അനങ്ങനടി∙ കോടികൾ മുടക്കിയ റോഡ് നവീകരണ പദ്ധതി പൂർത്തിയാകും മുൻപേ തകർന്ന കലുങ്കിന്റെ അറ്റകുറ്റപ്പണി മണിക്കൂറുകൾക്കകം പൂർത്തിയാക്കി. വാണിയംകുളം–കോതകുറുശ്ശി റോഡിൽ കലുങ്കിനു മുകളിലെ തകർന്ന സ്ലാബ് പൊളിച്ചുനീക്കി പുതിയ സ്ലാബ് നിർമിച്ചാണു കെആർഎഫ്ബി (കേരള റോഡ് ഫണ്ട് ബോർഡ്) പ്രശ്നം പരിഹരിച്ചത്. പത്തംകുളം സീഡ്ഫാമിനു സമീപത്തെ കലുങ്കിനു മുകളിലെ സ്ലാബിന്റെ ഒരു ഭാഗം തകർന്നതു കഴിഞ്ഞ ദിവസം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി രണ്ടര വർഷം മുൻപു നിർമിക്കപ്പെട്ട
കലുങ്കു തകർന്നതു വിവാദമായതിനു പിന്നാലെ സ്ഥലം സന്ദർശിച്ച കെആർഎഫ്ബി അധികൃതർ തകർന്ന ഭാഗം അന്നു രാത്രി തന്നെ പൊളിച്ചുനീക്കി ഗതാഗതം ഒരുഭാഗത്തു കൂടി മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. നേരത്തെ റോഡ് നിർമാണത്തിന്റെ ചുമതലയുണ്ടായിരുന്ന കരാറുകാരനെ കൊണ്ടുതന്നെ പുതിയ സ്ലാബ് നിർമിച്ചു സ്ഥാപിച്ചാണു പ്രശ്നം പരിഹരിച്ചത്.
ഈഭാഗം ഒരു മാസത്തിനകം ഗതാഗതത്തിനു തുറന്നുകൊടുത്തേക്കും.10 മീറ്റർ വീതിയുള്ള കലുങ്ക് നേരത്തെ 2 ഘട്ടങ്ങളിലായാണു നിർമിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ പണി പൂർത്തിയായ ഭാഗത്താണു തകർച്ച.
ഇതോടെയാണു നാലു മീറ്റർ ഭാഗത്തെ സ്ലാബ് പൊളിച്ചുനീക്കി ഗതാഗതം വിലക്കിയത്. അതേസമയം, വാണിയംകുളം–കോതകുറുശ്ശി റോഡ് നവീകരണ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായ ശേഷം 2 വർഷത്തോളമായി പണി നിലച്ച അവസ്ഥയാണ്.
ജലജീവൻ മിഷന്റെ പൈപ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റിക്കു കൈമാറ്റം ചെയ്യപ്പെട്ട റോഡ്, പണി പൂർത്തിയാക്കി തിരിച്ചു കെആർഎഫ്ബിക്കു കൈമാറുമ്പോഴേക്കും കരാർ ഏറ്റെടുത്ത തുകയ്ക്കു പണി പൂർത്തിയാക്കാനാകില്ലെന്ന് അറിയിച്ചു കരാറുകാരൻ പിൻമാറുകയായിരുന്നു. പുതിയ കരാറുകാരനെ കണ്ടെത്താൻ ടെൻഡർ ക്ഷണിക്കാൻ നടപടി തുടങ്ങിയിരിക്കെയാണു കലുങ്ക് തകർന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]