പാലക്കാട് ∙ ക്രിക്കറ്റ് താരം സഞ്ജു സാംസണിൽ നിന്നു മൊബൈൽ ഫോൺ സമ്മാനമായി കിട്ടിയ സന്തോഷത്തിലാണു കടമ്പഴിപ്പുറം സ്വദേശി ടി.ശബരീഷ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടമ്പഴിപ്പുറം പുഞ്ചപ്പാടം ബസ് സ്റ്റോപ്പിനു സമീപത്തായിരുന്നു സംഭവം.
കടമ്പഴിപ്പുറം പുഞ്ചപ്പാടത്തെ മൈതാനത്തു വൈകിട്ട് പതിവുപോലെ ക്രിക്കറ്റ് കളിക്കാൻ പോകുകയായിരുന്നു ശബരീഷും കൂട്ടുകാരും. ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ആരാധകനായ ശബരീഷ് മഞ്ഞ ജഴ്സിയാണ് ധരിച്ചിരുന്നത്.
കയ്യിൽ ബാറ്റുമുണ്ടായിരുന്നു. സഞ്ജുവിന്റെയും ആരാധകനാണു ശബരീഷ്.
പുഞ്ചപ്പാടം സ്കൂൾ ബസ് സ്റ്റോപ്പിനു സമീപം കറുത്ത റേഞ്ച് റോവർ കാർ കിടക്കുന്നതു കണ്ടു വെറുതേ നോക്കി.
കാറിനു സമീപത്തു മൊബൈൽ ഫോണിൽ സംസാരിച്ചു നിൽക്കുന്നയാളെ കണ്ടു സ്തബ്ധനായി. വെളുത്ത ടീ ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് സാക്ഷാൽ സഞ്ജു സാംസൺ.
കഴിഞ്ഞ ദിവസം ടിവിയിൽ ഐപിഎൽ മത്സരത്തിൽ കണ്ടയാൾ കൺമുന്നിൽ. ഒരു സെൽഫി എടുത്തോട്ടെ എന്നു ശബരീഷ് സഞ്ജുവിനോടു ചോദിച്ചു.
‘പിന്നെന്താ…’ എന്നു സഞ്ജുവിന്റെ മറുപടി. സെൽഫി എടുക്കുമ്പോഴാണു ശബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേയിൽ പൊട്ടലുള്ളതു സഞ്ജുവിന്റെ ശ്രദ്ധയിൽപെട്ടത്.
ഫോണിൽ പതിഞ്ഞ ചിത്രത്തിനു വ്യക്തതയുമുണ്ടായിരുന്നില്ല.
ഉടനെ കാറിന്റെ ഡിക്കി തുറന്ന് സഞ്ജു ഒരു മൊബൈൽ ഫോൺ എടുത്തു ശബരീഷിനു നൽകി. ‘ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേ പോയതല്ലേ’.
നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവും. ഈ മൊബൈൽ ഫോണിലാണു ശബരീഷ്, സഞ്ജുവിനോടൊപ്പമുള്ള സെൽഫി പകർത്തിയത്.
കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നു സഞ്ജു കോയമ്പത്തൂർ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു. ചെന്നൈയിൽ ഐപിഎൽ മത്സരത്തിൽ കളിക്കാനാണു പോകുന്നത്.
ഡിഷ് ആന്റിന ടെക്നീഷ്യനായ ശബരീഷ് കടമ്പഴിപ്പുത്തെ ക്ലബിൽ ക്രിക്കറ്റ് കളിക്കാരാനാണ്. വിക്കറ്റ് കീപ്പറും.
മുണ്ടൂരിലെ ചായക്കടയിൽ സഞ്ജു സാംസൺ
മുണ്ടൂർ ∙ മനസ്സിൽ ആരാധിക്കുന്ന താരത്തെ കൺമുന്നിൽ കണ്ടപ്പോൾ കൂട്ടുപാതയിലെ വ്യാപാരി ഗോവിന്ദരാജിനു വിസ്മയം.
ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്നാക്സ് വാങ്ങാനാണു കടയിൽ എത്തിയത്. ഗോവിന്ദരാജ് ‘സുഖമാണോ സർ’, എന്നു ചോദിച്ചപ്പോൾ അതേ എന്നായിരുന്നു മറുപടി.
ഒരു ഫോട്ടോ എടുത്തോട്ടെ എന്ന അടുത്ത ചോദ്യത്തിനു ഉത്തരം പെട്ടെന്നു വന്നു – ‘സമ്മതം’. സുഹൃത്തിന്റെ കുട്ടികളെക്കൂടി വിളിക്കട്ടെയെന്ന ചോദ്യത്തിനും ശരിയെന്നു മറുപടി.
റോഡ് കടന്നു കുട്ടികൾ എത്തും വരെ സഞ്ജു കാത്തുനിന്നു. കുട്ടികളായ നിദ്യ മനോജ്, നേഹ മുരളീദാസ് എന്നിവരെത്തി ഫോട്ടോ എടുത്ത ശേഷം യാത്ര പറഞ്ഞാണു സഞ്ജു പോയത്.
സമീപത്തെ ചെട്ടിയാർ ചായക്കടയിൽ നിന്നു ചായ കുടിക്കുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

