കൊല്ലങ്കോട് ∙ പൂട്ടിക്കിടന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് 44.5 പവൻ സ്വർണാഭരണങ്ങളും 50 ഗ്രാം വെള്ളിയും കവർന്നു. ഊട്ടറ വാട്ടയാർ നാരായണ മംഗലത്ത് മനയിൽ എം.എൻ.നരേഷ്കുമാർ – പ്രീത ദമ്പതികളുടെ വീട്ടിലാണു തിങ്കളാഴ്ച അർധരാത്രി മോഷണം നടന്നത്.
ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോയിരുന്ന സമയത്തായിരുന്നു കവർച്ച. ചൊവ്വാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്ന കാര്യം അറിഞ്ഞത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു മോഷണം പോയത്.
17 വളകൾ, 4 മാലകൾ, 2 നെക്ലേസ്, താലിക്കൂട്ട്, 3 സ്വർണ നാണയം ഉൾപ്പെടെ 49 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണു നഷ്ടമായത്. ബാഗുമായി എത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മുഖം മറച്ചതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മുഖത്തു മാസ്ക്കിട്ട് തലയിൽ തൊപ്പിയും കയ്യിൽ ഗ്ലൗസും ധരിച്ച് മുണ്ടു മടക്കിക്കുത്തി വന്ന മോഷ്ടാവിന് 50 വയസ്സു തോന്നിക്കും.
മുൻവശത്തെ വാതിലിലൂടെ അകത്തു കടക്കുന്നതും അതേ വാതിലിലൂടെ പുറത്തു കടക്കുന്നതും കാണുന്നുണ്ട്. പ്രധാന അലമാര കൂടാതെ മറ്റു ഷെൽഫുകളിലെ തുണികളും മറ്റു ചെറിയ പെട്ടികളുമെല്ലാം തുറന്നു വാരിവലിച്ചിട്ടുണ്ട്.
ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ രണ്ടു ദിവസം മുൻപാണ് എടുത്തത്.
പാലക്കാട്ടു നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കുമെന്നും മോഷ്ടാവ് വന്ന വഴികളിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
പാലക്കാട് ഡിവൈഎസ്പി ഷാജു, പൊലീസ് ഇൻസ്പെക്ടർ അബ്ബാസ് അലി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധനകൾക്കു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

