
‘ഇനി ഒരു കുഞ്ഞും പാമ്പുകടിയേറ്റു മരിക്കരുത്’: രവീന്ദ്രൻ പാമ്പുപിടിത്തക്കാരനായി; മകന്റെ ഓർമയ്ക്ക്, മക്കളുടെ രക്ഷയ്ക്ക്
പാലക്കാട് ∙ പാമ്പ് മരണത്തിലേക്കു കൊത്തിയെടുത്ത മകനാണു മനസ്സിൽ, ഇനിയൊരു കുഞ്ഞും പാമ്പുകടിയേറ്റു മരിക്കരുതെന്ന ആഗ്രഹവുമുണ്ട്; അങ്ങനെ രവീന്ദ്രൻ പാമ്പുപിടിത്തക്കാരനായി. ഇന്നലെ വനംവകുപ്പിന്റെ പാമ്പുപിടിത്ത പരിശീലനത്തിനെത്തിയവരോടു മലമ്പുഴ അകമലവാരം സ്വദേശി കെ.രവീന്ദ്രൻ തന്റെ മകനെക്കുറിച്ച് പറഞ്ഞു.
തനിക്കും ഭാര്യയ്ക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ, പാമ്പുകടിയേറ്റു മരിച്ച നാലുവയസ്സുകാരൻ മകൻ അദ്വിഷ് കൃഷ്ണനെക്കുറിച്ച്. ഒരു നിമിഷം സദസ്സ് സ്തംഭിച്ചു.
മൗനം മുറിച്ചുകൊണ്ടു രവീന്ദ്രന്റെ ശബ്ദം മുഴങ്ങി: ‘ഇനി ഒരു കുഞ്ഞും പാമ്പുകടിയേറ്റു മരിക്കരുത്.’ പാലക്കാട് ഐഐടിയിൽ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രൻ എഴുത്തുപരീക്ഷയും പ്രായോഗിക പരിശീലനവും വിജയകരമായി പൂർത്തിയാക്കിയാണു വനംവകുപ്പിന്റെ അംഗീകൃത പാമ്പുപിടിത്തക്കാരനായത്. വീടുകളിലും മറ്റും എത്തുന്ന പാമ്പുകളെ ഇനി രവീന്ദ്രൻ സൗജന്യമായി പിടികൂടും.
പാമ്പുകളെക്കുറിച്ചു ക്ലാസും നൽകും. രവീന്ദ്രൻ പരിശീലിക്കുന്നതു കാണാൻ ഭാര്യ ബിബിതയും മൂത്ത മകൻ 12 വയസ്സുകാരൻ അദ്വൈത് കൃഷ്ണനും എത്തിയിരുന്നു.
2022 ജൂലൈ 9നാണു രവീന്ദ്രനും ബിബിതയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന മകൻ അദ്വിഷ് കൃഷ്ണയ്ക്കു പാമ്പുകടിയേറ്റത്. വീടിന്റെ മേൽക്കൂരയിൽ നിന്നു പാമ്പ് അദ്വിഷിന്റെ മുഖത്തേക്കു വീഴുകയായിരുന്നു.
നിലവിളികേട്ടു മാതാപിതാക്കൾ ഉണർന്നപ്പോൾ കുട്ടിയുടെ മൂക്കിൽ ചോരപ്പാടുകൾ കണ്ടു. ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജില്ലാ ആശുപത്രിയിൽ നിന്ന് അന്ന് ആംബുലൻസ് ലഭിക്കാൻ വൈകിയിരുന്നു. മൂത്ത മകൻ അദ്വൈത് അന്നു മുത്തശ്ശിയുടെ ഒപ്പമായിരുന്നു കിടന്നിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]