്തയോട്ടം നിലച്ചതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നാണ് അധികൃതർ പറഞ്ഞത്.
എന്നാൽ, കയ്യിൽ പഴുപ്പ് എങ്ങനെയുണ്ടായി എന്നതിന് ‘മെഡിക്കൽ സങ്കീർണത’ എന്ന വിശദീകരണമാണു നൽകുന്നത്.
പ്ലാസ്റ്ററിട്ട കയ്യിലെ മുറിവിൽ ചൊറിയുന്നതും പഴുപ്പിനു കാരണമാകാമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഇതുമായി ബന്ധപ്പെട്ടു ചികിത്സാ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി പ്രഥമദൃഷ്ട്യാ ആരോഗ്യവകുപ്പു കണ്ടെത്തിയതിനെ തുടർന്നാണു 2 ഡോക്ടർമാരെ സസ്പെൻഡ് ചെയ്തത്.കയ്യിൽ നിന്നു രക്തമൊലിക്കുന്ന രീതിയിലാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നു മാതാപിതാക്കൾ പറയുന്നു. നിസ്സാര പരുക്കു മാത്രമെങ്കിൽ തുണി വച്ചുകെട്ടിക്കൊണ്ടു വരേണ്ട
ആവശ്യമുണ്ടാവുമോ എന്നു കുട്ടിയുടെ അച്ഛൻ വിനോദ് ചോദിക്കുന്നു. മുറിവിൽ കാര്യമായ ചികിത്സ നടത്താതെ അതിനു മുകളിൽ പ്ലാസ്റ്ററിട്ടതും പിറ്റേന്ന് ആശുപത്രിയിലെത്തിയപ്പോൾ മുറിവിന്റെ അവസ്ഥ പരിശോധിക്കാത്തതുമെല്ലാം വീഴ്ചയിലേക്കു വിരൽചൂണ്ടുന്നു.
വീണ്ടും ശസ്ത്രക്രിയ
വിനോദിനിക്ക് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ശസ്ത്രക്രിയകൂടി നടത്തി.
കയ്യിലെ മുറിവിൽ അണുബാധയില്ലാതാക്കാനാണു വീണ്ടും ശസ്ത്രക്രിയ നടത്തിയതെന്നും ഐസിയുവിലേക്കു മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം ഇട്ട
പ്ലാസ്റ്റർ 5 ദിവസം കഴിഞ്ഞേ മാറ്റുകയുള്ളൂവെന്നു ഡോക്ടർമാർ അറിയിച്ചതായി പിതാവ് വിനോദ് പറഞ്ഞു.
ഡോക്ടർമാർക്കെതിരെ നടപടി വേണം; യൂത്ത് ലീഗ് പ്രതിഷേധം
പാലക്കാട്∙ ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഉത്തരവാദികളായ എല്ലാ ഡോക്ടർമാർക്കെതിരെയും ശക്തമായ നടപടി ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫിസറുടെ ഓഫിസ് ഉപരോധിച്ച് യൂത്ത് ലീഗ്. കുട്ടിയുടെ തുടർചികിത്സയും തുടർപഠനവും സർക്കാർ ഏറ്റെടുക്കണമെന്നും,കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങളടങ്ങിയ നിവേദനവും ഡിഎംഒക്ക് കൈമാറി.
ഓഫിസിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഉപരോധ സമരത്തിൽ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റിയാസ് നാലകത്ത്, ജില്ലാ ഭാരവാഹികളായ കെ.എം. ഷിബു, കാദർ പൊന്നംങ്ങോട്, മണ്ഡലം പ്രസിഡന്റുമാരായ യു.ടി.താഹിർ,ഷമീർ ചുങ്കം, ഫിറോസ് മേപ്പറമ്പ്, ഫാറൂഖ് തരൂർ, ഷെഫീഖ് മേപ്പറമ്പ്, മുബീർ പുതുപ്പള്ളിതെരുവ്, കാജാ ഹുസൈൻ എന്നിവർ പങ്കെടുത്തു.
ഡോക്ടർമാരുടെ സസ്പെൻഷൻ; ഒപി ബഹിഷ്കരിച്ച് കെജിഎംഒഎ
പാലക്കാട്∙ കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിസ്സഹകരണ സമരവുമായി കേരള സർക്കാർ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ).
ഇന്നുജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കരിദിനവും പ്രതിഷേധ യോഗങ്ങളും നടത്തും. പൾസ് പോളിയോ ഒഴികെ ആശുപത്രിക്കു പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളും മീറ്റിങ്ങുകളും, പരിശീലനങ്ങളും റിപ്പോർട്ടിങ്ങും ഇന്നു മുതൽ ബഹിഷ്കരിക്കും.
13ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കും.
14ന് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഒപി ബഹിഷ്കരിക്കും.സംഭവത്തിൽ രണ്ടു വ്യത്യസ്ത അന്വേഷണങ്ങളിലും ഡോക്ടർമാർക്ക് വീഴ്ച വന്നിട്ടില്ലെന്നാണ് കണ്ടെത്തിയതെന്നും ഡോക്ടർമാരെ തിടുക്കത്തിൽ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി മനോവീര്യം തകർക്കുന്നതാണെന്നും കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.പി.ജി.മനോജ്, സെക്രട്ടറി ഡോ.വൈശാഖ് ബാലൻ എന്നിവർ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]