ഒറ്റപ്പാലം∙ അപകടങ്ങൾ പതിവായി മാറിയ പാലപ്പുറം ചിനക്കത്തൂർക്കാവ് പരിസരത്തു കാൽനടയാത്രക്കാർക്കു സുരക്ഷിതമായി റോഡ് കുറുകെ കടക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യം. പാലക്കാട്–കുളപ്പുള്ളി പ്രധാന പാതയിലെ സ്ഥിരം അപകടമേഖലകളിൽ ഒന്നാണിത്. തിരക്കേറിയ ഭാഗത്തു വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതാണു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം കാറിടിച്ചു പാലപ്പുറം സ്വദേശിയായ നിർമാണത്തൊഴിലാളി മരിച്ചത് ഇവിടെയാണ്.
കഴിഞ്ഞ മാർച്ചിൽ റോഡ് കുറുകെ കടക്കുകയായിരുന്ന ആന പാപ്പാനും വാഹനാപകടത്തിൽ മരിച്ചിരുന്നു. യാത്രക്കാർക്കു പരുക്കേറ്റ അപകടങ്ങളും ഏറെ.
റോഡിനു താരതമ്യേന വീതി കൂടിയ ഇവിടെ പാതയൊന്നു കുറുകെ കടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണെന്നു പ്രദേശവാസികൾ പറയുന്നു. ദിവസവും ചിനക്കത്തൂർക്കാവിലേക്ക് എത്തുന്ന ഭക്തരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികളും ഉൾപ്പെടെ റോഡ് കുറുകെ കടക്കാൻ പ്രയാസപ്പെടുന്നു.
നിലവിൽ റോഡിനു കുറുകെ സീബ്രാ ലൈൻ ഉണ്ടെങ്കിലും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ഇതു പര്യാപ്തമല്ലെന്നാണു പരാതി. വേഗനിയന്ത്രണം കർശനമാക്കാൻ സ്പീഡ് ബ്രേക്കർ പോലുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
പൊലീസ് നിരീക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]