പ്രിയപ്പെട്ട കൊച്ചി, ഇതു വല്ലതും അറിയുന്നുണ്ടോ.
അങ്ങൊരു വലിയ മഹാനഗരസഭയായി പടർന്നു വിലസുമ്പോൾ കൊച്ചിയുടെ പേരിൽ പട്ടഞ്ചേരി പഞ്ചായത്തിൽ കൊച്ചിക്കാട് എന്നൊരു കൊച്ചുഗ്രാമം. പണ്ടു നാടുവാണിരുന്ന കൊച്ചിരാജാക്കൻമാർ ആദിവാസി വിഭാഗങ്ങൾക്കു പതിച്ചുകൊടുത്ത കാട് പിന്നീട് കൊച്ചിക്കാടായി.
രാജാക്കന്മാരുടെ മണ്ണാണെങ്കിലും ഇപ്പോൾ മുഴങ്ങിക്കേൾക്കുന്നതു ‘പ്രിയപ്പെട്ട ജനാധിപത്യവിശ്വാസികളെ ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്ന തിരഞ്ഞെടുപ്പു വാഹനങ്ങൾ.ബാലസുബ്രഹ്മണ്യന്റെ വീട്ടിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ ഒരുമിച്ചാണെത്തിയത്.
കോൺഗ്രസ് പ്രവർത്തകനായ എ.വിനോദ്കുമാർ, ജനതാദൾ (എസ്) നേതാക്കളായ പി.വിമൽദാസിനെയും കെ.ശെൽവകുമാറിനെയും അഭിവാദ്യം ചെയ്തു.
പിണറായി വിജയൻ സർക്കാരിന്റെ ക്ഷേമപെൻഷൻ വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞാൽതന്നെ ജനമാകെ എൽഡിഎഫിന് വോട്ടു ചെയ്യുമെന്ന് ഇരുവരും ഉറപ്പിച്ചു പറഞ്ഞു. കോൺഗ്രസ് നേതാവായ സി.നൂർമുഹമ്മദിന് അങ്ങനെയൊരു അഭിപ്രായമല്ല.
തിരഞ്ഞെടുപ്പുകാലത്തു കണ്ണിൽപ്പൊടിയിടാൻ ചെയ്യുന്ന കാര്യങ്ങൾ ജനം തിരിച്ചറിയും. കിറ്റും വാഗ്ദാനവും കൊടുത്ത് എല്ലാകാലത്തും ജനത്തെ വിശ്വസിപ്പിക്കാൻ കഴിയില്ലെന്ന് നൂർ മാഷ്.
പഴയ സോഷ്യലിസ്റ്റാണെങ്കിലും കെ.എസ്.ഉദയകുമാർ ഇപ്പോൾ യുഡിഎഫ് അനുഭാവിയാണ്. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസിന്റെ അനുയായി.
ശബരിമലയിലെ സ്വർണ മോഷണം ഇത്തവണ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് ഉദയകുമാർ പറയുന്നു.
പലയിടത്തും വോട്ടർമാർ സഖാക്കളോട് ഇതു ചോദിക്കുന്നുണ്ടെന്ന് ഉദയകുമാർ. ഇത്തവണ സിപിഎമ്മും ജനതാദളും തമ്മിൽ പിണക്കമൊന്നും ഇല്ലേ എന്ന ചോദ്യത്തിന് ഞങ്ങൾ ഒറ്റക്കെട്ടാണെന്ന് വിമൽദാസ് പറയുന്നു. പലയിടത്തും കാണുന്ന പോസ്റ്ററുകളിൽ ജനതാദളിന്റെ ചിഹ്നമായ കറ്റയേന്തിയ കർഷകസ്ത്രീയുടെ ചിത്രത്തിലെ സ്ത്രീയുടെ കയ്യിൽ അരിവാൾ ചുറ്റികയും ഉണ്ടോ ? ചിലപ്പോൾ തോന്നിയതാകും.
കെണിയിലാകരുത് കർഷകർ
ധർമലിംഗത്തിന്റെ തൊഴുത്തിൽ തമ്പുവെന്നും അപ്പുവെന്നും പേരിൽ രണ്ടു കാളകളുണ്ട്.
അവയെ പുറത്തു കെട്ടിയപ്പോൾ നേതാക്കൾക്കു കയറാൻ ഒരു മോഹം. രാഷ്ട്രീയം മറന്ന് യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ കാളവണ്ടിയിൽ സവാരി നടത്തി. കൊച്ചിയൊക്കെ മഹാനഗരമായി മാറുമ്പോൾ ഇങ്ങനെയായാൽ മതിയോ എന്ന ചോദ്യത്തിന് കാടു പിടിച്ചു കിടന്ന ഈ നാട്ടിൽ റോഡും വെള്ളവും വെളിച്ചവുമൊക്കെ എത്തിച്ചത് പട്ടഞ്ചേരി ഭരിച്ചിരുന്ന കോൺഗ്രസാണെന്നു വിനോദ് പറയുന്നു.
എന്നാൽ നല്ല ഭരണം ഇടതുപക്ഷത്തിലൂടെ കാണാൻ പോകുന്നതേയുള്ളുവെന്ന് മറുപക്ഷം. തെങ്ങിൻ തോപ്പിലെ കൊക്കർണിക്കരയിൽ (കൃഷിയിടത്തിലെ ചെറിയ കുളം) ബാലസുബ്രഹ്മണ്യം ഇരിക്കുമ്പോൾ നിത്യപ്രകാശ് അടുത്തിരുന്നു.
കൃഷിയെക്കുറിച്ചായി ചർച്ച. ഓരോ ദിവസം കഴിയും തോറും കർഷകർ കൂടുതൽ കെണിയിലാകുന്നു. കർഷകർക്കായി ഒറ്റക്കെട്ടായി നിൽക്കുന്ന രാഷ്ട്രീയം വേണമെന്ന് ഇവർ പറയുന്നു.
എട്ടൻമാരുടെ രാഷ്ട്രീയം
പാതയോരത്ത് എൽഡിഎഫിന്റെ പരിപാടിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി കേൾവിക്കാരനായി നിൽക്കുന്നു. നേതാക്കൾ ക്ഷണിച്ചപ്പോൾ –ഏയ് നിങ്ങള് പ്രസംഗിച്ചാൽ മതിയെന്നു പറഞ്ഞു കൃഷ്ണൻകുട്ടിയേട്ടൻ വലിഞ്ഞു.
കൃഷ്ണൻകുട്ടിയേട്ടന്റെ ചിത്രങ്ങൾ ഇടതുപക്ഷ പോസ്റ്ററുകളിൽ പലയിടത്തും കാണാമെങ്കിൽ കോൺഗ്രസ് പോസ്റ്ററുകളിൽ തെളിഞ്ഞു കാണുന്നത് മുൻ ചിറ്റൂർ എംഎൽഎ കെ.അച്യുതനാണ്. ‘ഏട്ടോ’ എന്നു വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അച്ചുവേട്ടനും കൃഷ്ണൻകുട്ടിയേട്ടനുമാണ് ചിറ്റൂരിൽ സാധാരണക്കാരുടെ രാഷ്ട്രീയ മുഖം. അങ്ങനെ തിളങ്ങുന്ന രാഷ്ട്രീയമുഖങ്ങളാകാൻ ‘ഏട്ടോ, ചേച്ചി’ എന്നു വിളിച്ച് ഓരോ വോട്ടും പെട്ടിയിലാക്കാൻ രാഷ്ട്രീയക്കാർ ഓടിനടക്കുകയാണിവിടെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

